വോട്ടെടുപ്പ് കഴിഞ്ഞാല്‍ വിഎസിന്റെ വഴി പാര്‍ട്ടിക്ക് പുറത്തേക്ക്

Friday 13 May 2016 1:02 am IST

കണ്ണൂര്‍: 16 ന് വോട്ടെടുപ്പ് കഴിഞ്ഞാല്‍ വി.എസ്.അച്ചുതാനന്ദന് പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി തുറക്കുമെന്നുറപ്പായി. പോളിറ്റ്ബ്യൂറോയില്‍ നിന്നും പുറത്താക്കപ്പെട്ട അച്ചുതാനന്ദനെ സിപിഎം നേതൃത്വം സംസ്ഥാന കമ്മറ്റിയില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പാര്‍ട്ടി അണികളെയും വി.എസ് അനുകൂലികളെയും ബോധപൂര്‍വ്വം വഞ്ചിക്കാനായി സംസ്ഥാന കമ്മറ്റിയംഗം പോലുമല്ലാത്ത വിഎസിനെ കേന്ദ്ര കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് എന്ന ഇല്ലാത്ത പോസ്റ്റ് നല്‍കിയത്. ഇഷ്ടക്കാരനായ സീതാറാം യെച്ച്യൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ എല്ലാം ശരിയാക്കുമെന്ന ധാരണ വിഎസിന് നല്‍കുകയും ചെയ്തു. പിണറായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് വ്യക്തമാക്കാതെ മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കുമെന്ന് യെച്ചൂരി പറയുകയും മലമ്പുഴയില്‍ മത്സരിക്കാന്‍ വിഎസിന് അവസരമൊരുക്കുകയും ചെയ്തു. മുഖ്യമന്ത്രിയാവാനുളള മോഹം അവസാനിക്കാത്ത വിഎസ് അതുകൊണ്ടുതന്നെ തെക്ക് നിന്ന് വടക്കുവരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുത്തു. സിപിഎമ്മിലെ വേറിട്ട നേതാവെന്ന നിലയിലാണ് ഇത്രയും നാള്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിനെ മുള്‍മുനയിലാക്കി വി.എസ്. അച്ചുതാനന്ദന്‍ പറയാന്‍ പാടില്ലാത്തത് പോലും പറഞ്ഞത്. എന്നാല്‍ അവയൊക്കെ വിഴുങ്ങിയാണ് പിണറായി വിജയന് വേണ്ടി ധര്‍മ്മടത്തും പാര്‍ട്ടി എതിരാളികള്‍ പോലും പറയാത്ത രീതിയില്‍ വിമര്‍ശിച്ച എം.സ്വരാജിന് വേണ്ടി തൃപ്പൂണിത്തുറയില്‍ പോലും വി.എസ് വോട്ടഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ പാര്‍ട്ടി പത്രം പിണറായിയെ വരും മുഖ്യമന്ത്രി എന്ന നിലയിലാണ് ഇതേവരെ അവതരിപ്പിച്ചിരുന്നത്. എങ്കിലും ആശ കൈവിടാതെ വി.എസ് താനാണ് മുന്‍പനെന്ന നിലയില്‍ തന്നെ പ്രചാരണ രംഗത്ത് സജീവമായി, ഏക പ്രതീക്ഷ യെച്ചുരിയില്‍ വെച്ചുകൊണ്ടുതന്നെ. എന്നാല്‍ വി.എസിന്റെ സ്ഥാനം സംബന്ധിച്ച് ആകാംക്ഷയുണ്ടെന്നാണ് സീതാറാം യെച്ചൂരിതന്നെ ഇപ്പോള്‍ തുറന്നു സമ്മതിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ യെച്ചൂരിയുടെ ഈ അഭിപ്രായം വിഎസിന്റെ ഇടത് രാഷ്ട്രീയഭാവിയെക്കുറിച്ചാണ് വിരല്‍ചൂണ്ടുന്നത്. വി.എസിനെതിരായ സിപിഎം സംസ്ഥാന കമ്മറ്റിയുടെ പ്രമേയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന പിണറായി വിജയന്റെ വെളിപ്പെടുത്തലും വിഎസിന്റെ കാര്യത്തില്‍ യെച്ചൂരിയുടെ പരാമര്‍ശത്തെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ നടത്തിയ ഒഴുക്കന്‍ മട്ടിലുള്ള മറുപടിയും ഇവിടെ കൂട്ടിവായിക്കാം. ഇവയെല്ലാം തെരഞ്ഞെടുപ്പിന് ശേഷം വിഎസിന്റെ പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി തുറക്കലായിട്ടാണ് മാറുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.