റോം: റോം മാസ്റ്റേഴ്സ് ടെന്നീസ് വനിതാ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ജോഡി ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം ജേതാക്കള്‍. ഫൈനലില്‍ റഷ്യയുടെ എലേന വെസ്നിന-എകാത്രിന മകരോവ സഖ്യത്തെയാണ് ഇന്തോ-സ്വിസ് സഖ്യം കീഴടക്കിയത്, സ്കോര്‍: 6-1, 6-7, 10-3. കഴിഞ്ഞയാഴ്ച മാഡ്രിഡില്‍ ഫൈനലില്‍ തോറ്റ സഖ്യത്തിന് ഫ്രഞ്ച് ഓപ്പണിനു മുന്‍പ് ആത്മവിശ്വാസം വീണ്ടെടുത്തു നല്‍കും റോമിലെ ജയം. ഈ വര്‍ഷം സിഡ്നി, ബ്രിസ്ബേന്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍, സെന്റ്പീറ്റേഴ്സ്ബര്‍ഗ് എന്നിവിടങ്ങളില്‍ ജേതാക്കളായിരുന്നു സാനിയ-ഹിംഗിസ് സഖ്യം.
മുറെ, സെറീന ജേതാക്കള്‍
റോം മാസ്റ്റേഴ്സ് ടെന്നീസ് സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ ആന്‍ഡി മുറെയും ഒന്നാം നമ്പര്‍ സെറീന വില്യംസും ജേതാക്കള്‍. പുരുഷന്മാരില് ഒന്നാം സീഡ് നൊവാക് ദ്യോകോവിച്ചിനെ തുടര്‍ച്ചയായ സെറ്റില്‍ തുരത്തിയാണ് മുറെ ചാമ്പ്യനായത്, സ്കോര്‍: 6-3, 6-3. കഴിഞ്ഞയാഴ്ച മാഡ്രിഡ് മാസ്റ്റേഴ്സ് ഫൈനലില്‍ ദ്യോകോയില്നിന്നേറ്റ തോല്‍വിക്കുള്ള തിരിച്ചടികൂടിയായി മുറെയുടെ ജയം. മത്സരം ഒരു മണിക്കൂര്‍ 35 മിനിറ്റില്‍ അവസാനിച്ചു. 32 തവണ ഇരു താരങ്ങളും ഏറ്റുമുട്ടിയതില്‍ മുറെയുടെ പത്താം ജയമാണിത്. ഇതോടെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ആത്മവിശ്വാസത്തോടെയിറങ്ങാന് മുറെയ്ക്ക് അവസരമൊരുങ്ങും.
വനിതകളില്‍ യുഎസ് താരം മാഡിസണ്‍ കീസിനെയാണ് സെറീന മറികടന്നത്, സ്കോര്‍: 7-6, 6-3. ജയത്തോടെ കിരീടവരള്‍ച്ച അവസാനിപ്പിക്കാനുമായി ലോക ഒന്നാം നമ്പര്‍ താരത്തിന്. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം പ്രധാന ചാമ്പ്യന്പട്ടങ്ങളൊന്നും സെറീനയുടെ അക്കൗണ്ടിലെത്തിയിരുന്നില്ല. ഒരു മണിക്കൂര്‍ 24 മിനിറ്റില്‍ എതിരാളിയുടെ വെല്ലുവിളി അവസാനിപ്പിച്ചു സെറീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: