ജെറ്റ് സന്തോഷ് വധം :രണ്ടു പേര്‍ക്ക് വധശിക്ഷ; അഞ്ചുപേര്‍ക്ക് ജീവപര്യന്തം

Tuesday 17 May 2016 11:02 pm IST

തിരുവനന്തപുരം: കൊലക്കേസില്‍ രണ്ടു പേര്‍ക്ക് വധശിക്ഷ. കൂട്ടുപ്രതികളായ മറ്റ് അഞ്ചുപേര്‍ക്ക് ജീവപര്യന്തം. ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന പുന്നശ്ശേരി ആശാരിക്കുടി വിളാകം വീട്ടില്‍ സന്തോഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് ഗുണ്ടാ പ്രവര്‍ത്തനം നടത്തിയിരുന്ന രണ്ടുപ്രതികള്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജീവപര്യന്തവും തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.പി. ഇന്ദിര വിധിച്ചത്. കേസിലെ ഒന്നാംപ്രതി ജാക്കി എന്ന അനില്‍കുമാര്‍, ഏഴാം പ്രതി അമ്മയ്‌ക്കൊരു മകന്‍ സോജു എന്ന അജിത്കുമാര്‍ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഇരുവരും ആറ്റുകാല്‍ സ്വദേശികളാണ്. കൂട്ടുപ്രതികളായ പ്രാവ് ബിനു എന്ന ബിനുകുമാര്‍, സുര എന്ന സുരേഷ് കുമാര്‍, വിളവൂര്‍ക്കല്‍ സ്വദേശികളായ കൊച്ചു ഷാജി എന്ന ഷാജി, ബിജുക്കുട്ടന്‍ എന്ന ബിജു, മുട്ടത്തറ സ്വദേശി കിഷോര്‍ എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ നല്‍കിയത്. പ്രതികളും കൊല്ലപ്പെട്ട ജെറ്റ് സന്തോഷും തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകളാണ്. അതിക്രൂരമായ കൊലപാതകമാണ് പ്രതികള്‍ നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഈ കുറ്റവാളികള്‍ സമൂഹത്തിന് ഭീഷണിയാണ്. അപൂര്‍വത്തില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ച കോടതി അതിനാലാണ് വധശിക്ഷ വിധിക്കുന്നതെന്നും വ്യക്തമാക്കി. മുന്‍വൈരാഗ്യം നിമിത്തം സന്തോഷിനെ തട്ടിക്കൊണ്ടുപോയി കൈയും കാലും വെട്ടിമാറ്റി കൊലപ്പെടുത്തി എന്നതാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്. 2004 നവംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. കരമനയിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ തലമുടി വെട്ടിച്ചുകൊണ്ടിരുന്ന സന്തോഷിനെ കാറില്‍ തട്ടിക്കൊണ്ടു പോകുകയും മലയിന്‍കീഴ് ആലംതറകോണം കോളനിയില്‍ വച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സന്തോഷിന്റെ കൈയും കാലും വെട്ടിമാറ്റി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വാളിയോട്ടുകോണം ചന്തയ്ക്കു സമീപം ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ചു. കേസിലെ ഒന്നാം പ്രതിയായ അനില്‍കുമാറുമായുള്ള നിരന്തര സംഘട്ടനങ്ങളും മറ്റൊരു പ്രതിയായ സുരേഷ്‌കുമാറിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധവുമാണ് സന്തോഷിനെ കൊലപ്പെടുത്താനുള്ള കാരണമായത്. കൊല്ലപ്പെട്ട സന്തോഷും പ്രതികളും രണ്ടു ബ്ലേഡ് മാഫിയകളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇവര്‍ തമ്മിലുള്ള വൈരമാണ് കൊലപാതകത്തിലെത്തിയത്. സന്തോഷിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ഉപയോഗിച്ച ടാറ്റാസുമോ കാറിന്റെ ഡ്രൈവര്‍ നാലാംപ്രതി നാസറുദ്ദീന്‍ കേസില്‍ മാപ്പുസാക്ഷിയായി. ഇയാളുടെ മൊഴിയും മറ്റ് സാഹചര്യത്തെളിവുകളും പരിഗണിച്ചാണ് കോടതി രണ്ടുപ്രതികള്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജീവപര്യന്തവും നല്‍കിയത്. കേസിലെ അഞ്ചാംപ്രതിയായ സുരേഷിന്റെ ഭാര്യ ഉഷ മൂന്നാംപ്രതിയായിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി ഇവരെ വെറുതെവിട്ടിരുന്നു. മറ്റു പ്രതികള്‍ക്കെതിരായ കുറ്റകൃത്യം പരിപൂര്‍ണമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കോവളം സി. സുരേഷ് ചന്ദ്രകുമാര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.