മോഹന്‍ ലാലിന്റെ വോട്ട് പിടിത്തം; സലിംകുമാര്‍ ‘അമ്മ’ വിട്ടു

Friday 13 May 2016 11:38 am IST

കൊച്ചി: സിനിമാ താരം സലിം കുമാര്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്നു രാജിവച്ചു. പത്തനാപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഗണേഷ്കുമാറിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണു രാജി. രാജിക്കത്ത് അമ്മയുടെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്ക് അയച്ചു കൊടുത്തു. താരമണ്ഡലങ്ങളില്‍ പോയി പക്ഷംപിടിക്കരുതെന്ന് അമ്മ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അത് ലംഘിച്ചാണ് പത്തനാപുരത്ത് മോഹന്‍‌ലാല്‍ പോയത്. മോഹന്‍ലാല്‍ പത്തനാപുരത്ത് സന്ദര്‍ശനം നടത്തിയതില്‍ വേദനയുണ്ടെന്ന് ജഗദീഷ് എന്നോട് നേരിട്ട് പറഞ്ഞു. എന്തിന്റെ പേരിലായാലും കലാകാരന് നട്ടെല്ലുണ്ടായിരിക്കണം. അല്ലാതെ താല്‍ക്കാലിക ലാഭത്തിന് വേണ്ടിയാകരുതെന്നും സലിംകുമാര്‍ പറഞ്ഞു. ഈ സംഘടനയില്‍ ഇനി തുടരുന്നതില്‍ അര്‍ഥമില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് തീരുമാനം. അമ്മ സംഘടനയിലെ രണ്ട് താരങ്ങള്‍ തന്നെയാണ് പത്തനാപുരത്ത് ഗണേഷിന് എതിരായി മല്‍സരിക്കുന്നത്. ജഗദീഷിനെയും ഭീമന്‍ രഘുവിനെയും ഈ സംഭവം എത്രത്തോളം വേദനപ്പിച്ചിട്ടുണ്ടാകും. അമ്മയിലെ സാധാരണ മെമ്പര്‍മാര്‍ക്ക് നീതി ലഭിക്കണമെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് അനുഭാവിയായ സലീംകുമാർ പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. അതേസമയം പത്തനാപുരത്ത് കെ.ബി.ഗണേഷ് കുമാറിന് വേണ്ടി മോഹൻലാൽ പ്രചാരണത്തിന് ഇറങ്ങിയതിന് എതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ജഗദീഷ് രംഗത്തെത്തി. തന്റെ അടുത്ത സുഹൃത്തായ മോഹൻലാൻ ഇത്തരത്തിൽ പക്ഷം പിടിച്ചത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും ഇതിൽ തനിക്ക് വേദനയുണ്ടെന്നും ജഗദീഷ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.