മനോരമയുടെ ഭയം

Tuesday 17 May 2016 7:30 pm IST

ഭൂമി മുഴുവന്‍ യുദ്ധകോലാഹലത്തിന്റെ പൊടിപടലങ്ങളില്‍ മുങ്ങി എങ്ങും ഇരുട്ടായി. സൂര്യനാണെങ്കില്‍ ചോരക്കടലില്‍ മുങ്ങിയെന്നവണ്ണം രക്തഛവി പൂണ്ടുനിലകൊണ്ടു. യുധാജിത്ത് വീരസേനനെ അമ്പെയ്ത് വീഴ്ത്തി. തലതകര്‍ന്ന് അദ്ദേഹം മരിച്ചു. കൂടെ അനേകം ഭടന്മാരും കൊല്ലപ്പെട്ടു. തന്റെ അച്ഛനെ കൊന്ന യുധാജിത്തിനെ വല്ലാതെ ഭയന്ന മനോരമ തന്റെ ഓമനപ്പുത്രനെയും അയാള്‍ കൊന്നുകളയും എന്ന് ആകുലയായി വിലപിച്ചു. 'എനിക്കിനി ആരുണ്ട് തുണ? നായാട്ടിനിടക്കുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. മകനാണെങ്കില്‍ പ്രായമായിട്ടുമില്ല. ലോഭത്തില്‍പ്പെട്ട ദുഷ്ടന്മാര്‍ എന്തുചെയ്യാനും മടിക്കില്ല. അവര്‍ക്ക് ബന്ധുക്കള്‍ എന്നോ ഗുരുക്കന്മാരെന്നോ ഉള്ള യാതൊരു ചിന്തയുമില്ല. ലോഭചിത്തര്‍ ആരെയും കൊല്ലാന്‍ മടിക്കാത്തവരാണ്. അവര്‍ ആഹരിക്കാന്‍ പാടില്ലാത്തത് കഴിക്കും, ഒരിക്കലും പ്രാപിക്കാന്‍ പാടില്ലാത്ത നാരിയെ അവര്‍ ബലമായി ഭോഗിക്കുകയും ചെയ്യും. എങ്ങിനെയാണ് ഞാനീ ചെറിയ കുഞ്ഞിനെ പരിപാലിക്കുക? യുധാജിത്തിനെപ്പോലെതന്നെ, അവന്റെ അമ്മ ലീലാവതിയും ക്രൂരതയോടെ മാത്രമേ എന്നോടും മകനോടും പെരുമാറുകയുള്ളൂ. മകനെ അവര്‍ കൊന്നില്ലെങ്കില്‍ തുറുങ്കില്‍ അടക്കുകയെങ്കിലും ചെയ്യും എന്ന് നിശ്ചയം. പണ്ട് ദേവേന്ദ്രന്‍ ദൈത്യമാതാവിന്റെ ഉദരത്തില്‍ക്കടന്ന് ശിശുവിനെ ഏഴാക്കി മുറിച്ച് അവയെ ഓരോന്നിനെയും വീണ്ടും ഏഴു വീതമാക്കി ആകെ നാല്‍പ്പത്തിയൊന്‍പത് കഷ്ണങ്ങള്‍ ആക്കി. അവര്‍ മരുത്തുക്കള്‍ ആയി. സപത്‌നിക്ക് വിഷം കൊടുത്തത്തിന്റെ മറ്റൊരു കഥയുമുണ്ട്. അങ്ങനെ വിഷത്തിന്റെ ശക്തിയാല്‍ ഉണ്ടായ കുഞ്ഞാണ് സഗരന്‍. അവന്റെ ദേഹത്ത് ഗരം (വിഷം) ബാധിച്ചിരുന്നല്ലോ. കൈകേയി രാമനെ കാട്ടിലയച്ചത് ഭര്‍ത്താവ് ജീവിച്ചിരിക്കെത്തന്നെയാണ്. രാമന്‍ കാടുപൂകിയതില്‍ മനംനൊന്ത് ദശരഥരാജാവ് ഉടനെ മരിക്കുകയും ചെയ്തു. സുദര്‍ശനനെ രാജാവായിക്കാണാന്‍ ആഗ്രഹിച്ച മന്തിമാര്‍ ഇപ്പോള്‍ പ്രാണഭീതിയാല്‍ യുധാജിത്തിന്റെ ഭാഗം ചേര്‍ന്നിരിക്കാം. എനിക്കിപ്പോള്‍ ആരും ആശ്രയമില്ല. എങ്കിലും പരിശ്രമിക്കാതിരിക്കുന്നതില്‍ കാര്യമില്ല. പുത്രരക്ഷയ്ക്കായി എന്തെങ്കിലും ഉടനെ ചെയ്യണം.' ഇങ്ങനെ ചിന്തിച്ച് രാജ്ഞി തന്റെ വിശ്വസ്തനായ മന്ത്രി വിദല്ലനെ വിളിപ്പിച്ചു. കുട്ടിയുടെ കൈപിടിച്ച് ആ മാതാവ് കണ്ണീരൊഴുക്കി. എന്താണിനി ചെയ്യേണ്ടതെന്ന് അദ്ദേഹത്തോട് ചോദിച്ചു.'നമുക്ക് ഗംഗാതീരത്തിലുള്ള വനത്തിലേയ്ക്ക് ഉടനെ പുറപ്പെടാം'. അവിടെ എന്റെ മാതുലന്‍ സുബാഹുവുണ്ട്. അദ്ദേഹം ഭവതിക്ക് സംരക്ഷ നല്‍കും.' ലീലാവതിയോട്, യുധാജിത്തിനെ കാണാന്‍ പോകണം എന്നൊരു സൂത്രം പറഞ്ഞ് ഒരു ദാസിയെക്കൂട്ടി വിദല്ലന്‍ രാജ്ഞിയെ നഗരത്തിനു വെളിയില്‍ എത്തിച്ചു. അവിടെ യുധാജിത്തിനെക്കണ്ട് അവള്‍ പേടിച്ചു വിറച്ചു. മരിച്ചു കിടക്കുന്ന അച്ഛന്റെ ദേഹം കണ്ട് അവള്‍ പൊട്ടിക്കരഞ്ഞു. ഏതായാലും യുധാജിത്ത് അവളുടെ അച്ഛന്‍ വീരസേനനു വേണ്ട സംസ്‌കാരകര്‍മ്മങ്ങള്‍ ചെയ്യാന്‍ അവളെ അനുവദിച്ചു. അത് കഴിഞ്ഞ് രണ്ടു ദിവസങ്ങള്‍ക്കകം അവര്‍ ഗംഗാതീരത്തെത്തി. അവിടെ കൊള്ളക്കാര്‍ അവരെ ആക്രമിച്ച് തേരടക്കം എല്ലാം മോഷ്ടിച്ചുകൊണ്ട് പോയി. മനോരമ കുട്ടിയുടെ കൈപിടിച്ചു വിദല്ലനും തോഴിയുമൊത്ത് ഗംഗയുടെ തീരത്തുകൂടെ നടന്നു വലഞ്ഞു. ഒടുവില്‍ ഒരു പൊങ്ങുതടി പിടിച്ചു നദി കടന്ന് അക്കരെയുള്ള ത്രികൂടപര്‍വ്വതത്തിലെ ഭരദ്വാജാശ്രമത്തിലെത്തി. താപസരെക്കണ്ട് ഭയമൊടുങ്ങിയ അവളോട് മുനിമാര്‍ കാര്യങ്ങള്‍ തിരക്കി. ആരാണ്, എവിടെ നിന്നു വരുന്നു, ഭര്‍ത്താവ് എവിടെ എന്നെല്ലാം ചോദിച്ചു. വിദല്ലനാണ് മറുപടി പറഞ്ഞത്. 'ധ്രുവസന്ധി രാജാവിന്റെ രാജ്ഞിയാണ് ഇവള്‍. മനോരമ.' സൂര്യവംശരാജാവായ ധ്രുവസന്ധി സിംഹവുമായുള്ള മല്ലയുദ്ധത്തില്‍ മരണമടഞ്ഞ വൃത്താന്തമെല്ലാം മന്ത്രി പറഞ്ഞു കേള്‍പ്പിച്ചു. 'ഇപ്പോള്‍ അഭയം തേടിയാണ് ഇവര്‍ എത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അഭയം നല്‍കുന്നത് യജ്ഞത്തേക്കാള്‍ പുണ്യമല്ലേ മഹാമുനേ'. ഋഷി അവരെ സമാധാനിപ്പിച്ചു. അവര്‍ക്ക് അഭയം നല്‍കി. രാജ്ഞിയുടെ പുത്രന്‍ രാജാവാകും എന്ന് അനുഗ്രഹിക്കുകയും ചെയ്തു. മുനിയുടെ വാക്കുകള്‍ കേട്ട് സമാധാനം കൈവന്ന രാജ്ഞി വിദല്ലനോടും തോഴിയോടും കൂടി ആശ്രമത്തില്‍ കഴിഞ്ഞുവന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.