പാട്ന: ജെഡിയു എംഎല്‍സി മനോരമ ദേവി കോടതിയില്‍ കീഴടങ്ങി. ഗയ കോടതിയില്‍ കീഴടങ്ങിയ ഇവരെ പിന്നീട് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തന്റെ വാഹനത്തെ മറികടന്ന യുവാവിനെ വെടിവെച്ചുകൊന്ന റോക്കി യാദവിന്റെ അമ്മയാണിവര്‍. ഇവരുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി ലിറ്റര്‍ മദ്യം പിടിച്ചെടുത്തിരുന്നു.
അനധികൃതമായി മദ്യം സൂക്ഷിച്ചതിന് പോലീസ് മനോരമ ദേവിക്കെതിരെ കേസെടുത്തതിനെത്തുടര്‍ന്ന് ഇവരെ ജെഡിയു സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിവിലായിരുന്നു. ബീഹാര്‍ എക്സൈസ് ആക്ട് അനുസരിച്ച് ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുമായിരുന്നില്ല.
ഒരു വ്യവസായിയുടെ മകനായ ആദിത്യ സച്ദേവും (18) സുഹൃത്തുക്കളും മെയ് ഏഴിന് വീട്ടില്‍ നിന്നും ഒരു പിറന്നാള്‍ പാര്‍ട്ടിക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി ഡിസൈര്‍ കാര്‍ റോക്കിയുടെ ലാന്‍ഡ് ക്രൂയിസറിനെ മറികടന്നതാണ് പ്രകോപനത്തിന് കാരണം, ക്ഷുഭിതനായ റോക്കി സച്ദേവിന് നേരെ വെടിവെക്കുകയായിരുന്നു. റോക്കിയുടെ അച്ഛന് ബിന്ദി യാദവിനെയും ബോഡി ഗാര്‍ഡിനെയും സംഭവത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: