മേഘസന്ദേശം ഇങ്ങനെയാണ്

Tuesday 24 May 2016 1:26 pm IST

മേഘത്തിന്റെ സന്ദേശമിതാണ്, കരുതല്‍ വേണം, കാത്തിരിയ്ക്കണം, കാവല്‍ വേണം. മഴമേഘം പറയുന്നത് ഇതൊക്കെയാണ്. കാളിദാസ കാവ്യഭാവനയില്‍ യക്ഷന്റെ പ്രണയ സന്ദേശം കൊണ്ടുപോയ മേഘത്തിന്റെ ആത്മാര്‍ത്ഥതയുണ്ടല്ലോ അത് മേഘത്തിനെന്നുമുണ്ട്. ശരല്‍ക്കാലത്തും വര്‍ഷകാലത്തും മേഘങ്ങള്‍ കനിവു കാട്ടിക്കൊണ്ടേയിരിക്കും. പക്ഷേ, കൊടും വേനലില്‍ മാത്രമേ മേഘത്തെ കാണാന്‍ അധികംപേരും മുകളിലേക്കു നോക്കാറുള്ളു. കണ്ടില്ലെങ്കില്‍ പരാതികള്‍. വന്നാലോ, ചിലപ്പോള്‍, കൂടിപ്പോയെന്ന കരച്ചിലും. അതുകൊണ്ടുതന്നെയാണ് മേഘ സന്ദേശം ഏറെ ജാഗ്രതയോടെ കേള്‍ക്കേണ്ടത്. കരുതല്‍ വേണം, കാത്തിരിയ്ക്കണം, കാവല്‍ വേണം.

മേഘത്തെക്കുറിച്ച്, മഴമേഘത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത് ഇങ്ങനെയാണ്. സൂര്യതാപത്തില്‍ ബാഷ്പമായി അന്തരീക്ഷത്തിലേക്കുയരുന്ന കടല്‍വെള്ളം മേഘമാകുന്നു, തണുക്കുമ്പോള്‍ മഴയാകുന്നു. വെള്ളമായി വീണ്ടും കടലില്‍ പതിയ്ക്കുന്നു. ഈ ചക്രം മുറിയാതെ തിരിയണമെങ്കില്‍ ഏറെ പണിയുണ്ട്. അവിടെയാണ് ശാസ്ത്രത്തിന്റെ തത്ത്വത്തെ മനുഷ്യന്‍ സഹായിക്കേണ്ട വേള.

ഭഗവദ് ഗീതയില്‍ പറയുന്നു,
”അന്നാദ് ഭവന്തി ഭൂതാനി,
പര്‍ജ്ജന്യാദന്ന സംഭവഃ
യജ്ഞാല്‍ ഭവതി പര്‍ജ്ജന്യോ
യജ്ഞഃ കര്‍മ്മ സമുദ്ഭവഃ”
അതായത്, അന്നം- ഭക്ഷണം ജീവന് ആവശ്യമാണ്. മഴയാണ് അതിന് ആധാരം, മഴയുണ്ടാകുന്നത് യജ്ഞംകൊണ്ടാണ്, യജ്ഞമാകട്ടെ കര്‍മ്മംകൊണ്ടും എന്ന് ഏകദേശാര്‍ത്ഥം. അതായത് കര്‍മ്മം- പ്രവൃത്തിതന്നെ ആധാരം.

ശാസ്ത്രവും പുരാണവും സമ്മേളിയ്ക്കുന്നതിങ്ങനെയാണ്. മരം മുറിയ്ക്കരുതേ മഴ പെയ്യില്ലെന്നു പറയുമ്പോള്‍ മരമുണ്ടായിട്ടാണോ കടലില്‍ മഴ പെയ്യുന്നതെന്നു ചോദിച്ച തര്‍ക്കുത്തരമോ വിവരക്കേടോ ആയിരുന്നു അന്ന് നമുക്ക് പ്രചാരണ വിഷയം. കാടെവിടെ മക്കളേ എന്ന് കവി ചോദിച്ചപ്പോള്‍ കൊഞ്ഞനം കുത്തിയവര്‍ വനവല്‍ക്കരണത്തിന് പില്‍ക്കാലത്ത് നിരത്തിലിറങ്ങുന്ന കാഴ്ച്ച കണ്ടു. ആഗോള താപനം ചൂടുകൂട്ടുക മാത്രമല്ല, കടല്‍നിരപ്പും കുറച്ചപ്പോള്‍ ആകെ കണ്‍ഫ്യൂഷനിലായിരിയ്ക്കുകയാണ് പലരും. അതെ, കര്‍മ്മമാണ് കാരണം, കര്‍മ്മം-പ്രവൃത്തി, അതു പിഴച്ചതാണ് പ്രശ്‌നം. അതുകൊണ്ടുതന്നെ മേഘത്തിന്റെ സന്ദേശം ഓര്‍മ്മിക്കണം, കാവല്‍ വേണം.

കാളിന്ദിയോട് കര്‍ഷകര്‍ക്ക് കൃഷിയെ സഹായിക്കാന്‍ മാറിയൊഴുകാന്‍ അപേക്ഷിച്ചു ബലരാമന്‍. വഴങ്ങാഞ്ഞപ്പോള്‍ കലഹിച്ചു. ആയുധമായ കലപ്പ ഉയര്‍ത്തി ആക്രോശിച്ചത് കവി വൈലോപ്പിള്ളിയുടെ ഭാവനയില്‍ ഇങ്ങനെയാണ്, ”.. നീറിടുമുര്‍വിതന്‍ ജീവനം കൊണ്ടുപോയ് നീ വെറും ഉപ്പില്‍ കലക്കുമെന്നോ..” പുരാണത്തിലെ ശ്രീകൃഷ്ണ സോദരന്‍ ബലരാമന്‍ ആദ്യത്തെ കര്‍ഷകനാണെന്നു സങ്കല്‍പ്പം, കൈയിലെപ്പോഴും ആയുധമായി കലപ്പ. ഇന്നും ആ ചോദ്യം പ്രസക്തമാണ്. കാത്തിരുന്നു പെയ്യുന്ന മഴ ഭൂമിയുടെ ജീവജലമാണ്. അത് കാട്ടാറിലും നാട്ടുചോലയിലുംകൂടി ഒഴുകി കടലില്‍ പതിയ്ക്കുന്നതോടെ എല്ലാം കഴിഞ്ഞു എന്നതാണിന്നു സ്ഥിതി. ശരിയാണ്, മേഘം പെയ്യുന്നു, അതു കടലില്‍ പതിയ്ക്കുന്നു. കര്‍മ്മം മേഘം മുടക്കുന്നില്ല; കടലും, സൂര്യനും.

പക്ഷേ, കര്‍മ്മം ചെയ്യേണ്ടവര്‍ വേണ്ടവിധം ചെയ്യുന്നുണ്ടോ. മേഘത്തിന്റെ സന്ദേശം അതാണ്, കരുതല്‍ വേണം. മഴവെള്ളം സംരക്ഷിയ്ക്കാന്‍, സംഭരിയ്ക്കാന്‍, വിനിയോഗിയ്ക്കാന്‍, കരുതിവെക്കാന്‍ എന്തു ചെയ്യുന്നുവെന്നത് ഏറെ പ്രസക്തമാണ്. കിണറുകള്‍ മൂടി, കുളങ്ങള്‍ നികത്തി, വീട്ടു മുറ്റത്തും വെള്ളമിറങ്ങാതെ കോണ്‍ക്രീറ്റുറപ്പാക്കി ദാഹിക്കുന്ന ഭൂമിയുടെ കുടിവെള്ളം മുട്ടിയ്ക്കുമ്പോള്‍ നമുക്കു ദാഹിച്ചു വലയാനേ വിധിയുള്ളുവെന്നു വന്നാല്‍ അതിലെന്തതിശയിയ്ക്കാന്‍? മേഘം ഓര്‍മ്മിപ്പിയ്ക്കുകയാണ്, കരുതല്‍ വേണം.

കാത്തിരിയ്ക്കാതെ പറ്റില്ല. കാരണം, നമ്മുടെ നാടിന്റെ പ്രതീകമായ വേഴാമ്പല്‍പ്പക്ഷിയെപ്പോലെ, മഴപെയ്യാന്‍ കാത്തിരിയ്ക്കുകതന്നെവേണം. കാരണം സമയത്തുതന്നെ വന്നാലും വൈകിയാലും കാത്തിരുന്നു കാണുന്നതിന്റെ കാല്‍പ്പനിക സുഖമൊന്നു വേറേതന്നെയാണല്ലോ. കവി ഇടശ്ശേരി പാടിയതുപോലെ ”എത്തീ കിഴക്കന്‍ മലകടന്നിന്നലെ ഇത്തീര ഭൂവില്‍ കറുത്ത ചെട്ടിച്ചികള്‍,” അതൊരു സംക്രമണ സംസ്‌കാരംകൂടിയാണ്, കര്‍ഷകന്റെ രക്ഷയാകുന്ന മഴ. ആശ്രയമാകുന്നു മഴ, ആശ്വാസമാകുന്ന മഴ. അതു നമ്മുടെ ഭാവിയുടെ സംരക്ഷണമാകുന്ന മഴയെ കാത്തിരിക്കുകതന്നെ വേണം. അങ്ങനെ ഒരു വന്‍ സമൂഹത്തിന്റെ ആഗ്രഹവും പ്രാര്‍ത്ഥനയുമായിപ്പെയ്യുന്ന മഴ നാടിന്റെ സമൃദ്ധികൂടിയാകുന്നു.

അതെ, മേഘത്തിന്റെ സന്ദേശം ഏറെ പ്രസക്തമാണ്. മേഘത്തിനു പറയാനുള്ളത് ഏറെ പ്രാധാനമാണ്. അതു കേള്‍ക്കാന്‍ ഈ മഴക്കാലത്ത് കാതോര്‍ക്കുകതന്നെ വേണം.

പെയ്ത്തു തുടങ്ങിക്കഴിഞ്ഞു….

കേരളത്തില്‍ വേനല്‍ മഴ ലഭിച്ചുതുടങ്ങി. കൊടുംവരള്‍ച്ചയുടെ പിടിയില്‍ നിന്നും മോചനം നല്‍കിക്കൊണ്ട് കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും മഴ ശക്തമാകുന്നതായാണ് കാണുന്നത്. ആദ്യമഴ ആശ്വാസമാണെങ്കില്‍ നീണ്ടുനില്‍ക്കുന്ന മഴ ആശങ്കയുളവാക്കുകയും ചെയ്യുന്നു. മഴക്കാലത്ത് പതിയിരിക്കുന്ന അപകടങ്ങള്‍ ഒട്ടും ചെറുതല്ല. കാര്‍ഷിക മേഖലയിലും മറ്റും അതേല്‍പ്പിക്കുന്ന ആഘാതവും വളരെ വലുതാണ്. മഴക്കാലത്ത് കടന്നാക്രമിക്കുന്ന രോഗങ്ങളും നിരവധിയാണ്. ഓരോ മഴക്കാലവും കടന്നുപോകുന്നത് പല കഷ്ടനഷ്ടങ്ങളും നല്‍കിയാണ്.

മഴക്കാലമെത്തുന്നതിന് മുമ്പ് സര്‍ക്കാരും ജനങ്ങളും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ഇക്കൊല്ലം തെരഞ്ഞെടുപ്പ് ചൂടായതിനാല്‍ ഭരണം നിലനിര്‍ത്തേണ്ടതിന്റേയും ഭരണം പിടിച്ചെടുക്കുന്നതിന്റേയും വാശി ശക്തമായതിനാല്‍ അതൊക്കെ എത്രത്തോളം ഭംഗിയായി നടന്നുവെന്ന് സംശയമാണ്. മഴക്കാലപൂര്‍വ്വ ശുചീകരണങ്ങളുടെ അഭാവം പല സ്ഥലങ്ങളിലും പ്രകടമാണ്. ഇത് രോഗങ്ങള്‍ ക്ഷണിച്ചുവരുത്തും. പേരിനുമാത്രമാണ് പലയിടങ്ങളിലും മഴക്കാലപൂര്‍വ്വ ശുചീകരണം നടന്നുള്ളു. ഇതിനായുള്ള ഫണ്ടുകള്‍ പോലും ഫലപ്രദമായി വിനിയോഗിക്കുന്നുമില്ല. വെള്ളക്കെട്ടും പൊട്ടിപ്പൊളിഞ്ഞ റോഡുകളുമാണ് മഴക്കാലത്തെ പ്രധാനപ്രശ്‌നങ്ങളില്‍ ഒന്ന്.

ഓരോ മഴക്കാലവും പേടിസ്വപ്‌നമാകുന്നത് കര്‍ഷകര്‍ക്കും മത്സ്യബന്ധനത്തൊഴിലാളികള്‍ക്കുമാണ്. കനത്ത മഴയില്‍ വിളകള്‍ നശിക്കുന്നത് കര്‍ഷകര്‍ക്കും മത്സ്യബന്ധനത്തിന് മഴ തടസമാകുന്നതിലൂടെ മത്സ്യത്തൊഴിലാളികള്‍ക്കും ജീവിതം ദുരിതത്തിലാകുന്നു.

കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധിപേര്‍ക്ക് മഴക്കാലത്ത് നേരിടേണ്ടിവരുന്ന നഷ്ടം ചില്ലറയല്ല. 2015 ജൂണിലെ കണക്ക് പ്രകാരം മഴയിലും കാറ്റിലും 102 ഓളം വീടുകളാണ് തകര്‍ന്നത്. 3000ത്തില്‍ അധികം വീടുകള്‍ ഭാഗികമായി തകര്‍ന്നു. 4268 ഹെക്ടര്‍സ്ഥലത്ത് കൃഷിനാശം നേരിട്ടു. കാലവര്‍ഷക്കെടുതിയില്‍ നിരവധിയാളുകള്‍ക്ക് ജീവഹാനി സംഭവിച്ചു. ഈ കാലയളവില്‍ തൃശൂരില്‍ മഴക്കെടുതിമൂലമുള്ള നഷ്ടം നാലുകോടിയിലേറെയാണെന്നാണ് കണക്ക്. മൂന്നുകോടിയുടെ കൃഷി നാശമുണ്ടായതായും ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

മഴ കൂടുമോ കുറയുമോ

കേരളത്തില്‍ കാലവര്‍ഷം ഇക്കുറി രണ്ടുദിവസം നേരത്തേ എത്തുമെന്നു പ്രവചനം. ഈ മാസം 28നും 30നും ഇടയില്‍ കാലവര്‍ഷം ആരംഭിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് അറിയുന്നത്. സാധാരണ വര്‍ഷങ്ങളില്‍ ജൂണ്‍ ഒന്നിനാണു കാലവര്‍ഷം ആരംഭിക്കാറുള്ളത്. ആന്തമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഈ മാസം 18നും 20നും ഇടയില്‍ കാലവര്‍ഷം എത്തും. കൊല്‍ക്കത്തയില്‍ ജൂണ്‍ പത്തിനും മുംബൈയില്‍ 12നും ദല്‍ഹിയില്‍ ജൂലൈ ഒന്നിനും മഴയെത്തുമെന്നാണു പ്രവചനം. ഇക്കൊല്ലം പതിവില്‍ക്കൂടുതല്‍ മഴ കിട്ടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പും പ്രവചിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങുമ്പോള്‍ ചില സ്ഥലങ്ങളില്‍ മഴ കുറവാകുമെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നു തിരുവനന്തപുരത്തു നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍ കാലവര്‍ഷം ഇക്കുറി ഒരാഴ്ച വൈകും. സാധാരണ ജൂണ്‍ ഒന്നിന് പെയ്തുതുടങ്ങുന്ന മഴ ഇക്കുറി എത്താന്‍ ജൂണ്‍ ഏഴുവരെ കാത്തിരിക്കണം. കാലവര്‍ഷം രൂപപ്പെട്ടുവരുന്നുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ പതിവിലും ഒരാഴ്ച വൈകുമെന്നുമാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. പ്രവചനത്തില്‍ നേരിയ വ്യത്യാസത്തിന് സാധ്യതയുണ്ട്. അതനുസരിച്ച് മഴ നാലുദിവസം വരെ നേരത്തെയോ, വൈകിയോ തുടങ്ങിയേക്കാം. കേരളത്തില്‍ ഇക്കുറി പതിവിലും കൂടുതല്‍ മഴ ലഭിക്കുമെന്നുമാണ് പ്രവചനം. ഭാരതത്തില്‍ മണ്‍സൂണ്‍ തുടങ്ങുന്നത് കേരളത്തിലാണ്.

തുടര്‍ന്ന് മുംബൈ തീരം വഴി ഉത്തര ഭാരതത്തിലേക്ക് നീങ്ങും. കേരളത്തില്‍ ഒരാഴ്ച വൈകുന്ന മഴ ഉത്തരഭാരതത്തിലും സാധാരണ എത്താറുള്ള തീയതികളില്‍നിന്ന് അത്രത്തോളംതന്നെ വൈകും. അതേസമയം, കേരളത്തില്‍ കാലവര്‍ഷം നേരത്തേയത്തെുമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. മേയ് 28നും 30നുമിടക്ക് മഴയത്തെുമെന്നാണ് ഇവര്‍ പറയുന്നത്.

കേരളത്തില്‍ കനത്ത മഴയുമായി ലാ നിന എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കരുതുന്നത്. പസഫിക് സമുദ്രത്തില്‍ രൂപംകൊണ്ട എല്‍ നിനോ പ്രതിഭാസമാണ് കഠിനമായ ചൂടിന് കാരണമായി വിലയിരുത്തിയിരുന്നത്. ലാ നിന എത്തിയാല്‍ അതി ശക്തമായ മഴയാണ് ഉണ്ടാവുക. സെപ്തംബറില്‍ ലാ നിന ശക്തിപ്രാപിക്കുമത്രെ. ലാ നിന ശക്തി പ്രാപിക്കുമ്പോള്‍ പസഫിക്കിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പ്രളയത്തിനും വന്‍ ചുഴലിക്കാറ്റിനും കാരണമാകും.

കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, കാസര്‍കോട്, പത്തനംതിട്ട എന്നീ ജില്ലകളില്‍ മഴലഭ്യത കുറവായിരുന്നു. സംസ്ഥാനത്താകെ മഴയുടെ അളവില്‍ 17 ശതമാനമായിരുന്നു കുറവ്. ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ആകെ 567.8 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.

കാസര്‍കോട് ജില്ലയില്‍ വന്‍കുറവായിരുന്നു. ശരാശരി 1041.9 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്നിടത്ത് 553.6 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. പത്തനംതിട്ട ജില്ലയില്‍ 396.6 മില്ലിമീറ്ററും, കോഴിക്കോട് 682.1 മില്ലിമീറ്ററും മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്തും ശരാശരിയില്‍ കൂടുതല്‍ മഴ ലഭിച്ചു.

വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. പ്രതീക്ഷിച്ചത് 737.2 മില്ലിമീറ്ററായിരുന്നു, ലഭിച്ചതാകട്ടെ 830.4 മില്ലിമീറ്റര്‍.

ഇക്കൊല്ലം മഴ കാര്യമായി ലഭിച്ചില്ലെങ്കില്‍ അത് കാര്‍ഷിക വിപണിയെ പ്രതികൂലമായി ബാധിക്കും. നാളികേരം, നെല്ല്, കുരുമുളക് തുടങ്ങിയ വിളകളെ ഇത് കാര്യമായി ബാധിക്കും.

കരുതല്‍ വേണം, രോഗങ്ങള്‍ക്കെതിരെ

ശരീരത്തിന്റെ പ്രതിരോധശക്തി കുറയ്ക്കുന്നതിനാല്‍ മഴക്കാലത്തോടനുബന്ധിച്ച് പലരോഗങ്ങളും ഉണ്ടാകുന്നു. തണുപ്പും വെള്ളക്കെട്ടും കൊതുകുകള്‍ക്ക് പെറ്റുപെരുകാന്‍ സാഹചര്യമൊരുക്കുന്നു. ഇവ മലേറിയ, ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ പരത്തുകയും ചെയ്യുന്നു. ചില സാധാരണ മഴക്കാലരോഗങ്ങളും പ്രതിരോധ നടപടികളും…

മലേറിയ

ലക്ഷണങ്ങള്‍: കൃത്യമായ ഇടവേളകളില്‍ വരുന്ന പനി. ദിവസവും ഒരേസമയത്ത് പനി അനുഭവപ്പെടാം. തലവേദന, ഛര്‍ദ്ദി എന്നിവയും വിറയലുമുണ്ടാകാം. പേശിവേദനയും ക്ഷീണവുമാണ് മറ്റ് ലക്ഷണങ്ങള്‍. പ്രതിരോധം: പരത്തുന്നത് കൊതുകുകളായതിനാല്‍ കൊതുകുവലകളും നിവാരണികളും ഉപയോഗിക്കുക. വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. വീടിനടുത്തുള്ള ഓടകളില്‍ ഡിഡിറ്റി തളിക്കുന്നത് ഉത്തമമാണ്. ഏറ്റവും അപകടകാരിയായ രോഗമാണ് മലേറിയ. ലക്ഷണങ്ങളിലേതെങ്കിലും തോന്നിയാല്‍ ഉടനെ ഒരു ഡോക്ടറെ സമീപിക്കുക.

കോളറ

മലിനീകരിക്കപ്പെട്ട ഭക്ഷണവും വെള്ളവുമാണ് പ്രധാന കാരണം. തീരെ വൃത്തിയില്ലാത്ത ചുറ്റുപാടുകളും ഈ രോഗം പടരാന്‍ കാരണമാകുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലാണ് ഈ രോഗം സാധാരണയായി വ്യാപിക്കാറുള്ളത്. കടുത്ത വയറിളക്കം പോലുള്ളവയാണ് ലക്ഷണങ്ങള്‍. തുടരെയുള്ള ഛര്‍ദ്ദിയും കണ്ടുവരാറുണ്ട്. ഇത് നിര്‍ജലീകരണത്തിനും ഇടവരുത്തുന്നു. പ്രതിരോധം: കോളറയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതാണ് ഏറ്റവും ഉത്തമം. ആറുമാസത്തെ സംരക്ഷണം ഇതുനല്‍കും. ശുചിയായ കുടിവെള്ളം തിളപ്പിച്ചശേഷം ഉപയോഗിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. വ്യക്തിപരമായ ശുചിത്വവും കോളറ തടയാന്‍ സഹായിക്കുന്നു. യഥാസമയം ചികിത്സ കിട്ടിയില്ലെങ്കില്‍ ജീവാപായം സംഭവിയ്ക്കാം. കോളറ ബാധിച്ചയാള്‍ക്ക് ഉടനടി ഒ ആര്‍ എസ് നല്‍കേണ്ടതാണ്.

ടൈഫോയ്ഡ്

മലിനീകരിക്കപ്പെട്ട ഭക്ഷണവും വെള്ളവുമാണ് ഇതിനുംകാരണം. ഭേദമായാലും രോഗിയുടെ പിത്താശയത്തില്‍ ഇതിന്റെ രോഗാണു ഉണ്ടാകും. രോഗിയുടെ ആരോഗ്യത്തിന് ഇത് മാരകമാകാം. നീണ്ടുനില്‍ക്കുന്ന പനിയാണ് ടൈഫോയ്ഡിന്റെ പൊതുവായ ലക്ഷണം. തലവേദനയും അടിവയറ്റില്‍ കടുത്തവേദനയുമാണ് മറ്റു രോഗലക്ഷണങ്ങള്‍. പ്രതിരോധം: പകരാന്‍ ഏറെ സാധ്യതയുള്ള രോഗമാണ്. മുന്‍കൂട്ടി കുത്തിവെപ്പ് നടത്തുന്നത് വലിയ സഹായമാകും. നിര്‍ജലീകരണം തടയാന്‍ രോഗികള്‍ വളരെയധികം വെള്ളം കുടിക്കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും വരുമെന്നുള്ളതിനാല്‍ ടൈഫോയ്ഡ് രോഗികള്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ടതാണ്. രോഗവിമുക്തി പ്രാപിച്ചാല്‍ത്തന്നെ മുന്‍കരുതല്‍ നടപടികള്‍ തുടരണമെന്നര്‍ത്ഥം.

ഡെങ്കിപ്പനി

കൊതുകു കടി മൂലമുണ്ടാകുന്ന ഈ മഴക്കാലരോഗം ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും വലിയ ആരോഗ്യപ്രശ്‌നമായി മാറിക്കഴിഞ്ഞു. തലവേദന, വിറയല്‍, ചെറി യ പുറംവേദന, കണ്ണുകള്‍ അനക്കുമ്പോഴുണ്ടാകുന്ന വേദന എന്നിവയോടെയാണ് ഡെങ്കിയുടെ ആരംഭം. രോഗം മൂര്‍ച്ഛിച്ചുകഴിയുമ്പോള്‍ സന്ധികളിലും കാലുകളിലും കടുത്തവേദനയുണ്ടാകും. ശരീരോഷ്മാവ് അതിവേഗം 104 വരെ ഉയരും. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും താഴുകയും ചെയ്യും. പ്രതിരോധം: കൊതുകുകടി ഒഴിവാക്കുക. വീടുകളെ കൊതുകു വിമുക്തമാക്കുക. കൊതുകിലൂടെയാണ് രോഗം പകരുന്നത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.