അക്ഷയസംരംഭകര്‍ കോടതിയിലേക്ക് മലപ്പുറം ജില്ലയിലെ വായ്പ കുടിശിക എഴുതിത്തള്ളാന്‍ നീക്കം

Friday 19 May 2017 7:38 pm IST

കൊച്ചി: മലപ്പുറം ജില്ലയിലെ മാത്രം അക്ഷയ സംരംഭകരുടെ വായ്പ കുടിശിക എഴുതിത്തള്ളാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീക്കം വിവാദമാവുന്നു. മലപ്പുറം ജില്ലയില്‍ 2003 ല്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കാനായി വിവിധ സംരംഭകര്‍ എടുത്ത വായ്പയാണ് എഴുതിത്തള്ളുന്നത്. മുസ്ലിംലീഗ് ഭരിക്കുന്ന വ്യവസായ വകുപ്പിന്റെ ഈ ഉത്തരവിനെതിരെ അക്ഷയ സംരംഭകര്‍ക്ക് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കമ്പ്യൂട്ടര്‍ സാക്ഷരത പദ്ധതി നടത്തിപ്പിനായി ബാങ്കുകളില്‍നിന്നു വായ്പയെടുത്ത് അക്ഷയ കേന്ദ്രം തുടങ്ങിയ സംരംഭകര്‍ മിക്കവരും കടക്കെണിയിലായി കേന്ദ്രങ്ങള്‍ പൂട്ടേണ്ടിവന്നിരുന്നു. എന്നാല്‍, മലപ്പുറം ജില്ലയിലെ സംരംഭകരുടെ കുടിശിക മാത്രം എഴുതിത്തള്ളാനാണ് നീക്കം. സെന്ററുകള്‍ പൂട്ടിപ്പോയ സംരംഭകര്‍ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത ഒരു കോടിയിലധികം രൂപയുടെ കുടിശികയാണ് എഴുതിത്തള്ളുന്നത്. ഇതിനായി വിനിയോഗിക്കുന്നതാകട്ടെ സംസ്ഥാനത്തെമ്പാടുമുള്ള അക്ഷയ സംരംഭകര്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തിയതിലൂടെ ഐടി വകുപ്പിനു കിട്ടിയ തുക. രാപകലില്ലാതെ കഷ്ടപ്പെട്ടു നേടിയ തുക കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ വിറ്റു സെന്റര്‍ പൂട്ടിപ്പോയവരുടെ കടം എഴുതിത്തള്ളാന്‍ ഉപയോഗിക്കുന്നതാണ് അക്ഷയ സംരംഭകരെ വേദനിപ്പിക്കുന്നത്. സംരംഭകര്‍ക്കെതിരായ റവന്യൂ റിക്കവറി നടപടികള്‍ ഇടക്കാലത്തു സര്‍ക്കാര്‍ ഇടപെട്ടു നിര്‍ത്തിവെച്ചിരുന്നു. സംസ്ഥാനത്താകെയുള്ള സംരംഭകരുടെ കുടിശിക കണക്കുകള്‍ ശേഖരിക്കുകയും ചെയ്തു. 2003 ല്‍ ഒരേ അപേക്ഷകന്‍ തന്നെ രണ്ടോ അതിലധികമോ സെന്ററുകള്‍ ആരംഭിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ലഭ്യമാക്കുന്ന പദ്ധതി എന്ന നിലയ്ക്ക് വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ മടിച്ചില്ല. ഈ വായ്പ തുകയും പദ്ധതി തുകയും വിനിയോഗിച്ച ശേഷമാണ് ഇവരില്‍ പലരും നഷ്ടത്തിന്റെ കണക്കു കാണിച്ചു സെന്ററുകള്‍ പൂട്ടിയതെന്നു സംരംഭകരുടെ സംഘടന ആരോപിച്ചു. ഇതിന്റെ പിന്നില്‍ രാഷ്ട്രീയവും വര്‍ഗീയവുമായ താത്പര്യം മാത്രമാണുള്ളതെന്ന് ആരോപണം. സര്‍ക്കാരിന്റെ നയപരമായ തീരുമാനം കാത്തിരുന്നിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് സംഘടന കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.