ജിഷ കൊലക്കേസില്‍ സിബിഐ വരട്ടെ

Monday 16 May 2016 10:47 pm IST

കേരളത്തെ നടുക്കിയ ജിഷ കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമുണ്ടെന്നുള്ള കേന്ദ്ര വനിത കമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് രണ്ടാഴ്ച പിന്നിട്ടിട്ടും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ കീഴിലുള്ള പോലീസ് കേസ് തെളിയിക്കുന്നതില്‍ കാണിക്കുന്ന ഗുരുതരമായ അനാസ്ഥ. കേരള പോലീസിന്റെ ഭാഗത്ത് അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് ജിഷ കൊലപാതക കേസ് സിബിഐയ്ക്ക് കൈമാറണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കമ്മീഷനും ആവശ്യപ്പെട്ടിരിക്കുന്നു. കമ്മീഷന്റെ അധ്യക്ഷന്‍ ഒരു കോണ്‍ഗ്രസുകാരനായിട്ടും ഈ ആവശ്യം ഉയര്‍ത്തിയത് കേരള സര്‍ക്കാരിന് നാണക്കേടായിരിക്കുകയാണ്. ലളിതാ കുമാരമംഗലം ഇത് ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിക്കഴിഞ്ഞു. കേരള പോലീസിന്റെ അന്വേഷണം നിഷ്പക്ഷമായിരിക്കില്ല എന്ന ഉറച്ചവിശ്വാസമാണ് ഇവര്‍ക്കുള്ളത്. പോലീസ് എടുത്ത നടപടികളും ഇത് സ്ഥിരീകരിക്കുന്നു. പുനര്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അവസരം നല്‍കാതെ പോലീസ് ജിഷയുടെ മൃതശരീരം തിടുക്കത്തില്‍ ദഹിപ്പിക്കുകയായിരുന്നു. ജിഷയുടെ കൊലപാതകം നടന്ന വീട് മുദ്രവെച്ച് സൂക്ഷിക്കാതെ തെളിവുകള്‍ നശിപ്പിക്കാന്‍ പോലീസ് ബോധപൂര്‍വം കൂട്ടുനിന്നുവെന്ന ആരോപണവും ഉയരുകയുണ്ടായി. കൊലയാളി ഊരിവച്ചിരുന്ന, വിരലടയാളം പതിഞ്ഞ ബള്‍ബ് തിരികെ ഇട്ടതിലൂടെ നിര്‍ണായകമായ തെളിവാണ് പോലീസ് നശിപ്പിച്ചത്. നാടിനെ നടുക്കിയ കൊലപാതകമായിട്ടും ഇത് നടത്തിയവരാരെന്ന് കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ഒരുനാട്ടിലുള്ള മുഴുവന്‍ ആളുകളുടെയും വിരലടയാളവും മറ്റും പരിശോധിച്ച് സമയം കളയുന്നതല്ലാതെ യഥാര്‍ത്ഥ പ്രതിയിലേക്ക് നീളുന്ന യാതൊരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല. പ്രതി വലയിലാണ്, ഉടന്‍ അറസ്റ്റിലാവും എന്നൊക്കെ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും നാട്ടുകാര്‍ക്ക് ഇതിലൊന്നും വിശ്വാസമില്ല. ഈ സാഹചര്യത്തില്‍ കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യത്തോട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുഖംതിരിക്കുന്നത് പല സംശയങ്ങള്‍ക്കും ഇടവരുത്തിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കുറെപ്പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും വിരലടയാളംപോലും സ്ഥിരീകരിക്കാതെ പോലീസ് നാണംകെട്ടിരിക്കുകയാണ്. ജിഷ കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് പതിനാറുദിവസമായിട്ടും പോലീസുകാര്‍ തെളിവിനുവേണ്ടി പരക്കംപായുന്നത് കാണുന്ന ജനങ്ങള്‍ കടുത്ത അമര്‍ഷത്തിലാണ്. പെരുമ്പാവൂരിനെയും കേരളത്തെയും മാത്രമല്ല, ഭാരതത്തെ മുഴുവന്‍ ഈ മൃഗീയ കൊലപാതകം ഞെട്ടിക്കുകയുണ്ടായി. ദല്‍ഹിയില്‍ 'നിര്‍ഭയ' എന്ന പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ലോകത്തെ നടുക്കിയെങ്കില്‍ ജിഷയുടെ ബലാത്സംഗ-കൊലപാതകവും, മൃതശരീരത്തില്‍ ഏല്‍പ്പിച്ച ഭീകരമായ മുറിവുകളും മറ്റും മനുഷ്യന്‍ എന്ന പദത്തിനുപോലും കൊലയാളിയെ അര്‍ഹനാക്കുന്നില്ല. മൃഗം എന്നു വിശേഷിപ്പിച്ചാല്‍ മൃഗങ്ങള്‍ക്ക് അപമാനമായിരിക്കും. മൃഗങ്ങള്‍ കൊല്ലുന്നത് ഭക്ഷണത്തിനാണല്ലോ. സമൂഹത്തിന്റെ താഴെത്തട്ടില്‍നിന്ന് പഠിച്ച് ഉന്നതസ്ഥാനത്തെത്താന്‍ മോഹിച്ച, കലാകാരികൂടിയായിരുന്ന ഈ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണം ദുരൂഹമായി തുടരുകയാണ്. ഏറെ നിഗൂഢത നിറഞ്ഞുനില്‍ക്കുന്ന ഈ കേസില്‍ പഴുതടച്ചുള്ള അന്വേഷണം തന്നെ സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതായിരുന്നു. പക്ഷെ അതുണ്ടായില്ല. ഈ കൊലപാതകം ഇടത്-വലത് മുന്നണി ഭരണത്തില്‍ കേരളത്തിലെ ദളിത് വിഭാഗങ്ങളുടെ അരക്ഷിതാവസ്ഥകൂടി തെളിയിക്കുന്നു. മാധ്യമവിചാരണയും ജനകീയ വിചാരണയും നേരിടുന്ന പോലീസ് ഇപ്പോള്‍ അവകാശപ്പെടുന്നത് അന്വേഷണം വ്യാപകമാക്കിയിരിക്കുന്നുവെന്നാണ്. പല നിഗൂഢ കേസുകളും തെളിയിച്ച പാരമ്പര്യമുള്ള കേരള പോലീസിന് ജിഷ കൊലപാതക കേസും തെളിയിക്കാനുള്ള ശേഷി ഉണ്ടെങ്കിലും രാഷ്ട്രീയ ബന്ധം ആരോപിക്കപ്പെടുന്ന കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയേറെയാണ്. ജിഷ കേസ് ഉയര്‍ത്തിയത് കേരളം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ സംസ്ഥാനമല്ലാതാകുകയാണോ എന്ന ഭീതിയാണ്. സമീപകാലത്ത് കേരളത്തില്‍ ബലാത്സംഗങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചുവരികയാണല്ലൊ. ജിഷയുടെ മൃതദേഹത്തെപ്പോലും വികൃതമാക്കിയ രീതി കാണുമ്പോള്‍ കേരളത്തിന് സാക്ഷരതയും സംസ്‌കാരവും ഉണ്ടായിട്ട് എന്ത് കാര്യം എന്ന് തോന്നിപ്പോകുന്നു. ഈ കേസിന്റെ അന്വേഷണം ത്വരിതഗതിയിലാക്കി കൊലയാളിയെ എത്രയുംവേഗം പിടിക്കേണ്ടത് ഓരോ മലയാളിയുടെയും ആവശ്യമായി മാറിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.