എന്‍ഡിഎയുടെ ബൂത്ത് ഓഫീസുകള്‍ നശിപ്പിച്ചു

Saturday 14 May 2016 3:41 pm IST

കൊല്ലം: ഇരവിപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചരണാര്‍ത്ഥം നിര്‍മ്മിച്ച ബൂത്ത് ഓഫീസുകള്‍ തകര്‍ത്ത നിലയില്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആക്കാവിള സതീക്കിന്റെ പ്രചരണാര്‍ത്ഥം പള്ളിമുക്ക് പഴിയാറ്റിന്‍കുഴി ചകിരികട കയ്യാലക്കല്‍ ബൂത്തില്‍ നിര്‍മ്മിച്ച ഓഫീസാണ് ഇരുട്ടിന്റെ മറവില്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തത്. മണ്ഡലത്തില്‍ സിപിഎമ്മിന് സ്വാധീനമുള്ള മേഖലകളില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങളും പോസ്റ്ററുകളും പതിക്കാന്‍ അനുവദിക്കില്ലയെന്ന നിലപാടിലാണ് സിപിഎം നേതൃത്വവും. അതിന്റെ തുടര്‍ച്ചയായാണ് ഇവിടെ കഴിഞ്ഞ ദിവസം അക്രമം ഉണ്ടായത്. അതേസമയം ഇരവിപുരം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആക്കാവിള സതീക്കിന്റെ പ്രചാരണ ബോര്‍ഡുകളും തകര്‍ത്തിട്ടുണ്ട്. ഒട്ടത്തില്‍ ക്ഷേത്ര പരിസരത്തും മാടമ്പള്ളിയിലും അക്രമികള്‍ വ്യാപകമായി പോസ്റ്ററുകളും പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. കിളികൊല്ലൂരിലും സമാനരീതിയില്‍ അക്രമണം നടന്നിട്ടുണ്ട്. എന്നാല്‍ ഇരവിപുരം എസ്‌ഐയുടെ മുന്നില്‍ നിരവധി പരാതികള്‍ കൊടുത്തിട്ടും യാതൊരുവിധ അന്വേഷണം നടത്താതെ പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.