യുണൈറ്റഡിന് വിജയം

Wednesday 18 May 2016 9:05 pm IST

ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗ് സീസണ് അവസാനമിട്ടു. ബേണ്‍സ്മൗത്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡ് കീഴടക്കിയത്. വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഓള്‍ഡ് ട്രാഫോഡില്‍ കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരമാണ് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. 43-ാം മിനിറ്റില്‍ സൂപ്പര്‍ താരം വെയ്ന്‍ റൂണി, 74-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, 87-ാം മിനിറ്റില്‍ ആഷ്‌ലി യങ് എന്നിവര്‍ യുണൈറ്റഡിനായി സ്‌കോര്‍ ചെയ്തു. ബേണ്‍സ്മൗത്തിന്റെ ആശ്വാസഗോളും യുണൈറ്റഡിന്റെ ദാനം. ഇഞ്ചുറി സമയത്ത് ക്രിസ് സ്മാളിങ്ങാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് എതിരാളികള്‍ക്ക് ഗോള്‍ സമ്മാനമായി നല്‍കിയത്. ഓള്‍ഡ് ട്രാഫോഡില്‍ റൂണി 100-ാം ഗോളും തികച്ചു. വിജയിച്ചെങ്കിലും അവസാന ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ സ്ഥാനം മാഞ്ചസ്റ്റര്‍ സിറ്റിക്ക് അടിയറവ് വയ്‌ക്കേണ്ടി വന്നു യുണൈറ്റഡിന്. എന്നാല്‍ സതാംപ്ടണെ മറികടന്ന് 66 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ ഗ്രൂപ്പ് ബെര്‍ത്ത് ഉറപ്പിച്ചു. സിറ്റിക്കും 66 പോയിന്റാണുള്ളതെങ്കിലും മികച്ച ഗോള്‍ശരാശരി അവരെ തുണച്ചു. ശനിയാഴ്ച ക്രിസ്റ്റല്‍ പാലസിനെതിരേ എഫ്എ കപ്പ് ഫൈനലില്‍ യുണൈറ്റഡ് സീസണിലെ അവസാന മത്സരത്തില്‍ കളിക്കാനിറങ്ങും. 42പോയിന്റുമായി ബേണ്‍സ്മൗത്ത് 16-ാം സ്ഥാനത്ത് ലീഗ് പോരാട്ടം അവസാനിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.