ഒഴിവാക്കാനാവാത്ത കര്‍മം

Wednesday 18 May 2016 8:16 pm IST

നമുക്ക് ഒരുനിമിഷംപോലും കര്‍മംചെയ്യാതിരിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. കൈകൊണ്ട് ഒന്നും ചെയ്യുന്നില്ലെങ്കില്‍ ചിന്തകൊണ്ട് ചെയ്യും. ഉറങ്ങുകയാണെങ്കില്‍ സ്വപ്‌നംകൊണ്ടു ചെയ്യും. ശ്വാസോച്ഛ്വാസവും മറ്റും അതിന്റെ മുറയ്ക്കു നടക്കും. എങ്ങനെയായാലും കര്‍മം ഒഴിവാക്കാന്‍ പറ്റുകയില്ല. എന്നാല്‍പ്പിന്നെ ലോകത്തിനു പ്രയോജന പ്രദമായ കര്‍മങ്ങളെന്തെങ്കിലും ചെയ്തുക്കൂടേ. അതു കൈകൊണ്ടായാലും എന്താണു തെറ്റ്. നിഷ്‌കാമമായ കര്‍മ്മം വാസനകളെ ക്ഷയിപ്പിക്കുകമാത്രമേ ചെയ്യുന്നുള്ളു. നല്ല വാക്കും നല്ല ചിന്തയും നല്ല പ്രവൃത്തിയും ഉണ്ടായാല്‍ മാത്രമേ അതുവരെ ആര്‍ജ്ജിച്ചിട്ടുള്ള ചീത്ത സംസ്‌കാരത്തെ ജയിക്കാന്‍ കഴിയുകയുള്ളൂ. പണ്ട് ഗുരുകുലങ്ങളില്‍ വേദ പഠനത്തിനായി വരുന്ന ശിഷ്യരെ വിറകുശേഖരിക്കാനും ചെടിനനയ്ക്കാനും വസ്ത്രം അലക്കാനും നിയോഗിക്കും. സ്വാര്‍ത്ഥതയും ശരീര ബുദ്ധിയും മറികടക്കാന്‍ നിസ്വാര്‍ത്ഥ സേവനം ആവശ്യമാണ്. അതുകൊണ്ട് ആരും നല്ല കര്‍മം ചെയ്യാതെ മടിപിടിച്ചിരിക്കുകയോ കര്‍മം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുകയോ ചെയ്യരുത്. ജനങ്ങളുടെ കഷ്ടത കാണുമ്പോള്‍ ഹൃദയത്തില്‍ കാരുണ്യം ഊറിവരുന്നവന് മടി പിടിക്കാനാവില്ല. കാരുണ്യമുള്ള ഹൃദയത്തിലേ ഈശ്വരന്റെ കൃപ എത്തുകയുള്ളു. കാരുണ്യമില്ലാത്തിടത്ത് ഈശ്വരകൃപ എത്തിയാലും പ്രയോജനമില്ല. കഴുകാത്ത പാത്രത്തില്‍ പാലൊഴിക്കുന്നതുപോലെയാണത്. മറ്റുള്ളവര്‍ക്കു പ്രയോജനപ്രദമാകുന്ന കര്‍മ്മം ചെയ്യുന്നതിലൂടെ മാത്രമേ അന്തക്കരണശുദ്ധി നേടാനാവുകയുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.