എന്‍ഡിഎ ശുഭപ്രതീക്ഷയില്‍

Wednesday 18 May 2016 10:54 am IST

പത്തനാപുരം: തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തികഞ്ഞ ശുഭപ്രതീക്ഷയിലാണ് എന്‍ഡിഎ. കൂട്ടിയും കിഴിച്ചും മുന്നണികള്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തങ്ങള്‍ക്ക് ലഭിക്കാവുന്ന വോട്ടുകളുടെ കണക്കെടുപ്പ് നടത്തുകയാണ് ഇടതുവലതു പാര്‍ട്ടികള്‍. പോളിങ് ശതമാനം 74.87 ആയി. മുന്‍വര്‍ഷത്തേക്കാള്‍ നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. താരസ്ഥാനാര്‍ത്ഥികളും ശുഭപ്രതീക്ഷയിലാണ്. മണ്ഡലത്തിലെ എട്ടില്‍ ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് എല്‍ഡിഎഫാണ്. വെട്ടിക്കവലയില്‍ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം കിട്ടിയത്. ഇതും ഗണേഷ്‌കുമാറിന്റെ വികസനപ്രവര്‍ത്തനങ്ങളും മുതല്‍ക്കൂട്ടാകുമെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്. അങ്ങിനെയെങ്കില്‍ ഒന്നരപ്പതിറ്റാണ്ട് മുന്‍പ് കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുക്യാമ്പ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേയും ലീഡ് യുഡിഎഫ് ക്യാമ്പിന് പ്രതീക്ഷയേകുന്നു. സര്‍ക്കാരിന്റെ വികസനനേട്ടങ്ങളും ജഗദീഷിന്റെ വ്യക്തിപ്രഭാവവും തങ്ങളെ തുണയ്ക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. ചരിത്രത്തിലില്ലാത്ത വിധം പ്രചരണപരിപാടികളില്‍ ഇടതുവലതു മുന്നണിക്കാള്‍ ഒരുപിടി മുന്നിലെത്താന്‍ ബിജെപി-ബിഡിജെഎസ് സഖ്യത്തിനു കഴിഞ്ഞു. ഈഴവവോട്ടുകള്‍ക്ക് ഗണ്യമായ സ്വാധീനമുള്ള മേഖലയില്‍ എന്‍ഡിഎയുടെ വോട്ടുകള്‍ വര്‍ദ്ധിച്ചാല്‍ അത് ഇരുമുന്നണികളുടെയും പ്രതീക്ഷകളെയും കാര്യമായി ബാധിക്കും. ലോക്‌സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഉണ്ടായ മുന്നേറ്റവും ഇടതുവലതു പാര്‍ട്ടികളെ ഭയപ്പെടുത്തുന്നു. താലൂക്ക് രൂപീകരണശേഷമുള്ള ആദ്യനിയമസഭാ തെരഞ്ഞെടുപ്പായതിനാല്‍ എല്ലാ മുന്നണികള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ളതാണ് മത്സരഫലം. ഇത്തവണ വോട്ടെണ്ണല്‍ കേന്ദ്രവും പത്തനാപുരമാണ്. പത്തനാപുരത്തെ സെന്റ് സ്റ്റീഫന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളാണ് വോട്ടെണ്ണല്‍ കേന്ദ്രം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.