വനവാസികളുടെ ഭൂമിക്ക് എന്ത് സംഭവിച്ചു?

Saturday 14 May 2016 7:49 am IST

കേരളത്തിലെ വനവാസി സമൂഹത്തിലെ ഭൂരിഭാഗം കുടുംബങ്ങളും ഭൂരഹിതരാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങള്‍ ഒറ്റമുറി വീടുകളില്‍ അന്തിയുറങ്ങുന്നു. ദയനീയ ജീവിതം നയിക്കുന്ന വനവാസി സമൂഹത്തിന്റെ ഈ ദുഃസ്ഥിതി ചര്‍ച്ചചെയ്യപ്പെടാതെ പോകരുത്. ആറുപതിറ്റാണ്ടായി പ്രബലമായ രണ്ട് മുന്നണികള്‍ മാറി മാറി ഭരിച്ച കേരളത്തില്‍ ദളിത്-വനവാസി സമൂഹങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു. 1976 ല്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം എന്ന പേരില്‍ വനവാസി ക്ഷേമത്തിനായി ഓഫീസ് തുറന്നു. 1987-90 കാലഘട്ടത്തില്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പട്ടയമേളകള്‍ സംഘടിപ്പിച്ചു. കണ്ണൂരിലെ ആറളം ഹാളില്‍ വനവാസി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. 5000 ഹെക്ടര്‍ വിസ്തൃതിയുള്ള ആറളം ഫാമില്‍ 2000 ഹെക്ടര്‍ ഭൂമി താമസത്തിനും 3000 ഹെക്ടര്‍ കൃഷിക്കുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ കൊട്ടിഘോഷിച്ച മേളകളിലൂടെ കിട്ടിയ പട്ടയങ്ങളില്‍ സര്‍വേ നമ്പറുകള്‍ ഇടാതെയും പല പട്ടയങ്ങളിലും ഒരേ സര്‍വേ നമ്പരുകള്‍ വന്നതിനാലും വില്ലേജ്, പഞ്ചായത്ത്, താലൂക്ക്, രജിസ്ട്രാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവ് എത്താത്തതിനാലും ഈ മേളകളെല്ലാം പാഴായി. അടിസ്ഥാന സൗകര്യങ്ങള്‍ കിട്ടാതെ നട്ടംതിരിഞ്ഞ വനവാസികള്‍ അവരുടെ പഴയ ലാവണത്തിലേക്ക് തിരിച്ചുപോയി. ആറളം ഫാമിലെ 3000 ഹെക്ടര്‍ പിന്നീട് സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് പാട്ടത്തിനു നല്‍കി. 1977 ലെ വനവകാശ നിയമം നിലവില്‍ വന്നതോടെ വനവാസികള്‍ കാടിന്റെ മക്കളല്ലാതായി; അവരെ കൈയേറ്റക്കാരായി വ്യാഖ്യാനിച്ചു. വനവാസികളോടുള്ള സര്‍ക്കാര്‍ വഞ്ചനയില്‍ മനംമടുത്ത് വയനാട്ടില്‍ നിന്നുള്ള നല്ലതമ്പി തേര എന്ന വ്യക്തി നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് 1993 ഒക്‌ടോബറില്‍ കേരളാ ഹൈക്കോടതിയുടെ ഉത്തരവില്‍-1975 ലെ വനവാസി ഭൂസംരക്ഷണ നിയമം ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. പല കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ ഇത് നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തി. സര്‍ക്കാര്‍ അനാസ്ഥക്കെതിരെ രോഷംകൊണ്ട കോടതി കേരളത്തിലെ പട്ടികജാതി/വര്‍ഗ പ്രിന്‍സിപ്പള്‍ സെക്രട്ടറിയോട് 1996 ആഗസ്റ്റ് മാസത്തിനുള്ളില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ആജ്ഞാപിച്ചു. കോടതി ഉത്തരവ് നടപ്പിലാക്കാതെ രണ്ടര വര്‍ഷം താമസിപ്പിച്ച സര്‍ക്കാര്‍, അതിനുള്ള കാരണവും ബോധിപ്പിച്ചു. വനവാസി ഭൂമി കയ്യേറിയിരിക്കുന്നത് വന്‍കിട കമ്പനികളും തോട്ടം ഉടമകളും സംഘടിത മതവിഭാഗങ്ങളും ആണെന്നും സ്വാധീനമുള്ള ഈ ശക്തികളില്‍നിന്നും ഭൂമി ഒഴിപ്പിച്ചെടുക്കുക അസാധ്യമാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ആഞ്ഞടിച്ച കോടതി 1996 ആഗസ്റ്റ് 14 ന് നല്‍കിയ കര്‍ശന നിര്‍ദ്ദേശത്തില്‍ ആറ് ആഴ്ചകള്‍ക്കകം അതായത് സപ്തംബര്‍ 30 നകം ആദിവാസി ഭൂമി കൈയേറ്റം ഒഴിപ്പിച്ച് യഥാര്‍ത്ഥ അവകാശികള്‍ക്ക് കൈമാറിയതിന്റെ രേഖകള്‍ കോടതി മുന്‍പാകെ സമര്‍പ്പിക്കുവാന്‍ ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. ഈ ഉത്തരവ് മറികടക്കുവാന്‍ എ.കെ.ആന്റണി സര്‍ക്കാര്‍ സെപ്തംബര്‍ 23 ന് ഈ നിയമം ഭേദഗതി ചെയ്ത് വനവാസികളെ ചതിച്ചു. 1996 നു ശേഷമുള്ള വനംകയ്യേറ്റങ്ങളെ ഒഴിപ്പിച്ചാല്‍ മതിയെന്നും അതിനുമുന്‍പുള്ളവയ്ക്ക് പട്ടയം നല്‍കുവാനും നിയമസാധുത നല്‍കിയതുവഴി 21 വര്‍ഷം നീണ്ട വനവാസികളുടെ പ്രതീക്ഷ നഷ്ടപ്പെടുകയായിരുന്നു. മാത്രവുമല്ല വ്യാപകമായി നടന്ന വനം കൈയേറ്റത്തെ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. കേരളത്തിലെ 35 വനവാസി ഗോത്രങ്ങളിലായി 10 ലക്ഷം ഏക്കര്‍ വനഭൂമി ഇതിനകം കൈയേറിയതായി സര്‍ക്കാര്‍ രേഖകള്‍ തന്നെ പറയുന്നു. ഈ ഭൂമിയെല്ലാം തട്ടിയെടുത്തവരും കൈയേറ്റക്കാരും പട്ടയങ്ങള്‍ സമ്പാദിച്ച് പ്രഭുക്കന്മാരായി. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച്, ട്രെയിനിങ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ ഡയറക്ടറായിരുന്ന പി.കെ.ജി മാത്തൂര്‍ ഇതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയുണ്ടായി. ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ പാവപ്പെട്ട വനവാസികളെ ചതിച്ച കഥ അദ്ദേഹം വിശേഷിപ്പിക്കുന്നത് 'ശാസ്ത്രീയമായ വഞ്ചനയുടെ ഉദാഹരണം' എന്നാണ്. 1999 ലും നായനാര്‍ സര്‍ക്കാര്‍ പട്ടയമേളകള്‍ നടത്തി. പഴയ പാഴ്‌വേല ആവര്‍ത്തിച്ചതല്ലാതെ വനവാസികള്‍ പുനരധിവസിക്കപ്പെട്ടില്ല. പട്ടയമേളകള്‍ക്ക് നിയമസംരക്ഷണം ഉണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രചാരണത്തിനപ്പുറം അതിന് ആധികാരികത ഉണ്ടായിരുന്നില്ല. പാലക്കാട് ജില്ലയിലെ പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 10 വര്‍ഷം ഭരിച്ച വനവാസി നേതാവ് കോയ മൂപ്പന്‍ ഈ തട്ടിപ്പിനെതിരെ പ്രതികരിച്ചു. ഒരേ സര്‍വേ നമ്പറില്‍ നിരവധി പട്ടയങ്ങളുണ്ടെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉത്തരവ് ചെന്നിട്ടില്ലെന്നും ഭൂമി കൃത്യമായി വില്ലേജില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കണ്ടെത്തി. തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ നടത്തിയ പട്ടയമേളകള്‍ കാപട്യങ്ങളായിരുന്നു എന്നത് വെളിവാക്കപ്പെട്ടു. 2001 ഒക്‌ടോബര്‍ 16 ന് മുഖ്യമന്ത്രി എ.കെ.ആന്റണി 'ആദിവാസി പുനരധിവാസ മിഷന്‍' രൂപീകരിച്ചു. സര്‍ക്കാര്‍ കണക്കുപ്രകാരം 52,000 കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയില്ലെന്ന് കണ്ടെത്തി. ആദ്യഗഡുവായി 19,000 ഏക്കര്‍ ഭൂമി വിതരണം ചെയ്യുവാനും അതിനായി ഏഴ് വ്യവസ്ഥകള്‍ അടങ്ങുന്ന 'ട്രൈബല്‍ പാക്കേജ്' പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടപ്പിലാകില്ലെന്നും തങ്ങളെ ചതിക്കുകയാണെന്നും തിരിച്ചറിഞ്ഞ വനവാസികള്‍ പല സ്ഥലത്തും സംഘടിക്കുകയും പ്രക്ഷോഭങ്ങള്‍ അക്രമാസക്തമാകുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഇതിനകം സംജാതമായി. വനവാസികളുടെ നഷ്ടപ്പെട്ട ഭൂമി തിരികെ നല്‍കണമെന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ വനവാസി സമൂഹങ്ങള്‍ സംഘടിച്ച് 'ആദിവാസി ഗോത്രമഹാസഭ'യ്ക്ക് രൂപം നല്‍കി. സി.കെ.ജാനു, എം.ഗീതാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പ്രക്ഷോഭങ്ങളുടെ ഫലമായി വയനാട്ടിലെ മുത്തങ്ങയില്‍ വനവാസികള്‍ ഭൂമി കൈയേറി താമസമാക്കി. സര്‍ക്കാരിന്റെ ചര്‍ച്ചകളും വാഗ്ദാനങ്ങളും അവരെ തൃപ്തരാക്കിയില്ല. ഭൂമി അനുവദിക്കാതെ പിന്മാറിയിരുന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. സര്‍ക്കാര്‍ വനവാസികളെ ശത്രുവായി പ്രഖ്യാപിച്ചു. 2003 ഫെബ്രുവരി 19 ന് മുത്തങ്ങയില്‍ പോലീസ് ആക്ഷന്‍ ഉണ്ടായി. വെടിവയ്പ്പില്‍ ഒരു വനവാസി മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് അതിക്രൂരമായി മര്‍ദ്ദനമേറ്റു. നിരവധി വനവാസികള്‍ക്ക് ഗുരുതരമായി പരിക്കുപറ്റി. രാജ്യാന്തര യുദ്ധമുഖത്തെന്നപോലെ കേരള പോലീസിന്റെ ആംഡ് വിഭാഗം നടത്തിയ അതിക്രമം ലോകത്തെ ഞെട്ടിച്ചു. ലോകം മുഴുവന്‍ സര്‍ക്കാര്‍ കാടത്തത്തിനെതിരെ പ്രതികരിച്ചു. മുത്തങ്ങ സംഭവത്തിനുശേഷം സര്‍ക്കാര്‍ ''ട്രൈബല്‍ റിഹാബിലിറ്റേഷന്‍ ആന്റ് ഡെവല്പമെന്റ് മിഷന്‍'' രൂപീകരിച്ചു. ഭൂമി ഏറ്റെടുത്തു നല്‍കുവാന്‍ പ്രീണനരാഷ്ട്രീയം കാരണം സര്‍ക്കാരുകള്‍ മടിച്ചു. 2004 ല്‍ കേന്ദ്രത്തിലെ വാജ്‌പേയി സര്‍ക്കാര്‍ 7840 ഹെക്ടര്‍ സ്ഥലം കേരള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് വിട്ടുനല്‍കി. എന്നാല്‍ അതില്‍ 3584 ഹെക്ടര്‍ സ്ഥലം 6841 കുടുംബങ്ങള്‍ക്കു മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ വിതരണം ചെയ്തത്. ഇതിനിടയ്ക്ക് വനവാസികള്‍ക്കായി അനുവദിച്ച പൂക്കോട് ഡയറി ഫാം ഭൂമിയില്‍നിന്നും 40 ഹെക്ടര്‍ സ്ഥലം കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാനായി സര്‍ക്കാര്‍ തിരികെ ഏറ്റെടുത്തു. 2011 ലും വനവാസിയുള്‍പ്പെടെയുള്ള വനഭൂമികള്‍ വന്‍തോതില്‍ കയ്യേറി കൃഷിയിടങ്ങള്‍, ഫാമുകള്‍, കരിങ്കല്‍ ക്വാറികള്‍, റിസോര്‍ട്ടുകള്‍ എന്നിവ സ്ഥാപിച്ചതായി ഐടിഡിപി ഉള്‍പ്പെടെയുള്ള വകുപ്പു മേധാവികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും വനവാസി പുനരധിവാസം ഇന്നും ഒരു മരീചിക മാത്രം...!! ചെങ്ങറയില്‍ സമരംചെയ്ത 5000 ല്‍ പരം വനവാസി കുടുംബങ്ങളില്‍നിന്നും 53 കുടുംബങ്ങളെ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് അട്ടപ്പാടിയില്‍ താമസിപ്പിച്ചു. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ഉറ്റവരെയും കൂടപ്പിറപ്പുകളെയും പിരിഞ്ഞ് 330 കി.മീ.ദൂരെ കുടിയിരുത്തുവാന്‍ സര്‍ക്കാര്‍ നടത്തിയ കുതന്ത്രം പൊളിഞ്ഞു. ചെങ്ങറ സമരം തകര്‍ക്കുകയായിരുന്നു സര്‍ക്കാര്‍ ഉദ്ദേശ്യം. പക്ഷെ 53 കുടുംബങ്ങളും തിരികെ സ്വന്തം സ്ഥലത്തേക്ക് വണ്ടികയറി. വനവാസികളോടുള്ള സര്‍ക്കാര്‍ നയമെന്തെന്ന് ഇത് വ്യക്തമാക്കുന്നു. 1980 കള്‍ക്കുശേഷം 28,000 ല്‍പ്പരം ഏക്കര്‍ വനഭൂമിയാണ് വയനാട്ടില്‍ സര്‍ക്കാര്‍ പട്ടയം നല്‍കിയത്. ഇടുക്കി ജില്ലയില്‍ 18,000 ഹെക്ടര്‍ ഭൂമിയുടെ പട്ടയവും വിതരണം നടത്തി. ഇതില്‍ ഒരു വനവാസിപോലും ഉള്‍പ്പെടുന്നില്ല. 1955 ല്‍ 12 ലക്ഷം വനവാസികളുണ്ടായിരുന്ന സംസ്ഥാനത്ത് ഇന്ന് നാലുലക്ഷം വനവാസികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ചില ഗോത്രങ്ങള്‍ അന്യംനിന്നു; ചിലവ വംശനാശഭീഷണിയിലുമാണ്. 150 എയ്ഡഡ് കോളേജുകളിലായി 7200 അധ്യാപകരില്‍ ആദിവാസിസമൂഹത്തില്‍നിന്നും ഒരാള്‍ മാത്രമാണുള്ളത്. സംവരണമില്ലാതെ ജോലിക്കുപോലും അര്‍ഹരാകുന്നില്ല അവര്‍. മത്സരാധിഷ്ഠിത സമൂഹത്തില്‍ ഈ പാവങ്ങള്‍ പിന്തള്ളപ്പെടുകയാണ്. കൂനിന്‍മേല്‍ കുരു എന്നപോലെ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി 268 പേരാണ് വനവാസി സംവരണജോലികള്‍ തട്ടിയെടുത്തത്. ഇതിനെതിരെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ നടപ്പിലാക്കാതെ അവഗണിച്ചു. വയനാട്ടിലെ വനവാസിഭൂമിക്കായി 50 കോടി രൂപ ട്രഷറിയില്‍ നിക്ഷേപിച്ചിട്ട് 15 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. സഹികെട്ട വനവാസി സമൂഹം നില്‍പ്പ്‌സമരവുമായി രംഗത്തുവന്നു. 2014 ജൂലായ് ഒന്‍പതിന് സെക്രട്ടറിയേറ്റിന് മുമ്പില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നില്‍പ്പ്‌സമരം ആരംഭിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ ആദിവാസിക്ഷേമവകുപ്പുമന്ത്രി ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു. 2014 ഒക്‌ടോബര്‍ ഒന്‍പതിന് കൂടുന്ന സംസ്ഥാന ക്യാബിനറ്റില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് സെപ്തംബറില്‍ മന്ത്രി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. വാഗ്ദാനലംഘനങ്ങളുടെ യുഡിഎഫ് സര്‍ക്കാര്‍ ഇതും പാലിക്കാതെ ആഴ്ചകള്‍ കടന്നുപോയി. 145 ദിവസങ്ങള്‍ കഴിഞ്ഞാണ് നില്‍പ്പ്‌സമരം പിന്‍വലിച്ചത്. എറണാകുളം ജില്ലയിലെ കോതമംഗലത്ത് പൂയംകുട്ടി വനത്തില്‍ വാരിയം, ഉറിയം മേഖലകളില്‍ 210 കുടുംബങ്ങളാണ് 14 കുടികളിലായി താമസിക്കുന്നത്. 2008 ല്‍ കേരളസര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ 939 ഏക്കര്‍ ഭൂമി വനംവകുപ്പിന് വിട്ടുനല്‍കി. പുനരധിവാസപാക്കേജ് നടപ്പിലാക്കാത്തതില്‍ കണ്ടംപാറ കോളനിയില്‍ കുടില്‍കെട്ടി താമസിക്കുന്ന ഗതികേടിലാണ് വനവാസികള്‍. സര്‍ക്കാര്‍ വഞ്ചനക്കെതിരെ വില്ലേജ്, പഞ്ചായത്ത്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ സമരവും ധര്‍ണയുംനടന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് 2014 ന് മുമ്പ് വനവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ചു. വാഗ്ദാനലംഘനം നടത്തിയ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചുകൊണ്ട് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആദിവാസികള്‍ തീരുമാനിച്ചു. രാഷ്ട്രീയക്കാരുടെ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ സഹകരിച്ച് ആദിവാസികളെ പതിവുപോലെ മുന്നണികള്‍ പറ്റിച്ചു. 2014 ല്‍ കേരള ഹൈക്കോടതി ആദിവാസിഭൂമി വിട്ടുനല്‍കുവാന്‍ ഇടക്കാല ഉത്തരവിറക്കി. 2015 ല്‍ മുഖ്യമന്ത്രി ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ചു. നേര്യമംഗലത്തും ഭൂമിക്കുവേണ്ടി ആദിവാസികള്‍ സമരത്തിലാണ്. ആറന്മുള വിമാനത്താവളത്തിനായി 232 ഏക്കര്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച് വന്‍വ്യവസായികള്‍ക്ക് പട്ടയം അനുവദിച്ചു. പെരിയാര്‍ ടൈഗര്‍ സംരക്ഷണ മേഖല, പശ്ചിമഘട്ട ജൈവവൈവിധ്യമേഖല, തണ്ണീര്‍ത്തടം, തീരദേശം, കൃഷിഭൂമി എന്നിവിടങ്ങളിലൊക്കെ പട്ടയം വിതരണംചെയ്ത് ഭൂമികച്ചവടക്കാര്‍ക്കും വ്യവസായികള്‍ക്കും ഫഌറ്റ് കമ്പനികള്‍ക്കും പതിച്ചുനല്‍കുവാന്‍ മുന്നിട്ടിറങ്ങുന്ന രാഷ്ട്രീയനേതാക്കള്‍ വനവാസികളുടെ അര്‍ഹമായ ഭൂമി വിട്ടുനല്‍കാതെ ചതിക്കുകയായിരുന്നു. പാലങ്ങളും റോഡുകളും കൊട്ടാരങ്ങളും പണിയുവാന്‍ കോടികള്‍ മുടക്കുന്ന നാട്ടില്‍ പാവപ്പെട്ടവരിന്നും ദരിദ്രരായി അവശേഷിക്കുന്നു. സര്‍ക്കാരിന്റെ ഒരു വികസന സൂചകങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ വിഭാഗത്തിന് ആശ്വാസമാകുന്നില്ല. തലമുറകളായി സമരം ചെയ്യേണ്ട ഗതികേടിലാണ് വനവാസികള്‍. മുത്തങ്ങ, ചെങ്ങറ, അരിപ്പ, അട്ടപ്പാടി, ഇടുക്കി, പൂയംകുട്ടി.....കേരളത്തിലെ സാധാരണക്കാര്‍പോലും മനഃപാഠമാക്കിയ ഈ സ്ഥലനാമങ്ങളെല്ലാം ജീവിക്കാനായി ആദിവാസികള്‍ നടത്തുന്ന ജീവിതസമരത്തിന്റെ പൊള്ളുന്ന മുഖങ്ങളാണ്. സാമൂഹ്യനീതി നിഷേധിക്കപ്പെട്ട ദളിത്-പിന്നോക്ക വിഭാഗങ്ങളുടെ സങ്കടക്കണ്ണീരിന്റെ വേദനയേല്‍പ്പിച്ച ആഘാതമാണ് കേരളത്തിലിന്ന് ഇടത്-വലതു മുന്നണികളുടെ നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുന്നത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തി വിജയിച്ച രാഷ്ട്രീയനയത്തെ നേരെനിന്ന് ചോദ്യംചെയ്യാന്‍ ദളിത് സമൂഹം പ്രാപ്തമായതിന്റെ നേര്‍ചിത്രമാണ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് രംഗം കാട്ടിത്തരുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിനും ദളിത് ആദിവാസി സമൂഹങ്ങള്‍ക്കും ഉള്‍പ്പെടെ ലഭ്യമാകുന്ന സാമൂഹ്യനീതിയുടെ ശബ്ദമായിരിക്കണം 14-ാം നിയമസഭയില്‍ ഉയര്‍ന്നുകേള്‍ക്കേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.