ബെംഗളൂരു: ദല്‍ഹി സ്വദശിയായ സ്ത്രീ ബെംഗളൂരു കൊതനൂറിലെ ചിക്കഗുബ്ബിയില്‍ കൊല്ലപ്പെട്ടു. ചിക്കഗുബ്ബി മാനസ ട്രസ്റ്റില്‍ സന്നദ്ധ സേവകയായി പ്രവര്‍ത്തിച്ചിരുന്ന കിരണ്‍ സിങാണ് (46) കൊല്ലപ്പെട്ടത്. അഞ്ചുവര്‍ഷത്തോളമായി ഇവര്‍ ചിക്കഗുബ്ബിയില്‍ താമസിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു കൊലപാതകം.
പിറ്റേദിവസം രാവിലെ ജോലിക്കാരി വീട് പൂട്ടികിടക്കുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കിരണ്‍ സിങ് ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്.
ചൊവ്വാഴ്ച രാത്രി ഒമ്പതിനും പത്തിനും ഇടയിലാണ് കൊലപാതകം നടന്നത്.
ഒന്നിലധികം പേര് ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം വീടിനുള്ളില്‍ യാതൊരു വിധത്തിലുമുള്ള മോഷണശ്രമങ്ങളും നടന്നതിന്റെ തെളിവില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം കിരണ്‍ സിങ് ഇതിനുമുമ്പ് എയര്‍ലൈന്‍സ് കമ്പനികളില്‍ എച്ച്ആര്‍ ട്രെയിനര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊതന്നൂര് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: