മാറാട് കൂട്ടക്കൊല: കള്ള പ്രചാരണവുമായി സിപിഎം

Monday 16 May 2016 1:07 am IST

കോഴിക്കോട്: നിശ്ശബ്ദ പ്രചാരണദിവസം നുണ പ്രചാരണവുമായി സിപിഎം. മാറാട് കൂട്ടക്കൊലയ്ക്ക് ശേഷം എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയിട്ടും എന്തുകൊണ്ടാണ് സിബിഐ അന്വേഷണം നടത്താതിരുന്നതെന്നാണ് സിപിഎം നേതൃത്വം പലപേരുകളില്‍ പ്രസിദ്ധീകരിച്ച നോട്ടീസുകളിലൂടെ ചോദിക്കുന്നത്. എന്നാല്‍ സിബിഐ അന്വേഷണം കേന്ദ്രസര്‍ക്കാരിന് പ്രഖ്യാപിക്കണമെങ്കില്‍ ഒന്നുകില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശമോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശയോ വേണമെന്ന സത്യം മറച്ചുവെച്ചുകൊണ്ടാണ് സിപിഎം നേതൃത്വം കള്ള പ്രചാരണം നടത്തുന്നത്. സംസ്ഥാനത്ത് അധികാരത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും മാറാട് കൂട്ടക്കൊലയില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ ശക്തിയുക്തം എതിര്‍ത്തവരാണ് ഇന്ന് പുതിയ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. സിബിഐ അന്വേഷണ ആവശ്യത്തെ നിരാകരിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ വിയര്‍പ്പൊഴുക്കിയ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയുമായി എത്തിയത് അന്നത്തെ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായിരുന്നു. മാറാട് ജുഡീഷ്യല്‍ കമ്മിഷന് മുമ്പാകെ പിണറായി വിജയന്‍ 2012 ജൂണ്‍ 23 ന് അസന്നിഗ്ദമായി വ്യക്തമാക്കിയത് മാറാട് കൂട്ടക്കൊല സിബിഐ അന്വേഷിക്കേണ്ടതില്ലെന്നാണ്. പിന്നീട് മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനസര്‍ക്കാരിന് സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാതെ മറ്റു ഗതിയില്ലാതെ വന്നു. എന്നാല്‍ അന്ന് കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളയുകയാണുണ്ടായത്.കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലൂടെ കേന്ദ്രസര്‍ക്കാരും സിപിഎം നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരും ഒത്തൊരുമിച്ച് സിബിഐ അന്വേഷണ ആവശ്യത്തെ അട്ടിമറിക്കുകയാണുണ്ടായത്. ഇതെല്ലാം മറച്ചുവെച്ചു കൊണ്ടാണ് സിബിഐ അന്വേഷണം നടക്കാത്തതിനെക്കുറിച്ച് സിപിഎം കള്ള പ്രചാരണം നടത്തുന്നത്. വര്‍ഗീയ പ്രീണനം നടത്തുന്ന സിപിഎമ്മിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നുവരുന്ന പ്രതിഷേധത്തെ ശമിപ്പിക്കാനാണ് പുതിയ അടവു നയവുമായി പാര്‍ട്ടി രംഗത്തു വന്നിരിക്കുന്നത്. ബേപ്പൂരിന് മുസ്ലിം എംഎല്‍എയും കോഴിക്കോട്ടിന് മുസ്ലിം മേയറും ഉണ്ടാവണമെന്ന ഡിസിസി പ്രസിഡന്റിന്റെ വിവാദ പ്രസംഗത്തിനെതിരെ പ്രതികരിക്കാത്തവരാണ് മാറാട് പ്രശ്‌നത്തില്‍ കള്ള പ്രചാരണവുമായി രംഗത്തു വന്നിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.