കണ്ണപുരം മേഖലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് പീഡിപ്പിക്കുന്നു

Saturday 14 May 2016 1:41 am IST

കണ്ണപുരം: കണ്ണപുരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട സ്ഥലങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് പീഡിപ്പിക്കുന്നതായി പരാതി. അകാരണമായി പോലീസ് വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണ്. അര്‍ദ്ധരാത്രിയില്‍ വീടുകളില്‍ കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് പതിവായിരിക്കുകയാണ്. മാര്‍ക്‌സിസ്റ്റുകാര്‍ നടത്തുന്ന ഗൂഡാലോചനക്ക് മുഴുവന്‍ സഹായവും ചെയ്തുകൊണ്ട് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി സംഘടനാപ്രവര്‍ത്തനം നിര്‍ത്തിക്കുവാനാണ് കണ്ണപുരം എസ്‌ഐ ശ്രമിക്കുന്നത്. ഇതു തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്ന് ആര്‍എസ്എസ് കണ്ണപുരം താലൂക്ക് കാര്യകാരി മുന്നറിയിപ്പ് നല്‍കി. സിപിഎം നേതാക്കളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന എസ്‌ഐയുടെ പ്രവൃത്തി തികച്ചും ഭരണഘടനാ ലംഘനവുമാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ടതായ നിഷ്പക്ഷത പാലിക്കാതെ മാര്‍ക്‌സിസ്റ്റുകാര്‍ നടത്തുന്ന നാടകത്തിന് ചുക്കാന്‍ പിടിക്കുകയാണ്. കണ്ണപുരം എസ്‌ഐ ചെയ്യുന്നത് എന്നും ആര്‍എസ്എസ് ആരോപിച്ചു. കണ്ണപുരം മേഖലയില്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് അനഭിമതരായ ഇതര രാഷ്ട്രീയ സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടെന്നും അങ്ങിനെ പ്രവര്‍ത്തിച്ചാല്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് രസിക്കില്ല എന്നും കണ്ണപുരം എസ്‌ഐ പരസ്യമായി പ്രസ്താവിച്ചിരുന്നു. എസഐയുടെ പ്രസ്താവനയില്‍ നിന്നും മനസ്സിലാകുന്നത് അദ്ദേഹം സര്‍വീസില്‍ വരുന്നതിന് മുമ്പും ഇപ്പോഴും സജീവ സിപിഎമ്മുകാരനാണെന്നാണ്. ഏകപക്ഷീയമായി പെരുമാറുന്ന എസ്‌ഐയുടെ ഫോണ്‍കാളുകള്‍ പരിശോധിച്ചാല്‍ എസ്‌ഐയും സിപിഎം പ്രവര്‍ത്തകരും തമ്മിലുള്ള ഗൂഡബന്ധം മനസ്സിലാക്കാന്‍ സാധിക്കുമെന്നും കാര്യകാരി പറഞ്ഞു. മാത്രമല്ല, കണ്ണപുരം മേഖലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചതിനെതിരെ പരാതി എഴുതി നല്‍കിയെങ്കിലും രശീതി നല്‍കുകയോ കേസ് ചാര്‍ജ്ജ് ചെയ്യുകയോ ചെയ്തിട്ടില്ല. ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിക്കുന്നത് സമീപത്തെ സ്ഥാപനത്തിലെ സിസിടിവില്‍ പതിഞ്ഞത് എസ്‌ഐയോട് പറഞ്ഞപ്പോള്‍ നിന്റെയൊന്നും ബോര്‍ഡുകള്‍ ഇവിടെ ആവശ്യമില്ല എന്നാണ് എസ്‌ഐ പറഞ്ഞത്. കല്യാശ്ശേരി സെന്‍ട്രലില്‍ ദാസന്‍പീടികക്കടുത്ത് താമസിക്കുന്ന ബാലസംഘം പ്രവര്‍ത്തകന്‍ വൈഷ്ണവിന്റെ കള്ളപ്പരാതിയില്‍ അന്വേഷണമൊന്നും കൂടാതെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി അന്യായമായി തടങ്കലില്‍ വെക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. പരാതിക്കാരനും എസ്‌ഐയും സിപിഎമ്മുകാരും ഗൂഡാലോചന നടത്തി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം കണ്ണപുരം മേഖലയില്‍ നിര്‍ത്തിവെപ്പിക്കുന്നതിന് വേണ്ടിയാണ് കളവായ കേസുകള്‍ കെട്ടിച്ചമച്ചിരിക്കുന്നത്. ആയതിനാല്‍ കണ്ണപുരം എസ്‌ഐ ബിനു മോഹനും സിപിഎം പ്രവര്‍ത്തകരും തമ്മിലുണ്ടായ ഫോണ്‍ സംഭാഷണങ്ങള്‍ കണ്ണൂര്‍ എസ്പി പരിശോധിച്ച് കണ്ണപുരം എസ്‌ഐയെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ആര്‍എസ്എസ് കണ്ണപുരം താലൂക്ക് കാര്യകാരി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.