കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പോളിങ് ബൂത്തിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഇനി ആശങ്ക വേണ്ട. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമേകി വോട്ടിങ് സാമഗ്രികളോടൊപ്പം ജില്ലാ ഭരണകൂടത്തിന്റെ സമ്മാനമായി വി കെയര്‍ കിറ്റ് നല്‍കും. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ നിര്‍വഹിച്ചു.
പായ, തലയിണ, രണ്ട് ഗ്ലാസ്സുകള്‍, സോപ്പ്, ടൂത്ത്പേസ്റ്റ്, വെളിച്ചെണ്ണ, ബിസ്കറ്റ്, ചോക്ലേറ്റ് എന്നിവയടങ്ങുന്ന വി കെയര്‍ കിറ്റുകള്‍ പൊതുമേഖല, സഹകരണ, സ്വകാര്യ മേഖലകളിലെ വിവിധ സ്ഥാപനങ്ങളുടെ സ്പോണ്സര്ഷിപ്പോടെയാണ് നല്‍കുന്നത്. ഏഴായിരത്തോളം ഉദ്യോഗസ്ഥര്‍ക്കാണ് കിറ്റുകള്‍ നല്‍കുക.
ഹരിത തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിതസേനാ വളണ്ടിയര്‍മാര്‍ക്കുള്ള പ്രത്യേക യൂണിഫോം വിതരണവും ചടങ്ങില്‍ നടന്നു. അന്ധരായവര്‍ക്ക് ബ്രെയിലി ലിപിയില്‍ തയ്യാറാക്കിയ ബാലറ്റ് പേപ്പറിന്റെ മാതൃകയും പ്രദര്‍ശിപ്പിച്ചു.
എഡിഎം എച്ച്.ദിനേശന്, എസ്ബിഐ റീജിയണല്‍ മാനേജര്‍ രാമന്, സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍ ജയപ്രകാശ്, കിയാല്‍ അസി. മാനേജര്‍ അഭിലാഷ്, അനശ്വര ജി-മാള്‍ എംഡി മോഹനന്, കേരള ബ്ലൈന്‍ഡ് ഫെഡറേഷന് ഭാരവാഹികളായ മുരളി, ശിവദാസ് എന്നിവര്‍ സംസാരിച്ചു. ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ.ദിലീപ് സ്വാഗതവും തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി.സജീവ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: