കലാശക്കൊട്ടിന് ഇനി മണിക്കൂറുകള്‍ മാത്രം

Friday 13 May 2016 10:21 pm IST

കോട്ടയം: കലാശക്കൊട്ടിന് ഇനി മണിക്കൂറുകള്‍ മാത്രം. സ്ഥാനാര്‍ത്ഥികള്‍ ഓരോ വോട്ടും ഉറപ്പിക്കാനുള്ള അവസാനശ്രമത്തില്‍. നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി ഭരണമുന്നണിയും അതിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷവും ഇരുവരുടെയും ഒത്തുകളിയെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടി എന്‍ഡിഎയും ഒന്‍പത് മണ്ഡലങ്ങളിലും ഒപ്പത്തിനൊപ്പമാണ്. വലതുവശം ചേര്‍ന്ന് നടന്നിരുന്ന ജില്ല ഇക്കുറി പുതിയപാത വെട്ടിത്തുറക്കുമെന്ന സൂചനയുള്ളതിനാല്‍ വിശ്രമമില്ലാത്ത പ്രചാരണമാണ് അവസാന മണിക്കൂറുകളില്‍ അരങ്ങേറുന്നത്. അടിയൊഴുക്കുകള്‍ സ്വന്തം ചേരിയിലേക്കെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. അവിചാരിത മുന്നേറ്റങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുമ്പോള്‍തന്നെ പരസ്യപ്രചാരണത്തിന്റെ അവസാന രംഗം കൊഴുക്കുകയാണ്. മുന്‍പ് ഇടതും വലതും മുന്നണികള്‍ പങ്കിട്ടെടുത്തിരുന്ന മണ്ഡലങ്ങളില്‍ എന്‍ഡിഎ ശക്തമായ സാന്നിധ്യവും വെല്ലുവിളിയുമായി കഴിഞ്ഞു. ഇത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഇവിടെ പിഴവില്ലാത്ത ചുവടുവയ്പ്പുകളുമായാണ് എന്‍ഡിഎ സഖ്യം മുന്നേറുന്നത്. ജില്ലയില്‍ ഇടതിനൊപ്പം നിന്ന രണ്ടുമണ്ഡലങ്ങളിലും വിധി നിര്‍ണ്ണയിക്കുക എസ്എന്‍ഡിപിയുടെ വോട്ടാണ്. ഇവിടെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍തന്നെ മത്സരരംഗത്തുള്ളത് മുന്നണികളുടെ കണക്കുകൂട്ടലുകള്‍ മാറ്റിമറിച്ചേക്കാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് സ്ഥാാൃനാര്‍ത്ഥികള്‍ കളം നിറഞ്ഞത്. ഇന്ന് അഞ്ചുമണിയോടെയാണ് ശബ്ദപ്രചാരണം അവസാനിക്കുന്നത്. തുടര്‍ന്ന് നിശബ്ദപ്രചാരണമാണ്. അവസാനഘട്ടത്തിലെ ആര്‍പ്പ് വിളികളിലും അടിയൊഴുക്കുകളിലും കാല്‍വഴുക്കാതെ മുന്നേറാനുള്ള ശ്രമമാണ് സ്ഥാനാര്‍ത്ഥികള്‍ നടത്തുന്നത്. നാളെ വോട്ടൊപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തും. കാരണം ഏറ്റവും വലിയ ജനാധിപത്യ ബലപരീക്ഷണത്തിനാണ് കേരളം സാക്ഷിയാകുന്നത്. അതുകൊണ്ടുതന്നെ മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഓരോ നിമിഷവും വിലപ്പെട്ടതാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.