കണ്ണൂര്‍: കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ എംഎസ്എം ഇ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് തൃശ്ശൂരും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് കണ്ണൂര്‍ യൂണിറ്റും സംയുക്തമായി കണ്ണൂരില്‍ അഖിലേന്ത്യാ വ്യവസായ പ്രദര്‍ശനവും ബിസിനസ് റ്റു ബിസിനസ് മീറ്റും നടത്തും. 26 മുതല്‍ 29വരെ കണ്ണൂര്‍ പോലീസ് മൈതാനിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറോളം ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ കൂടാതെ കൊച്ചിന് ഷിപ്യാര്ഡ്, ഐഎസ്ആര്‍ഒ, ബിഎച്ച്, ഇഎല്‍, കെല്‍ട്രോണ്‍, റെയില്‍വേ, ഡിഫന്‍സ്, എന്‍ടിപിസി, എഫ്എസിറ്റി തുടങ്ങിയ വന്‍കിട സ്ഥാപനങ്ങള്‍ അവര്‍ക്കാവശ്യമായ ഉല്പന്നങ്ങള് ചെറുകിട സംരഭകരോട് വിശദീകരിക്കും. വ്യവസായ പ്രദര്‍ശനത്തോടൊപ്പം സംഘടിപ്പിക്കുന്ന സാങ്കേതിക സെമിനാറില്‍ പൊതു മേഖലാ വ്യവസായ സ്ഥാപനങ്ങള്‍ അവര്‍ ശേഖരിക്കുന്ന ഉല്പന്നങ്ങളുടെയും സേവനത്തിന്റെയും കരാര്‍ രീതികളെപറ്റിയും ഗുണമേന്മയെ പറ്റിയും വിശദീകരിക്കും. കൂടാതെ ബാങ്കിംഗ് രംഗത്തെ പ്രഖമുഖരായ എസ്ബിഐ, എസ്ബിടി, കാനറാ ബാങ്ക് മുതലായവയുടെ പ്രതിനിധികള്‍ വ്യവസായ സംരഭകര്‍ക്കായി നടപ്പാക്കുന്ന സാമ്പത്തിക പദ്ധതികളെ കുറിച്ചും മറ്റു വികസന സ്ഥാപനങ്ങളായ കയര്‍ ബോര്‍ഡ് എന്‍എസ്ഐസി പ്രതിനിധികള്‍ വിവിധ വ്യവസായ സേവനങ്ങളെ കുറിച്ചും സംസാരിക്കും.
ചെറുകിട വ്യവസായ സംരംഭകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 2012ല്‍ പ്രഖ്യാപിച്ച പൊതുശേഖരണ നയപ്രകാരം കേന്ദ്ര സര്‍ക്കാര്‍ അധീനതയില്പെടുന്ന വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ മൊത്ത വാര്‍ഷിക പര്‍ച്ചേസില്‍ 20 ശതമാനം നിര്‍ബന്ധമായും സൂക്ഷ്മ ചെറുകിട വ്യവസായ സംരഭങ്ങളില്‍ നിന്നായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. പ്രസ്തുത നയത്തെ കുറിച്ച് സൂക്ഷ്മ ചെറുകിട വ്യവസായ സംരഭകരില്‍ അവബോധം സൃഷ്ടിക്കുകയെന്നതും ഈ പ്രോഗ്രാമിന്റെ ഉദ്ദേശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9947427075, 9020289308, 9961363897, 9447093443.
പ്രതികരിക്കാൻ ഇവിടെ എഴുതുക: