വി.വി.രമേശനെ ലോക്കല്‍ കമ്മിറ്റിയിലേക്ക്‌ തരംതാഴ്ത്തി

Monday 4 July 2011 10:07 pm IST

കാസര്‍കോട്‌: പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക്‌ എന്‍ആര്‍ഐ ക്വാട്ടയില്‍ 50 ലക്ഷം രൂപ നല്‍കി സീറ്റ്‌ ഉറപ്പാക്കിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററും സിപിഎം കാസര്‍കോട്‌ ജില്ലാകമ്മിറ്റി അംഗവുമായ വി.വി.രമേശനെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയിലേക്ക്‌ തരം താഴ്ത്തി. ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം എം.വി.ബാലകൃഷ്ണന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ്‌ രമേശനെതിരെ അച്ചടക്ക നടപടി ഉണ്ടായത്‌. കേന്ദ്ര കമ്മിറ്റി അംഗവും, എം.പിയുമായ പി.കരുണാകരന്റെ സാന്നിധ്യത്തില്‍ നടന്ന യോഗം കാഞ്ഞങ്ങാട്‌ ലോക്കല്‍ കമ്മിറ്റിയിലേക്കാണ്‌ വി.വി.രമേശനെ തരംതാഴ്ത്തിയിരിക്കുന്നത്‌.
പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും രമേശന്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ജില്ലാസെക്രട്ടറിയേറ്റില്‍ രമേശനെ ഏരിയാ കമ്മിറ്റിയിലേക്ക്‌ തരംതാഴ്ത്താനാണ്‌ തീരുമാനിച്ചിരുന്നതെങ്കിലും ജില്ലാ കമ്മിറ്റി ഈ നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നു. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതി രമേശന്‍ പ്രശ്നം ചര്‍ച്ചചെയ്യുകയും അന്തിമ തീരുമാനം എടുക്കാന്‍ ജില്ലാ കമ്മറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ ഇന്നലെ യോഗം നടന്നത്‌. യോഗത്തില്‍ ജില്ലാ കമ്മിറ്റിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും രമേശനെ ബ്രാഞ്ച്‌ കമ്മിറ്റിയിലേക്ക്‌ തരംതാഴ്ത്തണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശത്തോടുള്ള ഒത്തുതീര്‍പ്പ്‌ എന്ന നിലയിലാണ്‌ ലോക്കല്‍ കമ്മിറ്റിയിലേക്ക്‌ തരംതാഴ്ത്താന്‍ തീരുമാനിച്ചത്‌.
രമേശനെ ഏരിയാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ഔദ്യോഗിക വിഭാഗത്തിലെ കേന്ദ്ര-സംസ്ഥാന സമിതി അംഗങ്ങള്‍ വാദിച്ചെങ്കിലും ഒടുക്കം ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായത്തിന്‌ വിടുകയായിരുന്നു. പാര്‍ട്ടി ചുമതലയിലിരുന്ന്‌ അവിഹിതമായി കോടിക്കണക്കിന്‌ രൂപയുടെ സ്വത്ത്‌ സമ്പാദിച്ച രമേശനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കണമെന്നുവരെ ചില അംഗങ്ങള്‍ വാദിച്ചു. പാര്‍ട്ടി സ്വാധീനമുപയോഗിച്ച്‌ പലര്‍ക്കും വഴിവിട്ട്‌ സഹായം ചെയ്തുകൊടുത്തതു വഴി കോടികളാണ്‌ രമേശന്‍ സമ്പാദിച്ചതത്രെ. യോഗത്തില്‍ സംസ്ഥാന സമിതി അംഗങ്ങളായ കെ.കുഞ്ഞിരാമന്‍ എംഎല്‍എ, കെ.വി.കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറി കെ.പി.സതീഷ്‌ ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
-സ്വന്തം ലേഖകന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.