കെ.ടി. ഭാസ്‌ക്കരന്‍ ഹൈന്ദവ മുന്നേറ്റത്തിലെ അമരക്കാരന്‍

Sunday 15 May 2016 8:40 am IST

ന്യൂനപക്ഷ പ്രീണനത്തിന്റെ സമകാലിക സമസ്യകളില്‍ ഞെരിഞ്ഞമരുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നിലനില്‍ക്കണമെങ്കില്‍ പരസ്പരം തിരിച്ചറിയുകയും ഐക്യപ്പെടുകയും വേണമെന്ന് ആത്മാര്‍ത്ഥതയോടെ പറയുകയും എഴുതുകയും, അതിനായി പരിശ്രമിക്കുകയും ചെയ്ത സംഘാടകനായിരുന്നു കെ.ടി. ഭാസ്‌ക്കരന്‍. ഹൈന്ദവ ഐക്യത്തിന്റെ അനിവാര്യതയെക്കുറിച്ച് ദുര്‍ബല സമൂഹങ്ങളെ ബോധ്യപ്പെടുത്തുകയും ദേശീയധാരയിലേക്ക് അവരെ അടുപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നതില്‍ ഗണ്യമായ സംഭാവനകളര്‍പ്പിച്ച മനുഷ്യ സ്‌നേഹികൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അകാല വിയോഗം ഹൈന്ദവ സമൂഹത്തിന് തീരാനഷ്ടമാണ്. മാറാട് പ്രക്ഷോഭം, അരിപ്പ ഭൂസമരം, മുതലുളള വിവിധ ഹൈന്ദവ മുന്നേറ്റ സമരങ്ങള്‍ എന്നിവയ്ക്ക് ക്രിയാത്മകമായ നേതൃത്വം നല്‍കിയ അദ്ദേഹം, അദ്ധ്യാപകന്‍, എഴുത്തുകാരന്‍, സാമൂഹ്യ/സാംസ്‌കാരിക പ്രവര്‍ത്തകന്‍, സംഘാടകന്‍ എന്നീ നിലകളിലും തന്റേതായ പാത വെട്ടിത്തുറന്നു. തുടക്കത്തില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശന ബുദ്ധ്യാ നിരീക്ഷിച്ച അദ്ദേഹം സംഘ ശിബിരം സന്ദര്‍ശിക്കുകയും, സംഘ നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും ലാളിത്യത്തിലും സമഭാവനയിലും ആകൃഷ്ടനാവുകയും ചെയ്തു. തുടര്‍ന്ന് സംഘ സഹയാത്രികനായിത്തീര്‍ന്നു. സാമൂഹ്യനീതിക്കു വേണ്ടിയുളള പരിവാര്‍ പ്രസ്ഥാനങ്ങളുടെ സമരങ്ങളില്‍ പങ്കാളിയാവുകയും മുന്നണിപ്പോരാളിയായി നേതൃത്വത്തിലേക്ക് ഉയരുകയും ചെയ്തു. സാമൂഹ്യ സമരസതയുടെ സന്ദേശം ദളിത്/പിന്നാക്ക സമുദായങ്ങളില്‍ എത്തിക്കാനും, പിന്നീട് സംഘ പ്രസ്ഥാനങ്ങളോട് തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാനും അദ്ദേഹം മുന്നോട്ടു വന്നു. തിരിച്ചറിയപ്പെടാന്‍ വൈകിപ്പോയ സംഘടനയാണ് ആര്‍എസ്എസ് എന്നാണ് സംഘത്തെപ്പറ്റി അദ്ദേഹം വേദനയോടെ പറഞ്ഞത്. ആര്‍എസ്എസിനെതിരെയുളള എതിരാളികളുടെ കാലങ്ങളായുളള വ്യാജ പ്രചാരണങ്ങള്‍, ഒരു തലമുറയെത്തന്നെ തെറ്റിദ്ധരിപ്പിച്ചത്, തന്നെയും സ്വാധീനിച്ചുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. 'നേരത്തേ സംഘത്തെ തങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ അത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും, പൊതുവെ ഹിന്ദു സമൂഹത്തിനും, ഗുണകരമാകുമായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. രംഗനാഥമിശ്ര കമ്മീഷന്‍ ശുപാര്‍ശകള്‍ക്കു പിന്നിലെ കുടിലതകള്‍ തിരിച്ചറിയുകയും അവയ്‌ക്കെതിരെ, കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി അടക്കമുളള ദളിത്/പിന്നാക്ക സംഘടനകളെ ഏകോപിപ്പിക്കുകയും ചെയ്യുകയെന്ന ഭഗീരഥ പ്രയത്‌നത്തില്‍ അദ്ദേഹം ഹിന്ദു ഐക്യവേദിയുടെ കണ്ണും കാതും നാവുമായി. മിശ്ര കമ്മീഷന്‍ നിര്‍ദ്ദേശങ്ങളിലെ പോരായ്മകളും വീഴ്ചകളും, അവ നടപ്പാക്കിയാലുളള അപകടങ്ങളെയും പറ്റി വിവിധ ദളിത് സംഘടനാ നേതൃത്വവുമായി വിജയകരമായ ആശയവിനിമയം നടത്തുകയും അവരുടെ പ്രസിദ്ധീകരണങ്ങളില്‍ അതേപ്പറ്റിയുളള തന്റെ വീക്ഷണങ്ങളും ആശയങ്ങളും ലേഖനരൂപത്തില്‍ എഴുതി ബോധവത്ക്കരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം ഹിന്ദു ഐക്യവേദിക്ക് കനത്ത ആഘാതമാണെന്നു മാത്രമല്ല, ദളിത/പിന്നാക്ക വിഭാഗങ്ങള്‍ക്കും പരിഹരിക്കാനാവാത്ത നഷ്ടമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.