എക്‌സിറ്റ് പോള്‍ ;ആസാമില്‍ ബിജെപി കേരളത്തില്‍ നാലു സീറ്റുകള്‍

Monday 16 May 2016 11:28 pm IST

കൊച്ചി: ജനവിധി ഔദ്യോഗികമായി അറിയാന്‍ ഇനി രണ്ടുനാള്‍ കാത്തിരിക്കണമെങ്കിലും വിജയസാധ്യതകള്‍ സൂചിപ്പിക്കുന്ന എക്‌സിറ്റ് പോളുകളുടെ ഫലം പുറത്തുവന്നു. കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റിലും വിജയമുണ്ടാകില്ലെന്ന് ഇടതു-മുന്നണി നേതാക്കള്‍ ആണയിട്ടു പറഞ്ഞുവെങ്കിലും എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് നാലുസീറ്റുകള്‍ ഉറപ്പു പറയുന്നു. എല്ലാ സര്‍വേകളും ആസാമില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമാണ് പ്രവചിയ്ക്കുന്നത്. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ തുടരും. കേരളത്തില്‍ ഭരണമാറ്റം ഇടതു മുന്നണിയ്ക്കനുകൂലമാകുമെന്നാണ് സര്‍വേ പ്രവചനം. ബിജെപിക്ക് നാലു സീറ്റുകള്‍ വരെ ചില സര്‍വേകള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ ജയലളിതയുടെ ഭരണം മാറുമെന്നും ഡിഎംകെ അധികാരത്തില്‍ വരുമെന്നും സര്‍വേകള്‍ സൂചന നല്‍കുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന് കനത്ത പരാജയമാണ് ആക്‌സിസ്‌മൈ ഇന്ത്യ ഏജന്‍സിയുടെ പ്രവചനം. ഘടക കക്ഷിയായ മുസ്ലിം ലീഗിനേക്കാള്‍ കുറവ് സീറ്റായിരിക്കും കോണ്‍ഗ്രസിനു മാത്രം. അഴിമതിയ്‌ക്കെതിരേയായിരിക്കും വിലയിരുത്തല്‍. ബിജെപിക്ക് മൂന്ന്-നാലു സീറ്റുകള്‍ വരെ കിട്ടാം. തലസ്ഥാനത്ത് മാത്രം ബിജെപിക്ക് മൂന്നു സീറ്റില്‍ വിജയം പ്രവചിക്കുന്ന സര്‍വേ, പാലക്കാട്ട് രണ്ടു സീറ്റും മലബാറില്‍ രണ്ടു സീറ്റും കിട്ടിയേക്കാമെന്നും പറയുന്നു. വമ്പന്മാരുടെ പതനമാണ് സര്‍വേ പ്രവചിക്കുന്നത്. മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു, എം. കെ. മുനീര്‍ എന്നിവര്‍ തോല്‍ക്കുമെന്നാണ് സര്‍വേ പ്രവചനം. എന്നാല്‍ സര്‍വേ ഫലം അന്തിമമല്ലെന്നാണ് നേതാക്കളുടെ പ്രതികരണം. മുമ്പും സര്‍വേ ഫലങ്ങളും എക്‌സിറ്റ് പോളും കൃത്യമല്ലെന്നു തെളിഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. പ്രവചനങ്ങളില്ല, ജനവിധിയിലാണ് വിശ്വാസമെന്നും ബിജെപിക്ക് സംസ്ഥാന ജനത മികച്ച വിജയം നല്‍കുമെന്നുതന്നെ കരുതുന്നുവെന്നും പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു. അതേസമയം കേരളത്തിലെ പ്രവചന ഫലം ശരിയാണെന്നും ബംഗാളിലേത് ശരിയല്ലെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ എക്‌സിറ്റ് പോള്‍ ഫലത്തെ പാടേ തള്ളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.