രാജകുടുംബാംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി

Monday 16 May 2016 10:04 pm IST

തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ബായി മക്കളായ മാര്‍ത്താണ്ഡവര്‍മ, ആദിത്യവര്‍മ, മരുമകള്‍ രശ്മി വര്‍മ എന്നിവര്‍ വോട്ടു ചെയ്തശേഷം പുറത്തേക്ക് വരുന്നു

തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി. മുതിര്‍ന്ന അംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ബായിയുടേത് കന്നിവോട്ടായിരുന്നു. മക്കളായ മാര്‍ത്താണ്ഡവര്‍മ, ആദിത്യവര്‍മ, മരുമകള്‍ രശ്മി വര്‍മ എന്നിവരോടൊപ്പം പേരൂര്‍ക്കട ടെമ്പിള്‍ എന്‍ട്രി മെമ്മോറിയല്‍ സ്‌കൂളിനു സമീപമുള്ള പ്രൈമറി ഹെല്‍ത്ത് ട്രെയിനിങ്ങ് ഇന്‍സ്റ്റിട്ട്യൂട്ടിലെ 82-ാം നമ്പര്‍ ബൂത്തിലെത്തിയാണ് അവര്‍ വോട്ടു ചെയ്തത്. അധികം തിരക്ക് അനുഭവപ്പെടാതിരുന്ന സമയത്താണ് രാജകുടുംബാംഗങ്ങള്‍ ബൂത്തിലെത്തിയത്.

രാജകുടുംബത്തിലെ പഴയ തലമുറയില്‍പ്പെട്ട ആരും ഒരു തെരഞ്ഞെടുപ്പിലും വോട്ടു ചെയ്തിരുന്നില്ല. ഭാരതം സ്വാതന്ത്ര്യം നേടുമ്പോള്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മയോ അദ്ദേഹത്തിന്റെ സഹോദരന്‍ ഉത്രാടം തിരുനാളോ അമ്മയോ സഹോദരി കാര്‍ത്തികതിരുനാളോ അവരുടെ മക്കളായ പൂയം തിരുനാള്‍ ഗൗരി പാര്‍വതീ ബായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ബായി എന്നിവരോ ജീവിതത്തിലൊരിക്കലും വോട്ടു ചെയ്തിരുന്നില്ല. വോട്ടു ചെയ്താല്‍ ഏതെങ്കിലുമൊരു കക്ഷിയുടെ പക്ഷം ചേരുന്നു എന്ന അര്‍ത്ഥം വരും. അതുണ്ടാകാതിരിക്കാനാണ് രാജകുടുംബാംഗങ്ങളാരും വോട്ടു ചെയ്യേണ്ട എന്ന തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ഈ പതിവ് തെറ്റിച്ചാണ് ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിച്ച് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ തന്റെ കന്നി വോട്ട് രേഖപ്പെടുത്തിയത്.

ശ്രീപദ്മനാഭന്റെ തിരുവുള്ളമാണ് തന്നെക്കൊണ്ട് വോട്ടു ചെയ്യിച്ചതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആരാണോ നാടിന് നന്മ ചെയ്യുന്നത് അവര്‍ ജയിക്കട്ടെ. അല്ലെങ്കില്‍ ജയിച്ചുവരുന്നവര്‍ നാടിന് നന്മ ചെയ്യട്ടെ. ഒരു പാര്‍ട്ടിയോടും തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ക്ക് വിരോധമോ വിധേയത്വമോ ഇല്ല. ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണമെന്ന് ശ്രീപദ്മനാഭന്‍ തോന്നിച്ചു.

ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യുമോ എന്ന ചോദ്യത്തിന് അത് കാലം തീരുമാനിക്കട്ടെ എന്നായിരുന്നു അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ബായിയുടെ ഉത്തരം.
മക്കളൊക്കെ നേരത്തെ വോട്ടു ചെയ്തിട്ടുണ്ട്. എന്നാല്‍ വോട്ടു രേഖപ്പെടുത്തല്‍ ഇത്ര എളുപ്പമാണെന്ന് കരുതിയില്ല. ഇക്കുറി വളരെ ആലോചിച്ചിട്ടു തന്നെയാണ് വോട്ടു ചെയ്തത് – അവര്‍ കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.