സിപിഎമ്മിന്റെ ഗുരുദേവനിന്ദകള്‍

Saturday 14 May 2016 9:41 pm IST

കണ്ണൂരില്‍ സിപിഎമ്മുകാര്‍ കുരിശില്‍ ഗുരുദേവന്റെ ചിത്രം വച്ച് ആണിയടിക്കുന്ന നിശ്ചലദൃശ്യം

ശ്രീനാരായണഗുരുവിനെയും ഗുരുദേവദര്‍ശനങ്ങളെയും അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തിന്റെ നടപടി ഏറെ ഞെട്ടലോടെയാണ് കേരളീയ സമൂഹം കണ്ടത്. ഗുരു മാനവരാശിക്ക് നല്‍കിയ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന മഹത്തായ ദര്‍ശനത്തെ വികലമാക്കി ‘പല ജാതി, പല മതം, പല ദൈവം’ എന്ന് തിരുത്തി എഴുതിയ കുരിശില്‍ ഗുരുദേവന്റെ ചിത്രം വച്ച് ആണിയടിക്കുന്ന നിശ്ചലദൃശ്യം മാപ്പ് അര്‍ഹിക്കാത്ത ഗുരുനിന്ദയാണ്.

സിപിഎം യഥാര്‍ത്ഥത്തില്‍ എസ്എന്‍ഡിപി യോഗത്തെയും അതിന്റെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എതിര്‍ക്കാന്‍ വേണ്ടി ശ്രീനാരായണഗുരുവിനെ അപമാനിക്കുകയായിരുന്നു. ഇതിനൊരു ചരിത്രപശ്ചാത്തലമുണ്ട്.

എസ്എന്‍ഡിപി യോഗം പ്രബലമായ തിരുവിതാംകൂറിലും കൊച്ചിയിലും ആര്‍. ശങ്കറിനെപ്പോലുള്ള നേതാക്കള്‍ ശക്തമായി ഇടപെട്ടതിനാല്‍ കമ്മ്യൂണിസ്റ്റ് പടയോട്ടം ഒരു പരിധിവരെ തടയപ്പെട്ടു. എന്നാല്‍ മലബാറില്‍ ഗുരുദര്‍ശനത്തെ വികലമാക്കി ഈഴവ-തീയ്യ വിഭാഗങ്ങളില്‍ കടന്നുകയറാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എളുപ്പം കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രക്തസാക്ഷികളില്‍ 95 ശതമാനവും ഈഴവ-തീയ്യ വിഭാഗങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. ഇന്നും ഈഴവ സമുദായമാണ് കമ്മ്യൂണിസ്റ്റ് ചാവേറുകളെ സംഭാവന ചെയ്യുന്നത്.

ഗുരുവിന്റെ അദൈ്വത സിദ്ധാന്തത്തെ സിപിഎമ്മിന്റെ താത്വികാചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് അംഗീകരിച്ചിരുന്നില്ല. ഗുരുവിനെയും കുമാരനാശാനെയും ബോധപൂര്‍വം ചരിത്രത്തില്‍നിന്ന് തമസ്‌കരിക്കാന്‍ ഇഎംഎസ് ശ്രമിച്ചു. ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്ര’മെന്ന ഇഎംഎസിന്റെ ഗ്രന്ഥത്തില്‍ ഗുരുവിനെയും എസ്എന്‍ഡിപി യോഗത്തെയും ഒന്നുരണ്ടു വാചകങ്ങളില്‍ ഒതുക്കി. എന്നാല്‍ കേരളത്തില്‍ നടന്ന കമ്മ്യൂണിസ്റ്റ് ചെറുസമരങ്ങള്‍പോലും വിപുലമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പലപ്പോഴും ‘ശ്രീനാരായണന്‍’ എന്നാണ് ഗുരുവിനെ ഇഎംഎസ് അഭിസംബോധന ചെയ്തിരിക്കുന്നത്. ശ്രീനാരായണദര്‍ശനങ്ങളും പ്രസ്ഥാനങ്ങളും ബൂര്‍ഷ്വാ വിഭാഗത്തില്‍പ്പെടുത്തിയാണ് ചര്‍ച്ചചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ആധുനിക കേരള സൃഷ്ടിയില്‍ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ കാര്യമായ പങ്ക് വഹിച്ചതായി ഇഎംഎസ് കാണുന്നില്ല. അദ്ദേഹം പറയുന്നു: ”ഹൈന്ദവ സമൂഹത്തെയും സംസ്‌കാരത്തെയൂം ബൂര്‍ഷ്വാ രീതിയില്‍ നവീകരിക്കുന്നതിനുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിലെ ജോതിബാ ഫൂലെയുടെയും കേരളത്തിലെ ശ്രീനാരായണന്റെ പ്രസ്ഥാനത്തെയും വിലയിരുത്തേണ്ടത്.” (ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം, ചിന്ത പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം (1982) പേജ് 174).
എസ്എന്‍ഡിപി യോഗത്തിന്റെ പ്രമുഖ നേതാവായിരുന്ന ടി.കെ. മാധവന്‍ നയിച്ച വൈക്കം സത്യഗ്രഹത്തെ ഇഎംഎസിന്റെ ചരിത്രരചനകളില്‍ അവഗണിക്കുകയാണ് ചെയ്തത്. കേരളത്തില്‍ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം നയിച്ച മഹാനായ അയ്യങ്കാളിയുടെ പേര് പോലും ഇഎംഎസിന്റെ ചരിത്രരചനയില്‍ സ്ഥാനംപിടിച്ചിട്ടില്ല.

കുമാരനാശാനെ വിലയിരുത്തുമ്പോള്‍ ഇഎംഎസ് വാളോങ്ങുന്നത് ശ്രീനാരായണഗുരുവിലേക്കാണ്. കുമാരനാശാന്റെ സ്വാധീനം പ്രധാനമായും ഗുരുദര്‍ശനത്തിന്റേതാണ്. ഇഎംഎസിന്റെ അഭിപ്രായത്തില്‍ ”ജാതി-ജന്മി-നാടുവാഴി മേധാവിത്വത്തെ സൃഷ്ടിച്ചെടുക്കുകയും അരക്കിട്ടുറപ്പിക്കുകയും ചെയ്ത ആത്മീയ (ബൂര്‍ഷ്വാ) ദര്‍ശനമാണ് ആശാന്റെ ജീവിതത്തെ നയിച്ചിരുന്നത്.” (ഇഎംഎസ് കേരളചരിത്രവും സംസ്‌കാരവും, ചിന്ത പ്രസിദ്ധീകരണം, 1981, പേജ് 55).

ശ്രീനാരായണഗുരുവിന്റെ ആത്മീയ നേതൃത്വത്തെ ഇഎംഎസ് വിലയിരുത്തുന്നത് വിചിത്രമായാണ്. അദ്ദേഹം എഴുതുന്നു: ”ശ്രീനാരായണനെ തുടര്‍ന്നുവന്ന സന്യാസിമാരും ചുരുക്കം മതഭക്തന്മാരുമൊഴിച്ച് ഈഴവരില്‍തന്നെ അധികമാരും സ്വാമികളുടെ സന്യാസജീവിതത്തെ ആദര്‍ശമായെടുക്കുന്നില്ല.” (ഇഎംഎസ്, കേരളം മലയാളികളുടെ മാതൃഭൂമി-നാലാം പതിപ്പ്, ചിന്ത 2009, പേജ് 248). ശ്രീനാരായണഗുരുവിന്റെ സന്യാസജീവിതത്തെ എത്ര ലാഘവ ബുദ്ധിയോടെയാണ് ഇഎംഎസ് വിലയിരുത്തുന്നത് എന്നതിന് ഉദാഹരണമാണിത്.

യഥാര്‍ത്ഥത്തില്‍ ഗുരുവിനെ അപമാനിക്കാന്‍ കമ്മ്യൂണിസ്റ്റ് അണികള്‍ക്ക് പ്രേരണയാകുന്നത് പാര്‍ട്ടിയുടെ താത്വികാചാര്യനായ ഇഎംഎസിന്റെ നിരീക്ഷണങ്ങളാണ്.

ഗുരുവിന്റെ പ്രസിദ്ധമായ വചനങ്ങള്‍ ഇഎംഎസ് എഴുതുന്നത് ഇങ്ങനെയാണ്- ”ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുകയും ചെയ്ത ശ്രീനാരായണന്റെ ‘അസമത്വത്തോടും അവശതളോടും പോരാടി സ്വതന്ത്രരാവുക’ എന്ന സന്ദേശം ഈഴവര്‍ മുഴുവനംഗീകരിച്ചു. (കേരളം, മലയാളികളുടെ മാതൃഭൂമി, പേജ് 249). എത്ര ബുദ്ധിപൂര്‍വ്വമാണ് ഇഎംഎസ് ശ്രീനാരായണഗുരുവിന്റെ ‘വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍’ എന്ന മുദ്രാവാക്യത്തെ രാഷ്ട്രീയലക്ഷ്യം നേടാന്‍ ‘പോരാടി സ്വതന്ത്രരാവുക’ എന്ന് മാറ്റിയതെന്ന് ഇവിടെ വ്യക്തമാകുന്നു.

ജാതികളും ഉപജാതികളും തമ്മിലുള്ള അസമത്വങ്ങളും അവയില്‍ താണജാതിക്കാര്‍ക്കുള്ള നാനാവിധ അവശതകളും ഇല്ലാതാക്കി, സാമൂഹിക സമത്വം സ്ഥാപിക്കാതെ, ആ സമുദായത്തിനു രക്ഷയില്ലല്ലോ? അതുകൊണ്ട് അവരുടെ സമുദായ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ആദ്യകാലത്തുതന്നെ ജാതിസമ്പ്രദായത്തിനെതിരായി സമുദായം പോരാടാന്‍ തുടങ്ങി. ”ജാതി ചോദിക്കരുത്, പറയരുത്, ”ഒരു ജാതി, ഒരു മതം, ഒരു ദൈവം”, ”മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” മുതലായ മുദ്രാവാക്യങ്ങള്‍ ഈ സമുദായ (ഈഴവ) മാണ് കേരളത്തിനാദ്യം നല്‍കിയത്.” (കേരളം: മലയാളികളുടെ മാതൃഭൂമി, (2009 പതിപ്പ്, പേജ് 244). മുകളില്‍ പറഞ്ഞ ഇഎംഎസിന്റെ നിരീക്ഷണത്തില്‍ ബോധപൂര്‍വ്വം എസ്എന്‍ഡിപി യോഗത്തിന്റെ പേര് ഒഴിവാക്കി.

മറ്റൊന്ന് ശ്രീനാരായണഗുരുവിന്റെ വചനങ്ങളെ ഗുരുവില്‍നിന്ന് മാറ്റി ഈഴവസമുദായത്തിന്റെ സംഭാവനയാക്കി തിരുത്തി എഴുതി. ചുരുക്കത്തില്‍ ഗുരുനിന്ദയുടെ ആരംഭം ഇപ്പോഴത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍നിന്നല്ല തുടങ്ങുന്നത്. മറിച്ച് ഇഎംഎസിന്റെ 1940-കളിലെ ഗ്രന്ഥങ്ങളിലാണ് തുടക്കംകുറിക്കുന്നത്.

”കേരളം മലയാളികളുടെ മാതൃഭൂമി (1948), ഒന്നേകാല്‍ കോടി മലയാളികള്‍ (1945), കേരളത്തിന്റെ ദേശീയപ്രശ്‌നം (1952), കേരളം ഇന്നലെ, ഇന്ന്, നാളെ (1966), ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം (1977) തുടങ്ങിയ ഗ്രന്ഥങ്ങളിലൊക്കെ കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തെയും മഹാഗുരുക്കന്മാരെയും താഴ്ത്തിക്കെട്ടാന്‍ ഇഎംഎസ് ബോധപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ടത് ശ്രീനാരായണഗുരുവും എസ്എന്‍ഡിപി യോഗവുമായിരുന്നു.

മഹാകവി കുമാരനാശാനെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി ശ്രതുപക്ഷത്ത് നിര്‍ത്തുന്നത് ആര്‍. ശങ്കര്‍ 1944 ല്‍ എസ്എന്‍ഡിപി യോഗ നേതൃത്വത്തില്‍ വന്നതോടെയാണ്. ശ്രീനാരായണഗുരുവിന്റെയും ഡോ. പല്‍പ്പുവിന്റെയും കുമാരനാശാന്റെയും ടി.കെ. മാധവന്റെയും നവോത്ഥാന ദര്‍ശനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ ശക്തമായ ശ്രമം നടക്കുന്നത് ആര്‍. ശങ്കറിന്റെ നേതൃത്വത്തിലാണ്. ”വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍, സംഘടനകൊണ്ട് ശക്തരാകുവിന്‍” എന്നീ മുദ്രാവാക്യങ്ങള്‍ ആര്‍. ശങ്കര്‍ പ്രയോഗത്തില്‍ കൊണ്ടുവന്നു. അപകടം തിരിച്ചറിഞ്ഞ ഇഎംഎസും കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയും ഗുരുദര്‍ശനങ്ങള്‍ക്കെതിരെ പെട്ടെന്ന് തിരിഞ്ഞത് അതുകൊണ്ടാണ്.

”ജാതി-ജന്മി-നാടുവാഴി മേധാവിത്വത്തെ സൃഷ്ടിച്ചെടുക്കുകയും അരക്കിട്ടുറപ്പിക്കുകയും ചെയ്ത ആത്മീയ (ആശയവാദ) ദര്‍ശനമാണ് ആശാന്റെ വ്യക്തിപരമായ ജീവിതത്തെ നയിച്ചിരുന്നത്.” (ഇഎംഎസ്- കേരളചരിത്രവും സംസ്‌കാരവും ചിന്ത പബ്ലിക്കേഷന്‍സ്, 1981, പേജ് 58).
ഇംഎംഎസ് ഉന്നയിക്കുന്ന ആശാനെതിരായ വലിയൊരു ആരോപണം ”അദ്ദേഹം ജാതി-ജന്മി-നാടുവാഴി മേധാവിത്വ”ത്തിനെ കടപുഴക്കി എറിയുന്നതിനുപകരം അതിന്റേതായ അടിത്തറയിന്മേല്‍ ഒരു പുതിയ ബൂര്‍ഷ്വാ സംസ്‌കാരസൗധം കെട്ടിയുയര്‍ത്താന്‍ ശ്രമിച്ചു” എന്നതാണ് (അതേ പുസ്തകം പേജ് 70).

എസ്എന്‍ഡിപി യോഗത്തിനെതിരെയും അതിന്റെ സമുന്നതനായ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മലബാര്‍ നേതൃത്വവും ഇന്ന് നടത്തുന്ന പ്രചാരണപരിപാടികള്‍ക്ക് ഒരു ചരിത്രപരമായ പിന്തുടര്‍ച്ചയുണ്ട്.

1944 മുതല്‍ കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന ഇഎംഎസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തുടര്‍ന്നുവരുന്ന ശ്രീനാരായണഗുരുനിന്ദയുടെ ഒരു ഭാഗം മാത്രമാണത്. ഇതിനെതിരെ രാഷ്ട്രീയമായി പ്രതികരിക്കാനുള്ള ഉത്തരവാദിത്വം മുഴുവന്‍ ജനങ്ങള്‍ക്കുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.