ചിദംബരത്തിനെതിരെ മണിശങ്കര്‍ അയ്യര്‍

Monday 4 July 2011 10:04 pm IST

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത്‌ അഴിമതിയെക്കുറിച്ച്‌ താന്‍ പ്രധാനമന്ത്രിക്ക്‌ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്‌ പിന്നില്‍ മന്ത്രി ചിദംബരമാണെന്ന്‌ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ മണിശങ്കര്‍ അയ്യര്‍ വെളിപ്പെടുത്തി.
കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ ഫണ്ട്‌ ദുര്‍വിനിയോഗത്തെക്കുറിച്ചുള്ള തന്റെ കത്തുകള്‍ മുന്‍ധനകാര്യമന്ത്രി പി. ചിദംബരം അവഗണിച്ചുവെന്ന്‌ മുന്‍ സ്പോര്‍ട്സ്‌ മന്ത്രിയായ അയ്യര്‍ കുറ്റപ്പെടുത്തി.
ഇപ്പോള്‍ ആഭ്യന്തരകാര്യമന്ത്രിയായ ചിദംബരത്തിന്‌ ധാരാളം കത്തുകളെഴുതിയെങ്കിലും ഒന്നിന്‌ പോലും മറുപടി ലഭിച്ചില്ലെന്നും അവ മന്ത്രിക്ക്‌ ലഭിച്ചോ എന്നുപോലും തനിക്കറിയില്ലെന്നും സിഎന്‍എന്‍-ഐബിഎന്‍ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ അയ്യര്‍ വെളിപ്പെടുത്തി. പക്ഷേ ഒരുകൂട്ടം മന്ത്രിമാരുടെ യോഗത്തിനുശേഷം സാധാരണ സാമ്പത്തിക നിയമങ്ങള്‍ പാലിക്കണമെന്ന എന്റെ നിര്‍ദ്ദേശം പോലും മന്ത്രി അവഗണിച്ചു. ഇതേക്കുറിച്ചും കത്തിലുടെ ഞാനദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്‌. ധനകാര്യ മന്ത്രിയോട്‌ നേരിട്ട്‌ ഫണ്ടുകള്‍ അനുവദിക്കാനും കായിക മന്ത്രാലയത്തെ ഒഴിവാക്കാനും താന്‍ ആവശ്യപ്പെട്ടിരുന്നു, അയ്യര്‍ തുടര്‍ന്നു.
നിയമങ്ങള്‍ ലംഘിച്ചുകൊണ്ട്‌ കല്‍മാഡി നയിച്ച സംഘാടക സമിതിക്ക്‌ ഗ്രാന്റുകള്‍ അനുവദിക്കുന്നതില്‍ എനിക്ക്‌ വളരെ പ്രയാസമനുഭവപ്പെട്ടതിനാലാണ്‌ അങ്ങനെ കത്തെഴുതിയത്‌. എന്റെ ഓര്‍മ്മശരിയാണെങ്കില്‍ ആ കത്തിന്‌ മറുപടി ലഭിക്കുകയോ, അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുകയോ ഉണ്ടായില്ല. ഗെയിംസിന്റെ നടത്തിപ്പുകള്‍ക്ക്‌ മേല്‍നോട്ടം വഹിച്ചിരുന്ന മന്ത്രിസഭാംഗങ്ങളേയും താനിത്‌ അറിയിച്ചിരുന്നതായി അയ്യര്‍ പറഞ്ഞു.
ഇക്കാര്യങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കാന്‍ അന്തരിച്ച അര്‍ജുന്‍സിംഗിന്റെ അധ്യക്ഷതയില്‍ ഒരുപറ്റം മന്ത്രിമാരുമുണ്ടായിരുന്നു. മാനവവികസന വകുപ്പുമന്ത്രി അധ്യക്ഷനായുള്ള സമിതിയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ്‌ മന്ത്രി, ഗ്രാമനഗരവികസന മന്ത്രി, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, ധനമന്ത്രി ഇവരുണ്ടായിരുന്നുവെന്നാണ്‌ എന്റെ ഓര്‍മ്മ, അയ്യര്‍ പറഞ്ഞു.
കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ഫണ്ടുകള്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസിലെ മന്ത്രി പൃഥ്വിരാജ്‌ ചൗഹാന്‍ തനിക്ക്‌ സൂചന നല്‍കിയിരുന്നു. എന്തോ ചീഞ്ഞുനാറുന്നുണ്ടെന്നും എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഞാന്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കേണ്ടതാണെന്നും ചൗഹാന്‍ അറിയിച്ചിരുന്നു. എന്റെ പ്രൈവറ്റ്‌ സെക്രട്ടറി എസ്‌.വൈ. ഖുറേഷി എന്ന കഴിവുള്ള, ആത്മാര്‍ത്ഥതയുള്ള മനുഷ്യനാണ്‌ പിന്നീട്‌ ചീഫ്‌ ഇലക്ഷന്‍ കമ്മീഷണറായത്‌.
കഴിഞ്ഞയാഴ്ചയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിനിടയില്‍ മണിശങ്കര്‍ അയ്യര്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിനോട്‌ താത്വികമായി എതിരാണെന്ന്‌ വെളിപ്പെടുത്തിയിരുന്നു. പക്ഷേ ഗെയിംസ്‌ സംഘാടക സമിതിയുടെ അഴിമതിയെക്കുറിച്ച്‌ പ്രധാനമന്ത്രിയെ അറിയിക്കേണ്ടത്‌ തന്റെ കടമയാണെന്ന്‌ അയ്യര്‍ പ്രതികരിച്ചു. തന്റെ കത്തുകള്‍ പ്രസിദ്ധീകരിച്ചാല്‍ പ്രധാനമന്ത്രിക്ക്‌ ഓര്‍മ്മവന്നേക്കാമെന്ന്‌ 'ഹെഡ്‌ ലൈന്‍സ്‌ ടുഡേ' എന്ന ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ അയ്യര്‍ അറിയിച്ചു.
തിഹാര്‍ ജയിലില്‍ കല്‍മാഡിക്കൊപ്പം കഴിയാന്‍ ഞാനൊരുക്കമല്ല. എല്ലാവരും കരുതിയപോലെ അത്‌ രണ്ട്‌ വ്യക്തിത്വങ്ങളുടെ സംഘട്ടനമായിരുന്നില്ല. എന്റെ ആദ്യത്തെ ആശങ്ക താത്വികമായിരുന്നു. പിന്നീടാണ്‌ വലിയ സാമ്പത്തിക ക്രമക്കേടാണ്‌ നടന്നതെന്ന്‌ ഞാന്‍ മനസ്സിലാക്കിയത്‌, അയ്യര്‍ തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.