തെരഞ്ഞെടുപ്പ് ഫലത്തിന് നെഞ്ചിടിപ്പോടെ നേതൃത്വം; ശക്തി നഷ്ടമായാല്‍ ആര്‍എസ്പിയെ കാത്തിരിക്കുന്നത് ദുരന്തം

Tuesday 17 May 2016 11:21 am IST

എ. ശ്രീകാന്ത് കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പരാജയപ്പെട്ടാല്‍ ആര്‍എസ്പിയെ കാത്തിരിക്കുന്നത് രാഷ്ട്രീയദുരന്തമാണ്. തങ്ങളുടെ വരുതിയില്‍ വരാത്തതിനാലും കേന്ദ്രനേതൃത്വത്തിന് താല്‍പര്യം കുറഞ്ഞതിനാലും ഒട്ടും അയവില്ലാതെ പഴയ ഇടതുപക്ഷപാര്‍ട്ടിയെ സംഹരിക്കാനാണ് സിപിഎം പിബി അംഗമായ പിണറായി വിജയന്റെ നിര്‍ദേശം. ഇതിന് ഭാഗമായാണ് കേരളനിയമസഭയില്‍ ഇത്തവണ ആര്‍എസ്പി ഉണ്ടായിരിക്കില്ല എന്ന പിണറായിയുടെ പ്രസ്താവന. ഇതിന് മറുപടിയെന്നോണം കേരളത്തില്‍ സിപിഎമ്മിനെ നിഷ്പ്രഭമാക്കുമെന്നും ജില്ലയില്‍ അക്കൗണ്ട് തുറക്കാന്‍ പോലും സാധിക്കാത്തവിധം പരാജയപ്പെടുത്തുമെന്നുമാണ് ആര്‍എസ്പി നേതാക്കളായ ഷിബുവിന്റെയും പ്രേമചന്ദ്രന്റെയും പ്രസ്താവനയുമുണ്ട്. ഇടതുപക്ഷം വിട്ട ആര്‍എസ്പിയെ പിളര്‍ത്തികൊണ്ട് ശക്തി ക്ഷയിപ്പിച്ചതായാണ് സിപിഎം കണക്കാക്കുന്നത്. ജില്ലയില്‍ അവര്‍ മത്സരിക്കുന്ന ഇരവിപുരം, കുന്നത്തൂര്‍, ചവറ എന്നീ മൂന്നു സീറ്റുകളില്‍ പരാജയപ്പെടുത്തുക കൂടി ചെയ്താല്‍ കേരളരാഷ്ട്രീയത്തില്‍ നിന്നുതന്നെ ആര്‍എസ്പിയെ തുടച്ചുനീക്കാമെന്ന് സിപിഎം വിശ്വസിക്കുന്നു. തൃശൂരിലെ കയ്പമംഗലത്തും ആറ്റിങ്ങലുമാണ് ആര്‍എസ്പി മത്സരിക്കുന്ന മറ്റ് സീറ്റുകള്‍. ഇവിടെ വിജയത്തിന് സാധ്യത കുറവാണെന്നതാണ് ആര്‍എസ്പിയെ അലട്ടുന്നത്. കുന്നത്തൂരിലെ ആര്‍എസ്പിയുടെ വിശ്വസ്തനായ കോവൂര്‍ കുഞ്ഞുമോനിലൂടെയാണ് സിപിഎം നേതൃത്വം അവര്‍ക്ക് ശക്തമായ പ്രഹരമേല്‍പ്പിച്ചത്. നിനച്ചിരിക്കാത്ത നേരത്തുള്ള കോവൂരിന്റെ മുന്നണി മാറ്റവും ആര്‍എസ്പി എല്‍ രൂപീകരണവും സ്ഥാനാര്‍ത്ഥിത്വവും ആര്‍എസ്പിക്ക് തിരിച്ചടിയായി. കോവൂരിന്റെ തന്നെ ബന്ധുവായ ഉല്ലാസ് കോവൂരിനെ മത്സരിപ്പിച്ചാണ് ആര്‍എസ്പി കുന്നത്തൂര്‍ പിടിക്കാനൊരുങ്ങുന്നത്. നേരത്തെ ഇരവിപുരത്ത് നിന്നും മാറ്റിയതില്‍ മുസ്ലിം ലീഗിനുള്ള അതൃപ്തി ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എംഎല്‍എയുമായ അസീസിന് തിരിച്ചടിയാകുമെന്നും സിപിഎം കണക്കുകൂട്ടുന്നു. ചവറയിലാകട്ടെ വിജയന്‍പിള്ളയിലൂടെ ഷിബുവിനെ തോല്‍പ്പിക്കാമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. മൂന്നിടത്തും വിജയിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ ഭാവി തന്നെ അവതാളത്തിലാകുമെന്ന് ആര്‍എസ്പിക്ക് ഉറപ്പാണ്. മന്ത്രി കൂടിയായ ഷിബുവിനെ ചവറയില്‍ നിന്നും വിജയിപ്പിക്കുക എന്ന ലക്ഷ്യം മുന്നിലുള്ളതിനാല്‍ എംപി കൂടിയായ എന്‍.കെ.പ്രേമചന്ദ്രന്‍ മറ്റ് മണ്ഡലങ്ങളില്‍ കാര്യമായി പ്രചാരണത്തിന് പോയില്ലെന്നതാണ് മറ്റൊരു സംഗതി. ഇവിടെ തന്നെ നിലയുറപ്പിച്ച് ഷിബുവിനുവേണ്ടിയുള്ള എല്ലാ കരുനീക്കങ്ങള്‍ക്കും മുന്നില്‍ നിന്നത് എംപിയാണ്. കൊല്ലം പാര്‍ലമെന്റ് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇടതുമുന്നണി വിടാന്‍ കാരണമെങ്കിലും വഞ്ചകരായി ചിത്രീകരിച്ചാണ് സിപിഎം ആര്‍എസ്പിയെ നേരിട്ടത്. ഇടതുപാരമ്പര്യമുള്ളവരെ പാട്ടിലാക്കി പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തിയെടുക്കാനുള്ള എല്ലാ ശ്രമവും സിപിഎം ജില്ലാ നേതാക്കള്‍ പയറ്റുകയും അത് ഒരുപരിധി വരെ വിജയിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ വിപി രാമകൃഷ്ണപിള്ളയുടെ മകള്‍ ജയന്തിയെയും മറ്റും ഇങ്ങനെ സ്വന്തം പാളയത്തില്‍ കൊണ്ടുവരാന്‍ സിപിഎമ്മിനായി. എന്നാല്‍ ഏറ്റവുമൊടുവില്‍ ബംഗാളിലെ സിപിഎമ്മിന്റെ കോണ്‍ഗ്രസ് ബാന്ധവം ചൂണ്ടിക്കാട്ടി ആര്‍എസ്പിയും നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ സജീവമായതോടെ രാഷ്ട്രീയയുദ്ധം തന്നെയാണ് ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചത്. ആര്‍എസ്പി എന്ന പ്രസ്ഥാനത്തിന്റെ ആദിമരൂപം കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. മാത്യുസ് മാഞ്ഞൂരാന്‍ സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് രൂപീകരിച്ച കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്നീട് റവല്യുഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയായി രൂപാന്തരപ്പെടുകയായിരുന്നു. 1940കളില്‍ ആരംഭിച്ച കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ട് തൊഴിലാളികളെയും യുവജനങ്ങളെയും സംഘടിപ്പിക്കുകയും പോരാട്ടസമരങ്ങളില്‍ അണിനിരത്തിയതുമാണ്. കെഎസ്പിയിലെ നേതാക്കളായിരുന്ന എന്‍.ശ്രീകണ്ഠന്‍നായര്‍, ടി.കെ.ദിവാകരന്‍, കെ.ബാലകൃഷ്ണന്‍ തുടങ്ങിയ പല നേതാക്കളും പില്‍ക്കാലത്ത് ആര്‍എസ്പിയുടെ നെടുംതൂണുകളായി മാറി. കൊല്ലത്ത് ചവറ മുതല്‍ ചവറ വരെയുള്ള പാര്‍ട്ടിയായാണ് ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി കൊല്ലത്ത് എത്തിയപ്പോള്‍ ആര്‍എസ്പിയെ വിശേഷിപ്പിച്ചത്. നേരത്തെ കേരളത്തിലെ മൂന്നുജില്ലകളില്‍ ഉറച്ച വേരുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു ആര്‍എസ്പി. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ ചില നിയോജകമണ്ഡലങ്ങള്‍ ആര്‍എസ്പിയുടെ ശക്തികേന്ദ്രങ്ങളാണ്. ചവറ, കൊല്ലം, ഇരവിപുരം, കുന്നത്തൂര്‍, മാരാരിക്കുളം, ആര്യനാട് എന്നീ സീറ്റുകളില്‍ ആര്‍എസ്പിയാണ് നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. ഇതിപ്പോള്‍ കുന്നത്തൂരും ഇരവിപുരവും ചവറയും മാത്രമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.