വോട്ടെണ്ണല്‍: നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

Wednesday 18 May 2016 11:56 am IST

കോഴിക്കോട്: ജില്ലയിലെ വോട്ടെണ്ണല്‍ നാളെ വെള്ളിമാട്കുന്ന് ജെഡിടി ഇസ്ലാം കോംപ്ലക്‌സില്‍ നടക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍ നടക്കുക. രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് ശേഷം രണ്ടു മണി വരെയാണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. താമരശ്ശേരി ഭാഗത്തു നിന്നും വരുന്ന ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ കാരന്തൂരില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മെഡിക്കല്‍ കോളജ്, തൊണ്ടയാട് ജംഗ്ഷന്‍ വഴി നഗരത്തില്‍ പ്രവേശിക്കണം. കോഴിക്കോട് നഗരത്തില്‍ നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ്സുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ മലാപ്പറമ്പ് ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ചേവരമ്പലം, ചേവായൂര്‍ ജംഗ്ഷന്‍, മെഡിക്കല്‍ കോളജ് കാരന്തൂര്‍ വഴി പോകണം. വെള്ളിമാടുകുന്ന്, ചെലവൂര്‍-മൂഴിക്കല്‍-സിറ്റി ബസുകള്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം യാത്ര അവസാനിപ്പിക്കണം. എന്‍ട്രന്‍സ് പരീക്ഷകളില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ പരീക്ഷാ കേന്ദ്രത്തിന് മുന്‍വശം വിദ്യാര്‍ത്ഥികളെ ഇറക്കി ഇരിങ്ങാടന്‍ പള്ളി റോഡില്‍ പാര്‍ക്ക് ചെയ്യണം. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് വരുന്ന സ്ഥാനാര്‍ത്ഥികള്‍ അവരുടെ ഏജന്റുമാര്‍ എന്നിവര്‍ ഉപയോഗിക്കുന്നതും ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും പാസ് ലഭിച്ചതുമായ വാഹനങ്ങള്‍ ജെഡിടി മെയിന്‍ ഗേറ്റിന് മുന്‍വശം ആളുകളെ ഇറക്കി ജെഡിടി ഗ്രൗണ്ടിന്റെ പടിഞ്ഞാറ് വശം പാര്‍ക്ക് ചെയ്യേണ്ടതാണ്. ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും പാസ് ലഭിക്കാത്തതും എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധമുള്ളതും ആയ വാഹനങ്ങള്‍ കോഴിക്കോട് സിറ്റി ഭാഗത്തു നിന്നും വരുന്നവ എന്‍ജിഒ-എആര്‍ ക്യാമ്പ് റോഡില്‍ ഒരു വശത്ത് മാത്രമായി പാര്‍ക്ക് ചെയ്യണം. കുന്ദമംഗലം-താമരശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കോഴിക്കോട് ലോ-കോളജ് ഗ്രൗണ്ടിലും ഇരിങ്ങാടന്‍ പള്ളി റോഡിലുമായി പാര്‍ക്ക് ചെയ്യണമെന്നും സൗത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.