അങ്കത്തട്ടില്‍ തരംഗമായി എന്‍ഡിഎ; ഭീതിയോടെ ഇടത് -വലത് മുന്നണികള്‍

Saturday 14 May 2016 10:02 pm IST

കാസര്‍കോട്: തെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കെ ജില്ലയില്‍ മുന്നേറ്റം ഉറപ്പിച്ച് നീങ്ങുകയാണ് എന്‍ഡിഎ. മിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മല്‍സരം തന്നെയാണ് നടക്കുന്നത്. പരമ്പരാഗതമായ പല രാഷ്ട്രീയ സമവാക്യങ്ങളും മാറ്റിയെഴുതുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പ്. ഇടത് വലത് മുന്നണികള്‍ ഒത്ത് തീര്‍പ്പ് രാഷ്ട്രീയം കളിച്ച് വോട്ട് കച്ചവടം നടത്തിയില്ലെങ്കില്‍ എന്‍ഡിഎയുടെ വിജയ സാധ്യതയേറെയാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കന്‍മാരുടെയും രാജ്യസഭാംഗം സുരേഷ് ഗോപി എംപിയുടെയും മറ്റും ജില്ലയിലേക്കുള്ള വരവ് ഇടടത് വലത് മുന്നണികളെ വിറളി പിടിപ്പിച്ചിരിക്കുയാണ്. ആറ് പതിറ്റാണ്ടായി കാസര്‍കോട് ജില്ലയിലെ അഞ്ച് നിയമ സഭാ മണ്ഡലങ്ങളെ മാറി മാറി പ്രതിനിധീകരിച്ചത് ഇടത് വലത് മുന്നണികളാണ്. അവര്‍ പരസ്പരം വോട്ട് കച്ചവടത്തിലൂടെ മണ്ഡലങ്ങള്‍ മാറി മാറി കൈവശം വെച്ച് ജില്ലയെ വികസന പിന്നോക്കാവസ്ഥയുടെ പടുകുഴിയിലാക്കി. മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യ വിപണനം നടത്താനായി കാസര്‍കോട് നഗരത്തില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് അശാസ്ത്രീയമായി യുഡിഎഫ് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കി. വലിയൊരു വിഭാഗം പാരമ്പര്യ സ്ത്രീ മത്സ്യ തൊഴിലാളികള്‍ക്ക് ഇവിടെ വില്‍പനയ്ക്ക് സ്ഥലവും അനുവദിച്ചിട്ടില്ല. നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ ബിജെപിയും, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘവും നിര്‍മ്മിതിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജെന്ന വാഗ്ദാനം തറക്കല്ലില്‍ തന്നെ അന്തിയുറങ്ങുകയാണ്. എന്‍ഡോ സള്‍ഫാന്‍ മേഖലയിലേക്കായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും പലതും നടപ്പാക്കാന്‍ ഇത് വരെ ഭരിച്ചവര്‍ക്കായിട്ടില്ല. ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോ സള്‍ഫാന്‍ ഇത് വരെ നിര്‍വ്വീര്യമാക്കിയില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനകീയമായ രവീശ തന്ത്രി കുണ്ടാറും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എംഎല്‍എ എന്‍എ നെല്ലിക്കുന്നും, സിപിഎം ഐഎന്‍എല്ലിന് വിട്ട് കൊടുത്ത കാസര്‍കോട് മണ്ഡലത്തില്‍ അമീനും തമ്മില്‍ വാശിയേറിയ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി സര്‍വ്വതിനും കര്‍ണ്ണാടകയെ ആശ്രയിക്കേണ്ട ഗതികേടിലാണ് മണ്ഡലം. മണ്‍പാത്ര മേഖലയെ രക്ഷിക്കാന്‍ മഞ്ചേശ്വരത്തെ ബായാറില്‍ ആരംഭിച്ച പോര്‍ട്ടറി വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പൂട്ടിച്ചത് ഇടത് പക്ഷ പ്രസ്ഥാനങ്ങളാണ്. ഇടത് വലത് മുന്നണികളുടെ വോട്ട് കച്ചവടത്തിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച മണ്ഡലമാണ് മഞ്ചേശ്വരം. ലീഗിനുള്ളിലെ പടല പിണക്കങ്ങളും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ പി.ബി അബ്ദുള്‍ റസാഖ് വോട്ട് കച്ചവടം ആവര്‍ത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതും വോട്ടര്‍മാര്‍ക്കിടയില്‍ ലീഗ് വിരുദ്ധ തരംഗം ഉണ്ടാക്കിയിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രന്‍ രംഗത്ത് വന്നതോടെ ശക്തമായ ത്രികോണ മത്സരമാണ് മഞ്ചേശ്വരത്ത് നടക്കുന്നത്. സിപിഎമ്മിലെ സി.എച്ച് കുഞ്ഞമ്പുവാണ് എതിര്‍ സ്ഥാനാര്‍ത്ഥി. വര്‍ഷങ്ങളായി ബിജെപി രണ്ടാം സ്ഥാനത്തുള്ള മണ്ഡലത്തില്‍ 2006ലെ ഇടത് പക്ഷത്തിന്റെ വിജയം മാറ്റി നിര്‍ത്തിയാല്‍ സിപിഎം മത്സര രംഗത്ത് പോലുമില്ല. ഉദുമയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപി ജില്ലാ പ്രസിഡണ്ടും, ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ.കെ. ശ്രീകാന്താണ്. സിറ്റിംഗ് എംഎല്‍എയായ കെ.കുഞ്ഞിരാമന്‍ സിപിഎം സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥിമുന്‍ എം.പികൂടിയായ കെ.സുധാകരന്‍. ഇടത് പക്ഷ പാര്‍ട്ടി ഗ്രാമങ്ങളെന്ന് അവകാശവാദം ഉന്നയിക്കുന്ന കുറ്റിക്കോല്‍, ബേഡകം തുടങ്ങിയ പ്രദേശങ്ങളില്‍ സിപിഎമ്മിന് ഇത്തവണ പ്രചാരണ രംഗത്ത് മേല്‍ക്കൈ നേടാന്‍ സാധിച്ചിട്ടില്ല. ഉദുമ നിയോജക മണ്ഡലത്തില്‍ അതി ശക്തമായ എന്‍ഡിഎ തരംഗമുണ്ടായിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തിനെത്തിയ ജനസാഗരം തെളിയിക്കുന്നത്. ബേക്കല്‍ മുതല്‍ പാലക്കുന്ന് വരെ അണിനിരന്ന ജനസാഗരത്തെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഇടത് വലത് മുന്നണികള്‍ ഞെട്ടിത്തരിച്ചു. കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കല്‍, ഏഴാം മൈല്‍ മുതല്‍ പാണത്തൂര്‍ വരെ മെക്കാഡം ടാറിംഗ്, പാണത്തൂര്‍- സുള്ള്യ റോഡ്, അനധികൃത പാറമടകള്‍ തുടങ്ങിയ അനവധി പ്രാദേശിക പ്രശ്‌നങ്ങളാണ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഉയര്‍ന്ന് കേട്ടത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എം.പിരാഘവനും, സിറ്റിംഗ് എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ സിപിഎമ്മിനും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പുതുമുഖം ധന്യാ സുരേഷും മാറ്റുരയ്ക്കുന്നു. ജില്ലയില്‍ ബിഡിജെഎസ് മത്സരിക്കുന്ന ഏക മണ്ഡലം കൂടിയാണ് കാഞ്ഞങ്ങാട്. മാടക്കാല്‍ തൂക്ക് പാലം, ഈസ്റ്റ് എളേരി പഞ്ചായത്തിലെ അയ്യേനിയിലെ കാട്ടാന ശല്യം, ആറ് പഞ്ചായത്തുകള്‍ക്ക് ഗുണകരമായ തൃക്കരിപ്പൂര്‍ പിഎച്ച്എസ്‌സി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. തുടങ്ങിയവയാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കൂടുതലും ചര്‍ച്ചയായത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എം.ഭാസ്‌കരനും, എം.രാജഗോപാലന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായും, കെ.പി.കുഞ്ഞിക്കണ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും മത്സര രംഗത്തുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.