ആവേശമായി സ്മൃതി ഇറാനിയുടെ റോഡ് ഷോ

Sunday 15 May 2016 2:32 am IST

തിരുവനന്തപുരം: പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രഥത്തിലേറി കൈവീശി കടന്നുവന്നപ്പോള്‍ ജനങ്ങളുടെ ആവേശം കൊടുമുടിയേറി. ബിജെപിയുടെ പ്രചാരണസമാപന ദിവസം താരപ്പൊലിമ സമ്മാനിച്ചു കൊണ്ടായിരുന്നു് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോ. തിരുവനന്തപുരം സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി എസ്. ശ്രീശാന്തിന്റെ റോഡ് ഷോയോടെയായിരുന്നു തുടക്കം. രാവിലെ 9.30ന് വെള്ളയമ്പലം ആല്‍ത്തറ ക്ഷേത്രസന്നിധിയില്‍ നിന്നാരംഭിച്ച റോഡ് ഷോ സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്തു. ശ്രീശാന്തിനെപോലുള്ള യുവ എംഎല്‍എമാര്‍ നിയമസഭയില്‍ എത്തിയാല്‍ സഭയുടെ കെട്ടും മട്ടും മാറും. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ജയത്തിലൂടെ കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് യാഥാര്‍ത്ഥ്യമാകാനാകുമെന്ന് സ്മൃതി ഇറാനി പറഞ്ഞു. അഴിമതിക്കാരായ യുഡിഎഫിനെയും അവര്‍ക്കെതിരെ പ്രതികരിക്കാതിരുന്ന എല്‍ഡിഎഫിനെയും ചവിട്ടി പുറത്താക്കേണ്ട തെരഞ്ഞെടുപ്പാണെന്ന് ചടങ്ങില്‍ പങ്കെടുത്ത നടന്‍ സുരേഷ് ഗോപി എംപി പറഞ്ഞു. ഇരുവരും ശ്രീശാന്തിനൊപ്പം രഥത്തിലേറി കുറെദൂരം സഞ്ചരിച്ചു. വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ റോഡ് ഷോ കവടിയാറില്‍ ഉദ്ഘാടനം ചെയ്തത് സ്മൃതി ഇറാനിയാണ്. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കില്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറി എന്‍ഡിഎ കേരളത്തില്‍ വിജയം വരിക്കുമെന്ന് സ്മൃതി ഇറാനി പറഞ്ഞു..താമര ചിഹ്നം ആലേഖനം ചെയ്ത ബിജെപിയുടെ പതാക കുമ്മനം രാജശേഖരന് കൈമാറി എന്‍ഡിഎയുടെ റോഡ്‌ഷോ ഉദ്ഘാടനം ചെയ്തു. കിലോമീറ്ററിലധികം നീളത്തിലാണ് റോഡ്‌ഷോക്കായി ഇരുചക്രവാഹനങ്ങള്‍ അണിനിരന്നത്. കുമ്മനത്തിന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകള്‍ ധരിച്ച് ബിജെപിയുടെയും ബിഡിജെഎസിന്റെയും പതാകകള്‍ ഏന്തിയ പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ സ്ഥാനംപിടിച്ചു. മേജര്‍ രവി, ബിജെപി സെക്രട്ടറി സി. ശിവന്‍കുട്ടി, വക്താവ് ജെ.ആര്‍. പത്മകുമാര്‍, ഫാ. ബേബി എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു. നേമം മണ്ഡലത്തിലെ റോഡ് ഷോ പൂജപ്പുരയില്‍ നിന്നാണ് ആരംഭിച്ചത്. സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിനൊപ്പം രഥത്തിലേറിയ സ്മൃതി ഇറാനി നെടുങ്കാട്, കമലേശ്വരം, മുട്ടത്തറ, പെരുനെല്ലി തുടങ്ങിയ സ്ഥലങ്ങളില്‍ കാത്തുനിന്നവര്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് സ്വീകരണം ഏറ്റുവാങ്ങി. കഴക്കൂട്ടത്ത് വി. മുരളീധരന്റെ റോഡ് ഷോയിലാണ് സ്മൃതി ഇറാനി അവസാനമായി പങ്കെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചുകൊണ്ടുള്ള ശ്രീകാര്യത്തെ യോഗം സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.