ആന്ധ്രയില്‍ ഭരണപ്രതിസന്ധി

Tuesday 5 July 2011 11:27 am IST

ഹൈദരാബാദ്‌: തെലുങ്കാന സംസ്ഥാനം ഉടന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ ആന്ധ്രാപ്രദേശില്‍ മന്ത്രിമാരടക്കം 86 നിയമസഭാംഗങ്ങള്‍ രാജിവെച്ചു. ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. പത്ത്‌ കോണ്‍ഗ്രസ്‌ എംപിമാരും രാജിവെച്ചു. തെലുങ്കാന സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളെല്ലാം വിഫലമായ സാഹചര്യത്തിലാണ്‌ യുപിഎ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി എംഎല്‍എമാര്‍ രാജിവെച്ചത്‌. ഇവരില്‍ 34 പേര്‍ മുഖ്യപ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്‌. കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ അഭ്യര്‍ത്ഥന തള്ളിയാണ്‌ കോണ്‍ഗ്രസ്‌ അംഗങ്ങളുടെ നടപടി.
രാജിവെച്ച 39 കോണ്‍ഗ്രസ്‌ അംഗങ്ങളില്‍ 11 പേര്‍ മന്ത്രിമാരാണ്‌. നാല്‌ ടിഡിപി അംഗങ്ങള്‍ ഞായറാഴ്ചതന്നെ രാജിവെച്ചിരുന്നു. 294 അംഗ നിയമസഭയില്‍ 119 പേര്‍ തെലുങ്കാന മേഖലയില്‍ നിന്നുള്ളവരാണ്‌. അടുത്തയിടെ ഭരണകക്ഷിയില്‍ ചേര്‍ന്ന പ്രജാ രാജ്യം പാര്‍ട്ടിയിലെ രണ്ടുപേര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്‌ 52 അംഗങ്ങളാണുള്ളത്‌. തെലുങ്കാനയില്‍നിന്ന്‌ ടിഡിപിക്ക്‌ 36 അംഗങ്ങളും തെലുങ്കാന രാഷ്ട്രസമിതിക്ക്‌ 11 അംഗങ്ങളുമാണുള്ളത്‌. 13 എംസിസിമാരും രാജിവെച്ചിട്ടുണ്ട്‌.
കോണ്‍ഗ്രസിന്റെ 39 അംഗങ്ങളും ടിഡിപിയുടെ 34 പേരും ഡെപ്യൂട്ടി സ്പീക്കര്‍ മല്ലു ഭട്ടി വിക്രമാര്‍ക്കക്ക്‌ രാജി സമര്‍പ്പിച്ചു. സ്പീക്കര്‍ എന്‍.മനോഹര്‍ യുഎസ്‌ പര്യടനത്തിലാണ്‌. ഉപമുഖ്യമന്ത്രി ദാമോദര്‍ രാജ നരസിംഹ, മന്ത്രിമാരായ ഡി.നാഗേണ്ടര്‍, മുകേഷ്‌ ഗൗഡ്‌, ശങ്കര്‍ റാവു എന്നിവരൊഴികെ എല്ലാവരും രാജിവെച്ചു. പിആര്‍പിയില്‍നിന്നുള്ള 18 പേര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്‌ 174 അംഗങ്ങളാണുള്ളത്‌. 39 കോണ്‍ഗ്രസ്‌ അംഗങ്ങളുടെ രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ ആന്ധ്രാപ്രദേശ്‌ സര്‍ക്കാര്‍ നിലം പതിക്കും. ഇതൊഴിവാക്കാനുള്ള ഊര്‍ജിത രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കുമെന്ന്‌ 2009 ഡിസംബര്‍ 9 ന്‌ യുപിഎ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം നിറവേറ്റാത്ത സാഹചര്യത്തിലാണ്‌ കോണ്‍ഗ്രസ്‌-ടിഡിപി അംഗങ്ങള്‍ നേരത്തെ രാജിഭീഷണി മുഴക്കിയത്‌. എന്നിട്ടും കേന്ദ്രം അനങ്ങാപ്പാറ നയം തുടര്‍ന്നതോടെയാണ്‌ തങ്ങള്‍ രാജിക്കത്ത്‌ നല്‍കിയതെന്ന്‌ അംഗങ്ങള്‍ പറഞ്ഞു. ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച്‌ പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും രാഷ്ട്രീയപരമായോ ഭരണഘടനാപരമായോ പ്രതിസന്ധിയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജിവെച്ച കോണ്‍ഗ്രസ്‌ മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും നേതാവും മുതിര്‍ന്ന മന്ത്രിയുമായ കെ.ജനറെഡ്ഡി പറഞ്ഞു. "ഇന്ന്‌ അമേരിക്കയുടെ സ്വാതന്ത്ര്യദിനമാണ്‌. തെലുങ്കാനയുടെ സ്വാതന്ത്ര്യദിനവും ഇന്നുതന്നെയാവുമെന്ന്‌ തങ്ങള്‍ കരുതുന്നു", നിയമസഭാ മന്ദിരത്തിന്‌ പുറത്ത്‌ ഇന്നലെ അദ്ദേഹം വാര്‍ത്താ ലേഖകരെ അറിയിച്ചു. നിയമസഭാ കൗണ്‍സിലിലെ 13 കോണ്‍ഗ്രസ്‌ അംഗങ്ങള്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ കെ.ചക്രപാണിക്കാണ്‌ രാജി നല്‍കിയത്‌.
ഇതേസമയം, ഗവര്‍ണര്‍ ഇ.എസ്‌.എല്‍.നരസിംഹത്തിന്‌ നേരിട്ട്‌ രാജിസമര്‍പ്പിക്കാന്‍ തെലുങ്കാന മന്ത്രിമാര്‍ സമയം തേടി. എന്നാല്‍, നിയമസഭാംഗത്വം രാജിവെച്ച സാഹചര്യത്തില്‍ അവര്‍ക്ക്‌ മന്ത്രിമാരായി തുടരാന്‍ കഴിയില്ലെന്ന്‌ മന്ത്രി കെ.വെങ്കട്ട്‌ റെഡ്ഡി പറഞ്ഞു. കേന്ദ്രനേതൃത്വം ചര്‍ച്ചകള്‍ക്കായി തങ്ങളെ ദല്‍ഹിയിലേക്ക്‌ വിളിപ്പിച്ചതായി വന്ന റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കവെ പ്രത്യേക സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രം സമ്മതിക്കാതെ തലസ്ഥാനത്തേക്ക്‌ പോകുന്ന പ്രശ്നമില്ലെന്ന്‌ അദ്ദേഹം വാര്‍ത്താലേഖകരോട്‌ പറഞ്ഞു. കഴിഞ്ഞമാസം നടത്തിയ ദല്‍ഹി സന്ദര്‍ശനം ചര്‍ച്ചകള്‍ക്കായുള്ള അവസാന ദല്‍ഹി യാത്രയാണെന്ന്‌ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
രാജിവെച്ച മന്ത്രിമാര്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയെ സന്ദര്‍ശിച്ച്‌ അതിനുള്ള കാരണം വിശദീകരിച്ചു. ലോക്സഭാ സ്പീക്കര്‍ മീരാകുമാറിന്‌ രാജി സമര്‍പ്പിക്കാന്‍ ഏഴ്‌ കോണ്‍ഗ്രസ്‌ എംപിമാര്‍ ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്‌. നേരിട്ടെത്താന്‍ കഴിയാത്ത രണ്ട്‌ എംപിമാരുടെ രാജിക്കത്തുകളും അവര്‍ സ്പീക്കര്‍ക്ക്‌ കൈമാറി. രാജ്യസഭാംഗമായ കെ.കേശവറാവു, ചെയര്‍മാന്‍ ഹമീദ്‌ അന്‍സാരിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയെ സന്ദര്‍ശിച്ച്‌ രാജിനല്‍കി.
തെലുങ്കാനയില്‍നിന്നുള്ള അംഗങ്ങളുടെ രാജി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന വിമര്‍ശനം പരാമര്‍ശിക്കവെ ജനങ്ങളുടെ മുന്നില്‍ നിസ്സഹായരായ സാഹചര്യത്തിലാണ്‌ കടുത്ത തീരുമാനമെടുത്തതെന്ന്‌ തെലുങ്കാന പ്രക്ഷോഭത്തെ നയിക്കുന്ന കേശവറാവു വാര്‍ത്താലേഖകരോട്‌ പറഞ്ഞു. നിശ്ചിത സമയത്തിനുള്ളില്‍ പ്രശ്നത്തില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്റിന്റെ 'വ്യക്തമായ ഉറപ്പ്‌' കിട്ടിയാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, തെലുങ്കാന സംയുക്ത കര്‍മസമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദ്‌ ആരംഭിച്ചു.
സംയമനം പാലിക്കാനും പ്രത്യേക സംസ്ഥാന പദവിക്കായുള്ള കൂടിയാലോചനകള്‍ തുടരാന്‍ അനുവദിക്കണമെന്നും കേന്ദ്രമന്ത്രി ചിദംബരം നടത്തിയ അഭ്യര്‍ത്ഥന തള്ളിയാണ്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ കൂട്ടരാജി നല്‍കിയത്‌. "കൂടിയാലോചനകള്‍ പൂര്‍ത്തിയായശേഷം കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കും.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ല. അതീവ സങ്കീര്‍ണവും നിര്‍ണായകവുമാണ്‌ ഈ പ്രശ്നം". തെലുങ്കാന പ്രശ്നം ചര്‍ച്ച ചെയ്യുന്ന സര്‍വകക്ഷിയോഗം എന്ന്‌ നടക്കുമെന്ന ചോദ്യത്തിന്‌ രണ്ട്‌ പാര്‍ട്ടികള്‍ കൂടി നിലപാട്‌ അറിയിച്ചുകഴിഞ്ഞാല്‍ ഉടന്‍ യോഗം വിളിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.