സ്‌കൂള്‍ തുറക്കാന്‍ ആഴ്ചകള്‍ മാത്രം; പുസ്തക വിതരണം പൂര്‍ത്തിയായില്ല

Wednesday 18 May 2016 10:53 am IST

കൊല്ലം: മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെ ജില്ലയിലെ പാഠപുസ്തക വിതരണം താളം തെറ്റി. കൊല്ലം ജില്ലയും പത്തനംതിട്ട ജില്ലയുടെ പകുതിയും ഭാഗമുള്‍പ്പെടുന്ന വിദ്യാഭ്യാസജില്ലകളിലേക്കാണ് കൊല്ലം ബുക്ക് ഡിപ്പോയില്‍ നിന്നും പുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ടത്. ആകെ 294 സൊസൈറ്റികളില്‍ ഭൂരിഭാഗം സ്ഥലത്തും ഇതുവരെയും ഒന്നാംഘട്ട പാഠപുസ്തക വിതരണം പൂര്‍ത്തിയായിട്ടില്ല. ഒന്നാംഘട്ടത്തില്‍ സ്‌കൂളുകള്‍ ആവശ്യപ്പെട്ടതിന്റെ പകുതി പുസ്തകങ്ങള്‍ പോലും വിതരണം ചെയ്യന്‍ ഇതുവരെയും സാധിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. പ്രിന്റിംഗ് സ്ഥലത്ത് നിന്ന് ഇതുവരെയും പുസ്തകങ്ങള്‍ ബുക്ക് ഡിപ്പോയില്‍ എത്താത്തതാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു. 9, 10 ക്ലാസുകളിലെ പുസ്തകങ്ങള്‍ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഭാഗമായി എത്തിക്കേണ്ട സമയം അതിക്രമിച്ചിട്ടും ഇതുവരെയും അത് സാധിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞവര്‍ഷം മാറ്റം വന്ന 2, 4, 6, 8 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഡിപ്പോയില്‍ ഉണ്ടെങ്കിലും വിതരണം പൂര്‍ത്തിയായിട്ടില്ല. പുസ്തകങ്ങള്‍ താമസിക്കുന്നതനുസരിച്ച് വിതരണത്തിലും കാലതാമസം നേരിടുമെന്നാണ് സൂചന. ഒരു വര്‍ഷംമുമ്പ് പുസ്തകം മാറിയ 1, 3, 5, 7 ക്ലാസുകളിലെ പുസ്തകങ്ങള്‍ ഈ വര്‍ഷവും തുടരുന്നതിനാല്‍ അവയുടെ ഒന്നാംഘട്ട വിതരണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. 198 ടൈറ്റില്‍ പുസ്തകങ്ങളില്‍ ഇതുവരെയും 124 എണ്ണം മാത്രമേ വിതരണകേന്ദ്രത്തിലെത്തിയിട്ടുള്ളു. പുസ്തകവിതരണത്തിലെ കാലതാമസം കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിക്കും. എല്‍പി, യുപി വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ ഇനിയെത്താനുള്ളത്. ഒന്നാം ഘട്ട വിതരണം പൂര്‍ത്തീകരിച്ചാലും എല്‍പി, യുപി ക്ലാസുകളിലെ പുസ്തകവിതരണം താറുമാറാകും. മിക്ക സ്‌കൂളുകളിലും ഒന്നാംഘട്ടം ലഭ്യമായ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തുകഴിയേണ്ട സമയത്താണ് ഇതുവരെയും പുസ്തകങ്ങള്‍ എത്താതിരിക്കുന്നത്. പുസ്തകങ്ങള്‍ക്കുവേണ്ടി കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിക്കൊണ്ട് ഇരിക്കുകയാണെന്ന് അദ്ധ്യാപകര്‍ പറയുന്നു. പുസ്തകവിതരണം വൈകിയാല്‍ പാഠഭാഗത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തകോപ്പി കൊണ്ട് മാത്രമേ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ കഴിയുകയുള്ളുവെന്നും അവര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ് ഇതിനു പിന്നില്‍. കഴിഞ്ഞ തവണയും പുസ്തകവിതരണ വിവാദം ഉടലെടുത്തിരുന്നു. പുസ്തകത്തിന്റെ പ്രിന്റിംഗ് ഏറ്റെടുത്ത പ്രസുകള്‍ പകുതി പുസ്തകങ്ങളുടെ പ്രിന്റിംഗ് പോലും പൂര്‍ത്തികരിച്ചിട്ടില്ല. വിതരണം പൂര്‍ത്തികരിച്ചിട്ടില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പുസ്തകങ്ങള്‍ തേടി അധ്യാപകര്‍ ബുക്ക് ഡിപ്പോയിലെത്തുന്ന കാഴ്ചയായിരിക്കും. പുസ്തകവിതരണം ഇത്തരത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഓണപ്പരീക്ഷ കഴിഞ്ഞാലും സ്‌കൂളുകളിലെത്തില്ലെന്ന് ഉറപ്പാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.