ആത്മവിശ്വാസത്തോടെ എന്‍ഡിഎ

Friday 13 May 2016 8:49 pm IST

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് നാള്‍കൂടി അവശേഷിക്കെ പത്തനംതിട്ട ജില്ലയില്‍ എന്‍ഡിഎ ആത്മവിശ്വാസത്തില്‍. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും അടക്കം പ്രമുഖരായ ദേശീയ നേതാക്കള്‍ പ്രചാരണത്തിന് നേതൃത്വം നല്‍കാനെത്തിയതോടെ എന്‍ഡിഎയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടുപോയി. അഞ്ച് മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമായതോടെ ഇടതു വലതു മുന്നണികള്‍ ഏറെ പ്രതിരോധത്തിലായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാരംഭഘട്ടത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മത്സരമാണ് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലുമെന്ന് മേനിനടിച്ചവര്‍ ഇപ്പോള്‍ അവഗണിക്കാനാവാത്ത ശക്തിയായി എന്‍ഡിഎ മാറിയതായും സമ്മതിക്കുന്നു. ജില്ലയില്‍ 10,25,172 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 5,43,163 പേരാണ് സ്ത്രീ വോട്ടര്‍മാര്‍. 4,82,009 പുരുഷവോട്ടര്‍മാരുമുണ്ട്. 6506 സര്‍വ്വീസ് വോട്ടര്‍മാരും ജില്ലയിലുണ്ട്. ജില്ലയിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലം ആറന്മുള. 2,27,943 വോട്ടര്‍മാരാണിവിടെയുള്ളത്. ഇതില്‍ 1,20,621 സ്ത്രീകളും 1,05,703 പുരുഷന്മാരുമുണ്ട്. അഞ്ചു നിയോജകമണ്ഡലങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരമാണ് ആറന്മുളയിലേത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംഎല്‍എ അഡ്വ.കെ. ശിവദാസന്‍ നായരും, എല്‍ഡിഎഫിലെ വീണാ ജോര്‍ജ്ജുമാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. വികസനത്തിന്റെ പേരില്‍ നാടിന്റെ പൈതൃകവും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നശിപ്പിക്കാനുള്ള ശ്രമത്തെ എതിര്‍ത്ത് തോല്‍പ്പിച്ച ജനകീയ സമരത്തിന്റെ മുന്നണി പോരാളിയും വികസനത്തിന്റെ പേരില്‍ പൈതൃകത്തേയും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നശിപ്പിക്കാന്‍ കൂട്ടുനിന്നവരുമാണ് തെരഞ്ഞെടുപ്പ് ഗോദയിലേറ്റുമുട്ടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റം കാഴ്ചവെച്ച ബിജെപി, ബിഡിജെഎസ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്‍ബലത്തോടെ മത്സരരംഗത്തുള്ളത് എല്‍ഡിഎഫിന്റെ പരമ്പരാഗത വോട്ടുബാങ്കുകളില്‍ സാരമായ ചോര്‍ച്ചയുണ്ടാക്കും. രണ്ടുവര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഇതുവരെ ബിജെപിയോട് അയിത്തം കല്‍പ്പിച്ചുനിന്ന മത ന്യൂനപക്ഷങ്ങളേയും മാറി ചിന്തിപ്പിക്കാന്‍ ഇടയാക്കി. ഇത് യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലും എന്‍ഡിഎയ്ക്ക് കടന്നുചെല്ലാന്‍ ഇടനല്‍കി. മണ്ഡലത്തിന്റെ വികസന പോരായ്മകള്‍ ചര്‍ച്ചാ വിഷയം ആകുന്നതും യുഡിഎഫിന് ക്ഷീണം. എല്‍ഡിഎഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ഉണ്ടായ അലോസരം ഇനിയും പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. പുറമേ ശാന്തമെന്ന് കരുതാമെങ്കിലും അടിയൊഴുക്കുകള്‍ ഏറെ. വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം തിരുവല്ല നിയോജക മണ്ഡലത്തിലാണ്. 2,08,798 വോട്ടര്‍മാരാണിവിടെയുള്ളത്. ഇതില്‍ 1,09,873 സ്ത്രീകളും 97,952 പുരുഷന്മാരുമാണുള്ളത്. മണ്ഡലത്തിന് ഏറെ സുപരിചിതനായ അക്കീരമണ്‍ കാളിദാസ ഭട്ടതിരിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സിറ്റിങ് എംഎല്‍എ എല്‍ഡിഎഫിലെ മാത്യു.ടി. തോമസും യുഡിഎഫിലെ ജോസഫ്.എം. പുതുശേരിയുമാണ് എതിരാളികള്‍. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിനടുത്ത് വോട്ടുകള്‍ ബിജെപി നേടിയിരുന്നു. ബിഡിജെഎസിന്റെ ശക്തമായ സാന്നിദ്ധ്യമാണ് തിരുവല്ലയില്‍ എന്‍ഡിഎയുടെ പ്രതീക്ഷകള്‍ക്കു ചിറകു നല്‍കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിലും കേരളാ കോണ്‍ഗ്രസിലും ഉണ്ടായ അപസ്വരങ്ങളും ക്രൈസ്തവ സഭകള്‍ക്കിടയിലുണ്ടായ മുറുമുറുപ്പും യുഡിഎഫിന് ഏറെ നഷ്ടമുണ്ടാക്കും. എല്‍ഡിഎഫിനുള്ളിലെ പടലപ്പിണക്കങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കാനായിട്ടില്ല. നിരവധി ക്ഷേത്രങ്ങളിലെ തന്ത്രി കൂടിയായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അക്കീരമണ്ണിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവും സാധാരണക്കാര്‍ക്കിടയിലുള്ള മതിപ്പും എന്‍ഡിഎയ്ക്ക് അനുകൂല ഘടകങ്ങള്‍. വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം അടൂര്‍ മണ്ഡലത്തിന.് 1,10,619 സ്ത്രീകളും 960,73 പുരുഷന്മാരുമടക്കം 2,08,432 വോട്ടര്‍മാരാണ് ഈ മണ്ഡലത്തിലുള്ളത്. വോട്ടര്‍മാരില്‍ 76 ശതമാനത്തോളം ഹിന്ദുക്കള്‍ ഉള്ള ഈ മണ്ഡലത്തില്‍ അഡ്വ.പി. സുധീറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സംവരണ മണ്ഡലമായ ഇവിടെ യുവത്വത്തിന്റെ ഊര്‍ജ്ജവുമായാണ് സുധീര്‍ മത്സരരംഗത്തുള്ളത്. എബിവിപി, യുവമോര്‍ച്ച തുടങ്ങിയ യുവജന പ്രസ്ഥാനങ്ങളിലെ അമരക്കാരനായതിന് ശേഷം ബിജെപി പട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റാണ് പി. സുധീര്‍. മണ്ഡലത്തിലെ പട്ടികജാതി-വര്‍ഗ്ഗ കോളനികളിലെ തീരാദുരിതങ്ങള്‍ ഇവിടെ ഭരണം കൈയാളിയിരുന്ന ഇടതു വലതു മുന്നണികളുടെ പരാജയം ഉറപ്പാക്കുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ സമാഹരിക്കാന്‍ ഇവിടെ ബിജെപിക്ക് കഴിഞ്ഞു. ബിഡിജെഎസിനും കെപിഎംഎസ് അടക്കമുള്ള ഘടകകക്ഷികള്‍ക്കും ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഈ മണ്ഡലത്തില്‍ മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളെക്കാളും ഒരുപടി മുന്നിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം. കോന്നി നിയോജകമണ്ഡത്തില്‍ അഡ്വ.ഡി.അശോക് കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മന്ത്രി അടൂര്‍ പ്രകാശ് യുഡിഎഫിലും സിപിഎമ്മിലെ അഡ്വ.ആര്‍. സനല്‍കുമാര്‍ എല്‍ഡിഎഫിലും മത്സരിക്കുന്നു. 1,96,309 വോട്ടര്‍മാരുള്ളതില്‍ 1,03,336 സ്ത്രീകളും 91,385 പുരുഷന്മാരുമാണുള്ളത്. ഭൂമിവിവാദമടക്കമുള്ള അഴിമതികള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നിറം കെടുത്തുമ്പോള്‍ കെട്ടിയിറക്കപ്പെട്ട സ്ഥാനാര്‍ത്ഥിയെന്ന ആരോപണമാണ് എല്‍ഡിഎഫിനെ വലയ്ക്കുന്നത്. എല്‍ഡിഎഫിനുള്ളില്‍ തന്നെ സിപിഐ, -സിപിഎം കിടമത്സരം തുടരുന്നു. പ്രചാരണത്തിന്റെ അവസാനഘട്ടം അകുമ്പോഴേക്കും ഇരുമുന്നണികള്‍ക്കൊപ്പമല്ല ഒരുപടി മുന്നിലാണ് എന്‍ഡിഎയുടെ പ്രചാരണം. ബിഡിജെഎസിന്റെ ജില്ലാ അദ്ധ്യക്ഷന്‍ കെ. പത്മകുമാറാണ് റാന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സിറ്റിങ് എംഎല്‍എ രാജു എബ്രഹാം എല്‍ഡിഎഫിനെയും മറിയാമ്മാ ചെറിയാന്‍ യുഡിഎഫിനെയും പ്രതിനിധീകരിക്കുന്നു. മണ്ഡലത്തിന്റെ വികസന പിന്നാക്കാവസ്ഥയാണ് കഴിഞ്ഞ നാലു തവണയായി റാന്നിയെ പ്രതിനിധീകരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്നോട്ടടിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരരംഗത്ത് ഏറെ പിന്നിലാണ്. നിലവില്‍ എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലാണ് റാന്നിയിലെ മത്സരം. എല്‍ഡിഎഫിന്റെ വോട്ട് ബാങ്കായിരുന്നവര്‍ ബിഡിജെഎസിന്റെ പതാകയ്ക്ക് കീഴില്‍ അണിനിരന്നത് റാന്നിയില്‍ മാറ്റത്തിന്റെ സന്ദേശം നല്‍കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.