ചെങ്ങന്നൂര്‍: കേരളത്തിലെ, പ്രത്യേകിച്ച് വനവാസി മേഖലയിലെ ശിശുമരണ നിരക്ക് സോമാലിയ രാജ്യത്തേക്കാള്‍ ഭീകരമാണെന്ന് നരേന്ദ്ര മോദി പറഞ്ഞത് വാസ്തവമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യോഗം ചെങ്ങന്നൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദിവാസി മേഖലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ തനിക്ക് ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടു. മാത്രമല്ല ആദിവാസി നേതാവായ സി.കെ. ജാനുവും ഇക്കാര്യം തന്നോട് സൂചിപ്പിച്ചിട്ടുണ്ട്. ജനാധിപത്യം വന്ന് 60 വര്‍ഷം പിന്നിട്ടിട്ടും ഇതിന്റെ ഗുണഫലം കാടിന്റെ മക്കള്‍ക്ക് ലഭിച്ചിട്ടില്ലാ. മോദി പറഞ്ഞ സത്യത്തെ ദുര്‍വ്യാഖ്യാനം നടത്തി ന്യൂനപക്ഷ പ്രീണനം നടത്തുന്ന ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഈ കുതന്ത്രം വിലപ്പോവില്ല. സാമൂഹ്യനീതി നടപ്പിലാക്കാത്തതാണ് പ്രധാനപ്രശ്നം. ജാതി വിവേചനമാണ് ജാതിചിന്തക്ക് അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
സത്യത്തിന്റെയും നീതിയുടെയും ധാര്‍മ്മികതയുടെയും മുഖംമൂടി അണിഞ്ഞു നടക്കുന്ന വി.എസ്. അച്യുതാന്ദന് സ്വന്തം മകന്റെ പേരില്‍ എത്ര കേസുണ്ടെന്ന് വ്യക്തമാക്കണം. ഭരണമോഹിയായ അച്യുതാനന്ദനും ന്യൂനപക്ഷ പ്രീണനത്തിനായി തന്നെ നിരന്തരം അവഹേളിക്കുന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും കുലംകുത്തികളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അഴിമതിക്കാരായ മന്ത്രിമാരെ ഒഴിവാക്കണമെന്നു പറഞ്ഞ സുധീരനാണ് ഇന്ന് അവര്‍ക്കുവേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. ഗുരുവിന്റെ ആദര്‍ശങ്ങളാണ് തങ്ങളുടെതെന്ന് പറയുമ്പോഴും ശ്രീനാരായണ ഗുരുവിനെ കഴുത്തില്‍ കയറിട്ട് കുരിശില്‍ തറച്ചവര്‍ക്ക് തെരഞ്ഞെടുപ്പില്‍ അര്‍ഹമായ ശിക്ഷനല്‍കണം.
മെട്രൊയും മൈക്രോയും തമ്മിലുള്ള വ്യത്യാസം അറിയാത്ത ആളാണ് അച്യുതാനന്ദന്. ദുര്‍വ്യവഹാരം നടത്തുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ഫൂലന്‍ദേവിയെ ജയിപ്പിച്ച നാട്ടില്‍ വിഎസ് ജയിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. മാധ്യമങ്ങള്‍ നല്കിയ കാറ്റുകൊണ്ട് വീര്ത്തുനില്ക്കുന്ന ബലൂണാണ് അച്യുതാനന്ദന്.
ആരുടെയും അവകാശം പിടിച്ചുപറ്റാനല്ല മറിച്ച് ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയവും, സാമ്പത്തികവും, സാമൂഹ്യവുമായ നീതി ലക്ഷ്യമാക്കിയാണ് നായാടി മുതല്‍ നമ്പൂതിരി വരെയുള്ള വിഭാഗത്തെ കോര്‍ത്തിണക്കി ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപീകരിച്ചത്. എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളേയും വിജയിപ്പിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യൂണിയന് പ്രസിഡന്റ് അഡ്വ.കെ. സന്തോഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം ലീഗല്‍ അഡൈ്വസര്‍ അഡ്വ. എ.എന്‍. രാജന് ബാബു, യൂണിയന് സെക്രട്ടറി അനു സി. സേനന്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, എസ്എന്‍ഡിപിയോഗം മാവേലിക്കര യൂണിയന് പ്രസിഡന്റ് സുരേഷ് ബാബു, ബിഡിജെഎസ് താലൂക്ക് പ്രസിഡന്റ് പ്രകാശ് നമ്പൂതിരി, സെക്രട്ടറി അഭിലാഷ് പഞ്ചവടി, സുരേന്ദ്രന് ആല, രാജേഷ് മുടിയില്‍, രവി ആല, മോഹനന്, യൂണിയന് വൈസ് പ്രസിഡന്റ് പി.ഡി. ശ്രീനിവാസന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: