'ഇ' അറയില്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പൂജാസാമഗ്രികള്‍; 'ബി 'അറ തുറക്കുന്നത്‌ എട്ടിന്‌ തീരുമാനിക്കും

Monday 4 July 2011 9:58 pm IST

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ പരിശോധനയുടെ ഏഴാം ദിവസമായ ഇന്നലെ 'ഇ' അറയാണ്‌ പരിശോധിച്ചത്‌. ഇതോടെ ക്ഷേത്രത്തിലെ ആറ്‌ അറകളില്‍ അഞ്ച്‌ അറകളുടെയും പരിശോധന പൂര്‍ത്തിയായി. 'ഇ' അറയില്‍ നിന്ന്‌ ക്ഷേത്രത്തിലെ നിത്യോപയോഗ വസ്തുക്കളും പൂജാസാമഗ്രികളുമാണ്‌ കണ്ടെടുത്തത്‌. സ്വര്‍ണത്തകിട്‌, മാണിക്യമാല തുടങ്ങിയവയുള്‍പ്പെടെയുള്ളവയാണവ. ഇത്‌ ക്ഷേത്ര വിശേഷദിവസങ്ങളില്‍ തുറക്കാറുള്ളതാണ്‌. ഇതിലുള്ള ആഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്ക്‌ ക്ഷേത്ര നമ്പിമാരുടെ പക്കലുണ്ട്‌. ഇതിലുള്ള സാമഗ്രികള്‍ക്ക്‌ ഏകദേശം ഇരുന്നൂറു കോടി രൂപയുടെ മൂല്യമാണ്‌ കണക്കാക്കുന്നത്‌.
'ബി' നിലവറ തുറക്കുന്ന കാര്യത്തെക്കുറിച്ച്‌ അന്തിമതീരുമാനമായില്ല. ഈ മാസം എട്ടിനു ചേരുന്ന സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ യോഗത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന്‌ പരിശോധനാസംഘം തലവന്‍ ജസ്റ്റിസ്‌ എം.എന്‍.കൃഷ്ണന്‍ പറഞ്ഞു. മൂന്നു വാതിലുകളുള്ള 'ബി' അറയുടെ രണ്ട്‌ വാതിലുകള്‍ നേരത്തെ തുറന്നിരുന്നു. എന്നാല്‍ മൂന്നാമത്തെ വാതില്‍ തുറക്കാനായിരുന്നില്ല. ഉരുക്കുപാളിയോടുകൂടിയുള്ള ഈ വാതിലിന്‌ മൂന്ന്‌ പൂട്ടുകളാണുള്ളത്‌. ബി നിലവറയെ കുറിച്ച്‌ നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്‌. ഇതിനുള്ളില്‍ സ്വര്‍ണ്ണമോ മറ്റോ ഇല്ലെന്നും അറയില്‍ നിന്നുള്ള വാതില്‍ തുരങ്കത്തിലേക്കാണ്‌ തുറക്കുന്നതെന്നും പ്രചരിക്കുന്നുണ്ട്‌. 'ബി' അറയുടെ മുന്‍വാതില്‍ തുറന്ന സമയത്ത്‌ പരിശോധകനായ ജസ്റ്റിസ്‌ എം.എന്‍.കൃഷ്ണന്റെ കാല്‍ വാതിലില്‍ തട്ടി സാരമായി പരിക്കേറ്റിരുന്നു.
ബി അറയുടെ ലോഹനിര്‍മ്മിത വാതില്‍ തുറക്കുന്നത്‌ ചില ദുരന്തങ്ങള്‍ക്ക്‌ കാരണമാകുമെന്നതരത്തിലുള്ള അഭിപ്രായങ്ങളും പ്രചരിക്കുന്നുണ്ട്‌. വാതില്‍ തുറക്കാന്‍ കഴിയാത്ത തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ടാണ്‌ തുറക്കുന്നത്‌ നീട്ടിവച്ചതെന്നാണ്‌ പറയുന്നതെങ്കിലും പ്രശ്നവിധി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നോക്കിയശേഷമേ ഈ അറയുടെ വാതിലുകള്‍ തുറക്കുകയുള്ളൂ എന്നാണറിയാന്‍ കഴിഞ്ഞത്‌. ക്ഷേത്ര നിലവറയില്‍ നിന്ന്‌ ഇതുവരെ കണ്ടെത്തിയ സ്വത്തിന്റെ മൂല്യം നിര്‍ണയിച്ചിട്ടില്ലെന്നും സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമേ നടത്തുകയുള്ളൂവെന്നും ജസ്റ്റിസ്‌ എം.എന്‍.കൃഷ്ണന്‍ പറഞ്ഞു. രത്നമുള്‍പ്പെടെയുള്ള വസ്തുക്കളുടെ കമ്പോള വിലയ്ക്കപ്പുറം പുരാതന വസ്തുവെന്ന നിലയില്‍ കാണുമ്പോള്‍ ഇതിന്റെ മൂല്യം വിലമതിക്കാനാവാത്തത്ര വരും.
അതേസമയം ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ ഇപ്പോഴത്തെ നിലയില്‍ തൃപ്തികരമെന്ന്‌ എഡിജിപി വേണുഗോപാല്‍.കെ.നായര്‍ പറഞ്ഞു. ക്ഷേത്രത്തിലെ സുരക്ഷ വിലയിരുത്താനായി എത്തിയ എഡിജിപി മാധ്യമങ്ങളോടാണ്‌ ഇക്കാര്യം പറഞ്ഞത്‌. എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിനുള്ളില്‍ പരിശോധന നടത്തി. ക്ഷേത്രത്തിനുള്ളില്‍ ഏതു തരത്തിലുള്ള സുരക്ഷയാണ്‌ വേണ്ടതെന്ന്‌ പരിശോധിക്കാനായിരുന്നു സന്ദര്‍ശനം.
പരിശോധനയുടെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിന്റെ രേഖാചിത്രം തയ്യാറാക്കും. സുരക്ഷ കര്‍ശനമാക്കേണ്ട നിര്‍ണ്ണായക സ്ഥാനങ്ങളും മറ്റും ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്ന്‌ എഡിജിപി പറഞ്ഞു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വരുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും സ്ഥിരമായ സുരക്ഷാ സംവിധാനങ്ങളുടെ പദ്ധതി തയ്യാറാക്കുക. ഈ പദ്ധതി നിരീക്ഷകര്‍ വഴി സുപ്രീംകോടതിയ്ക്കു സമര്‍പ്പിച്ച്‌ അനുമതി വാങ്ങും. സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാകും തുടര്‍ നടപടികള്‍.
കൂടുതല്‍ സുരക്ഷക്കായി മുഴുവന്‍സമയ ക്യാമറകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചിക്കുമെന്ന്‌ എഡിജിപി വേണുഗോപാല്‍.കെ.നായര്‍ പറഞ്ഞു. ക്ഷേത്രത്തിന്‌ ചുറ്റും വ്യാപാര സ്ഥാപനങ്ങളുള്ളത്‌ സുരക്ഷക്ക്‌ കൂടുതല്‍ ഗുണം ചെയ്യും. ഇപ്പോള്‍ താല്‍ക്കാലികമായ സുരക്ഷാ ക്രമീകരണങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഫോര്‍ട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.
നടയടയ്ക്കുന്നതിനു മുമ്പ്‌ ക്ഷേത്രത്തിനുള്ളില്‍ നിന്ന്‌ എല്ലാവരും പുറത്തിറങ്ങിയെന്ന്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും. നട തുറക്കുന്നതിനു മുമ്പും ഇത്തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളുണ്ടാകുമെന്നും എഡിജിപി വേണുഗോപാല്‍.കെ.നായര്‍ അറിയിച്ചു.
-സ്വന്തം ലേഖകന്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.