ബിജെപി അക്കൗണ്ട് തുറക്കും: ജസ്റ്റിസ് കെ.ടി തോമസ്

Monday 16 May 2016 9:34 pm IST

കോട്ടയം: കേരളത്തില്‍ തൂക്കുമന്ത്രിസഭ വരില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുടുംബാംഗങ്ങളോടൊത്ത് പുതുപ്പള്ളി ജോര്‍ജ്ജിയന്‍ പബ്ലിക്‌സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടും. തുടര്‍ഭരണമുണ്ടായാല്‍ അത് മുന്നണിയുടെ നേട്ടമാണ്. മറിച്ചാണെങ്കില്‍ ഉത്തരം പറയാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എംപി നേതാവ് കെ.കെ രമക്കെതിരെ സിപിഎം നടത്തിയ അക്രമണം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ്. സ്ത്രീസുരക്ഷയെപ്പറ്റി പരസ്യം നല്‍കിയ ശേഷമായിരുന്നു ഈ നടപടി. മഴയെ അവഗണിച്ചുള്ള മികച്ച പോളിംഗ് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു. കഞ്ഞിക്കുഴി സിഎംഎസ് എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും ത്രികോണമത്സരമാണ് നടക്കുന്നത്. എല്‍ഡിഎഫ് അധികാരത്തിലെത്തുമോ എന്ന് ഉറപ്പു പറയാനാകില്ല. സ്ഥിതിഗതികള്‍ യുഡിഎഫിന് അനുകൂലമാണെന്ന് ഇതിനര്‍ത്ഥമില്ല. ഇക്കുറി തെരഞ്ഞെടുപ്പ്ഫലം പ്രവചനാതീതമായിരിക്കുമെന്നും ജസ്റ്റിസ് കെ.ടി തോമസ് കൂടിച്ചേര്‍ത്തു. ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനാവില്ലെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി.സി ജോര്‍ജ്ജ് പറഞ്ഞു. ഈരാറ്റുപേട്ട ഗവ. എച്ച്.എസ്സില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ആരു ഭരിക്കണമെന്ന് ഇനി പൂഞ്ഞാറിലെ ജനങ്ങളാവും തീരുമാനിക്കുക. പാലായില്‍ കെ.എം മാണി ആയിരം വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെടുമെന്നും പി.സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ പ്രമുഖരില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.എം മാണി, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. കോട്ടയം ഗവ. എല്‍പി സ്‌കൂളിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വോട്ടു രേഖപ്പെടുത്തിയത്. വൈക്കം വിശ്വന്‍ കുടമാളൂര്‍ സ്‌കൂളിലും ജി സുകുമാരന്‍ നായര്‍ വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിലും സമ്മതിദാനാവകാശം രേഖപ്പെടുത്തി. ജനാധിപത്യം നിലനിര്‍ത്തുന്നവര്‍ക്ക് വോട്ടുചെയ്യണമെന്ന് ജി. സുകുമാരന്‍ നായര്‍ വോട്ടുചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാലായില്‍ വന്‍ ഭൂരിപക്ഷം നേടുമെന്ന് കെ.എം മാണി പറഞ്ഞു. എന്നാല്‍ ശക്തമായ മത്സരമാണ് നടക്കുന്നതെന്നും മാണി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.