തിരുവനന്തപുരം: വോട്ടെടുപ്പുദിവസമായ ഇന്ന് ഗവര്‍ണറും ജില്ലയിലെ പ്രമുഖനേതാക്കളും സ്ഥാനാര്‍ത്ഥികളും നഗരത്തിലെ വിവിധ സ്കൂളുകളില്‍ വോട്ടുരേഖപ്പെടുത്തും. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവും ഭാര്യ സരസ്വതിയും ജവഹര്‍ നഗര്‍ എല്‍പിഎസില്‍ രാവിലെ 8.30 ന് വോട്ടുചെയ്യും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥിയുമായ കുമ്മനം ഫോര്‍ട്ട് ഹൈസ്കൂളില്‍ രാവിലെ 8.30 നും മുന്‍ കേന്ദ്രമന്ത്രിയും നേമം സ്ഥാനാര്‍ത്ഥിയുമായ ഒ. രാജഗോപാല്‍ ജവഹര്‍നഗര്‍ എല്‍പി സ്കൂളില്‍ ഒമ്പതിനും വോട്ടുചെയ്യും. സമ്പൂര്‍ണ്ണ സാക്ഷരതയുള്ള സംസ്ഥാനത്തെ ജനങ്ങള്‍ നൂറുശതമാനവും വോട്ടുചെയ്ത് മറ്റൊരു ചരിത്രം രചിയ്ക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.
കഴക്കൂട്ടം മണ്ഡലം സ്ഥാനാര്‍ത്ഥി വി. മുരളീധരന് കോഴിക്കോട് കാരാപ്പറമ്പ് എച്ച്എസ്എസിലും സുരേഷ്ഗോപി എംപി ഏഴിന് ശാസ്തമംഗലം എച്ച്എസ്എസിലും തിരുവനന്തപുരം സ്ഥാനാര്‍ത്ഥി ശ്രീശാന്ത് എറണാകുളം ഇടപ്പള്ളി ഗവ. ഹൈസ്കൂളിലും വോട്ടുരേഖപ്പെടുത്തും. ചിറയിന്‍കീഴ് മണ്ഡലം സ്ഥാനാര്‍ത്ഥി ഡോ.പി.പി. വാവ പേരൂര്‍ക്കട നടരാജകുളങ്ങര ഗവ.എച്ച്എസ്എസില്‍ വോട്ടുചെയ്യും. അരുവിക്കര സ്ഥാനാര്‍ത്ഥി രാജസേനന് മേലാറന്നൂര്‍ ഹൈസ്കൂളിലും വി.വി. രാജേഷ് കരിപ്പൂര്‍ ഗവ. എച്ച്എസ്എസിലും കരമന ജയന് പൂജപ്പുര എല്‍ബിഎസിലും വോട്ടുചെയ്യും.
ലത്തീന്‍ കത്തോലിക്കാസഭ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ജവഹര്‍ നഗര്‍ യുപിഎസില്‍ രാവിലെ എട്ടിനും സീറോ മലബാര്‍ സഭാ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാബാവ പട്ടം ഗവ. എച്ച്എസ്എസില്‍ ഒമ്പതിനും വോട്ടുരേഖപ്പെടുത്തും.
എല്‍ഡിഎഫിലെ എം.എ.ബേബി സ്റ്റാച്യു ഡിഇഒ ഓഫീസിലും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് കുന്നുകുഴി എല്‍പിഎസിലും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി ജഗതി യുപിഎസിലും സ്പീക്കര്‍ എന്‍.ശക്തന് പാങ്ങോട് യുപിഎസിലും വി.എസ്. ശിവകുമാര്‍ ശാസ്തമംഗലം എന്‍എസ്എസിലും വോട്ടുചെയ്യും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളി ജോര്‍ജ്ജിയന്‍ പബ്ലിക് സ്കൂളില്‍ രാവിലെ 9 ന് തന്റെ സമ്മതിദാന അവകാശം വിനിയോഗിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയം ഗവ. മോഡല്‍ സ്കൂളില്‍ രാവിലെ 7 ന് വോട്ട് രേഖപ്പെടുത്തും. കെ.എം മാണി പാലാ സെന്റ്തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും , എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് കുടമാളൂര്‍ ഗവ. എച്ച്എസ്എസ്സില്‍ രാവിലെ 8 നും വോട്ട് രേഖപ്പെടുത്തും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാഴപ്പള്ളി സെന്റ് തെരേസാസ് കോണ്‍വെന്റിലെ പോളിംഗ്ബൂത്തില്‍ രാവിലെ 7.30 ന് വോട്ട് ചെയ്യും. ജസ്റ്റിസ് കെ. ടി. തോമസ് കഞ്ഞിക്കുഴി സിഎസ്ഐ എല്‍പി സ്കൂളില്‍ ഉച്ചയ്ക്ക് 12ന് വോട്ടു രേഖപ്പെടുത്തും.
പ്രമുഖര്‍ മറ്റു തിരക്കുകകള്‍ മാറ്റിവെച്ച് കൃത്യമായി ഇത്തവണയും വോട്ടു ചെയ്യാനെത്തും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ബിഡിജെഎസ് സംസ്ഥാന പ്രസിഡനന്റ് തുഷാര്‍ വെള്ളാപ്പള്ളി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്, മുന്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ. സി. വേണുഗോപാല്‍ , മുന്‍ മന്ത്രിമാരായ ടി. എം. തോമസ് ഐസക്, ജി. സുധാകരന്, മുന്‍ മന്ത്രിയും ജെഎസ്എസ് നേതാവുമായ കെ. ആര്. ഗൗരിയമ്മ എന്നിവര്‍ ജില്ലയിലെ വിവിധ ബൂത്തുകളില്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും ഉച്ചക്ക് 12.30 ന് മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കണിച്ചുകുളങ്ങര സ്കൂളിലെ ബൂത്തില്‍ കുടുംബ സമേതമെത്തി വോട്ട് രേഖപ്പെടുത്തും. മന്ത്രി രമേശ് ചെന്നിത്തല രാവിലെ എട്ടിന് ചെന്നിത്തലയിലെ വീടിന് സമീപത്തെ തൃപ്പെരുന്തുറ ഗവ. സ്കൂളിലെ ബൂത്തില്‍ ഭാര്യാസമേതമെത്തി വോട്ട് ചെയ്യും. പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന് ഉച്ചക്ക് ശേഷമായിരിക്കും വോട്ട് ചെയ്യുക.
പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 63-ാം നമ്പര്‍ ബൂത്തിലാണ് വിഎസിന് വോട്ട്. ഡോ. തോമസ് ഐസക് കിടങ്ങാംപറമ്പ് എല്‍പി സ്കൂളിലെ ബൂത്തിലെത്തി രാവിലെ ഏഴിന് വോട്ട് ചെയ്യും. ജി. സുധാകരന് പറവൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ ബൂത്തിലും കെ. സി. വേണുഗോപാല്‍ എംപി തിരുവമ്പാടി ഹയര്‍സെക്കണ്ടറി സ്കൂളിലെ ബൂത്തിലും രാവിലെ ഏഴിന് വോട്ട് ചെയ്യും. ജെഎസ്എസ് നേതാവ് ഗൗരിഅമ്മ രാവിലെ 10ന് ആലപ്പുഴ മുനിസിപ്പാലിറ്റി ചാത്തനാട് വാര്‍ഡില്‍ മന്നം സ്കൂള്‍ ബൂത്തില്‍ വോട്ട് ചെയ്യും. വയലാര്‍ രവി എംപി രാവിലെ 11.30ന് വയലാര്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: