ബിഎസ്എഫ് ജവാന്‍ സംസ്ഥാനം വിട്ടതായി സൂചന

Friday 13 May 2016 10:31 pm IST

വടകര: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതി സംസ്ഥാനം വിട്ടതായി സൂചന. രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍ മീണ (31) യെ വെടിവെച്ച ഹെഡ്‌കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ഉമേഷ് പാല്‍ യാദവാണു രക്ഷപ്പെട്ടത്. ഉമേഷിന്റെ യൂണിഫോമും വെടിയുണ്ടകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇരിങ്ങല്‍ ഇസ്ലാമിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിഴക്ക് വശത്തെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. പട്ടാളക്കാര്‍ താമസിച്ചിരുന്ന കോട്ടക്കല്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിന് സമീപത്തെ വീട്ടില്‍ നിന്ന് വസ്ത്രം മാറ്റി, ദേശീയപാതയില്‍ ലോറിമാര്‍ഗം രക്ഷപ്പെട്ടതായാണ് വിവരം. വിമാനത്താവളങ്ങളിലും റയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. വടകര ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പയ്യോളി, വടകര സിഐമാരുടെ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പുലര്‍ച്ചെ രണ്ടു മുതല്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. കണ്ണൂരിലെ ബിഎസ്എഫ് കേന്ദ്രത്തില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. കോട്ടക്കല്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ ചാടികടന്നാണ് ഉമേഷ് രക്ഷപ്പെട്ടത്. സ്‌കൂളിന്റെ തെക്ക് കിഴക്കെ മൂലയിലുള്ള മതിലിന്റെ പുറത്തായി കാല്‍പ്പാടുകള്‍ പൂഴിയില്‍ പതിഞ്ഞിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.