മതംമാറ്റാന്‍ സമ്മാനപ്പൊതി നല്‍കിയവര്‍ വന്‍തോതില്‍ പണപ്പിരിവും നടത്തി

Monday 4 July 2011 10:06 pm IST

തൃശൂര്‍: അമേരിക്കന്‍ സമ്മാനപ്പൊതി വിതരണം ചെയ്തതോടൊപ്പം ഇതിന്റെ മറവില്‍ കേരളത്തില്‍ ക്രിസ്തീയ സംഘടനകള്‍ വ്യാപകമായി പണം പിരിച്ചതായി സൂചന. ഈ പണം മതംമാറ്റപ്രവര്‍ത്തനത്തിനാണ്‌ ഉപയോഗിച്ചതെന്നും പറയുന്നു. പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്‌ പണം പിരിക്കാന്‍ രസീത്‌ അടിച്ചത്‌ തൃശൂരില്‍ നിന്ന്‌. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ പണം പിരിച്ചതും പ്രവര്‍ത്തിച്ചതും തൃശൂര്‍, പാലക്കാട്‌ ജില്ലകളില്‍ നിന്നാണ്‌. ഗോസ്പല്‍ മിഷന്‍ ഓഫ്‌ ഇന്ത്യയുടെ കേരള ഘടകമാണ്‌ തട്ടിപ്പിന്‌ നേതൃത്വം നല്‍കിയിട്ടുള്ളത്‌. മതംമാറ്റത്തെ സംബന്ധിച്ചുള്ള വാര്‍ത്ത ജന്മഭൂമിയാണ്‌ ആദ്യം പുറത്തുകൊണ്ടുവന്നത്‌. ജൂണ്‍ 26ന്‌ സേവനത്തിന്റെ മറവില്‍ മതപരിവര്‍ത്തനം എന്ന പേരിലാണ്‌ ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌.
ഗോസ്പല്‍ മിഷന്‍ ഓഫ്‌ ഇന്ത്യ, വട്ടംറുപേല്‍ ഹൗസ്‌, മാക്കാംകുന്ന്‌, പത്തനംതിട്ട എന്ന വിലാസത്തില്‍ തൃശൂരിലെ സ്വകാര്യ പ്രസില്‍ പ്രിന്റ്‌ ചെയ്തതാണ്‌ ഈ നോട്ടീസും രസീതും. എന്നാല്‍ മാക്കംകുന്നില്‍ ഇങ്ങനെയൊരു ഓഫീസ്‌ പ്രവര്‍ത്തിക്കുന്നില്ല. പക്ഷേ പത്തനംതിട്ടയിലെ അടിമാലിയില്‍ ഇങ്ങനെയൊരു ഓഫീസ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. പ്രകൃതി ദുരിതാശ്വാസ സഹായത്തിന്റെ മറവില്‍ വിദേശത്തുനിന്ന്‌ കേരളത്തിലേക്ക്‌ വരുന്ന വസ്തുക്കള്‍ കൈപ്പറ്റുകയും അത്‌ കേരളത്തില്‍ വിതരണം ചെയ്യുകയും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ പണം പിരിക്കുകയും ചെയ്തതായാണ്‌ അന്വേഷണത്തില്‍ അറിയാനായത്‌. ഇത്‌ സംബന്ധിച്ച്‌ പോലീസ്‌ ഇന്റലിജന്‍സ്‌ വിഭാഗം നടത്തിയ അന്വേഷണത്തിലും കൃത്യമായ വിലാസമില്ലാതെയാണ്‌ പണപ്പിരിവ്‌ നടത്തിയതെന്ന്‌ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ 21 ന്‌ തൃശൂരില്‍ വിദേശത്ത്‌ നിന്നെത്തിയ ഇത്തരം വസ്തുക്കളുടെ വിതരണം നടന്നപ്പോള്‍ അതിനായി തെരഞ്ഞെടുത്തിരുന്ന ദരിദ്രരില്‍ നിന്നും പറ്റിയത്‌ 25 രൂപ വീതമാണ്‌. എന്നാല്‍ കഴിഞ്ഞ മാസം പാലക്കാട്‌ ചിറ്റൂരില്‍ ഇതേ വിതരണ ചടങ്ങിനായി വാങ്ങിയത്‌ 40 രൂപ മുതല്‍ 100 രൂപ വരെ വെച്ചാണ്‌. സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണ്‌ ഈ തുകയെന്നാണ്‌ പണം സ്വീകരിച്ചവര്‍ ഉപഭോക്താക്കളോട്‌ പറഞ്ഞത്‌. എന്നാല്‍ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ ഈ സംഘങ്ങള്‍ കേരളത്തില്‍ നിന്ന്‌ മാത്രം കഴിഞ്ഞ ആറ്‌ മാസത്തിനിടയില്‍ പിരിച്ചത്‌ കണക്കില്ലാത്തത്രയാണെന്ന്‌ പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന്‌ ലഭിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
വിദേശത്ത്‌ നിന്നുള്‍പ്പെടെ കോടിക്കണക്കിന്‌ രൂപയാണ്‌ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലേക്കെത്തുന്നതെന്ന്‌ കസ്റ്റംസ്‌ വിഭാഗം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും കേന്ദ്ര ആദായ നികുതി വിഭാഗത്തിനും നല്‍കിയിരിക്കുന്നത്‌. പണപ്പിരിവിനും, പേര്‌ ചേര്‍ക്കലിനുമായി ഉപയോഗിക്കുന്ന ഫോറത്തില്‍ വിതരണം ചെയ്യുന്ന വസ്തുവിനെക്കുറിച്ച്‌ പരാതിപ്പെടരുതെന്നും, ഫോറങ്ങള്‍ കുട്ടികളോ, രക്ഷിതാക്കളോ നേരിട്ട്‌ ഓഫീസിലേക്ക്‌ അയയ്ക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. എന്നാല്‍ കോട്ടയത്തെ ഒരു സ്വകാര്യ പ്രസിലും ഇതു പോലെ പ്രിന്റ്‌ ചെയ്യാന്‍ നല്‍കിയിട്ടുള്ളതും ഞങ്ങളുടെ അന്വേഷണത്തില്‍ അറിവായി. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ കേരളത്തില്‍ നിന്ന്‌ വ്യാപകമായി പണം പിരിക്കുകയും വിദേശ രാജ്യങ്ങളില്‍ നിന്ന്‌ കണക്കില്ലാതെ പണമൊഴുകുന്നതുമായ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. സമ്മാനപ്പൊതികള്‍ വിതരണം ചെയ്ത്‌ വ്യാപകമായ രീതിയില്‍ മതംമാറ്റം നടത്തുകയാണ്‌ ഇതിന്റെ പിന്നിലെ ലക്ഷ്യം. മലയോരമേഖലകളിലും അതോടൊപ്പം നിര്‍ധനരായ ഹൈന്ദവ കുടുംബങ്ങളെയും ലക്ഷ്യമാക്കിയാണ്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്‌. രഹസ്യകേന്ദ്രങ്ങളില്‍ വിളിച്ചുവരുത്തി സമ്മാനങ്ങള്‍ നല്‍കുന്ന രീതിയും ഇവര്‍ തുടരുന്നുണ്ട്‌.
-കൃഷ്ണകുമാര്‍ ആമലത്ത്‌