സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടാന്‍ ശ്രമിക്കുന്നു - ബിജെപി

Wednesday 18 May 2016 11:13 pm IST

തിരുവനന്തപുരം : തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നേറ്റമുണ്ടാകുമെന്ന് മനസ്സിലാക്കി സംസ്ഥാനത്ത് വ്യാപകമായി അക്രമം അഴിച്ചുവിടാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി വക്താവ് ജെ.ആര്‍. പത്മകുമാര്‍. ബിജെപി ബൂത്ത് ഏജന്റിനെ തടഞ്ഞുവച്ച് ഇനി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ലെന്ന് എഴുതിവാങ്ങിയ തൃക്കരിപ്പൂര്‍ എംഎല്‍എ കുഞ്ഞിരാമനെ അറസ്റ്റ് ചെയ്യണമെന്ന് പത്മകുമാര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ബിജെപി 20 ശതമാനത്തിലധികം വോട്ട് നേടും. ബിജെപിയെ തകര്‍ക്കാന്‍ ഇരുമുന്നണികളും ഒരുമിച്ചുണ്ടാക്കിയ ധാരണകളെ അതിജീവിച്ച് ബിജെപി അക്കൗണ്ട് തുറക്കും. കേരളത്തില്‍ ഒരു രാഷ്ട്രീയ മാറ്റത്തിനാണ് ബിജെപി ശ്രമിച്ചത്. അതില്‍ വിജയിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സിപിഎം വ്യാപക അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. കള്ളവോട്ട് ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് വ്യാപക അക്രമം. തൃക്കരിപ്പൂര്‍ നീലേശ്വരത്തെ ബൂത്ത് ഏജന്റ് സാഗറിനെ തടഞ്ഞുവച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ലെന്ന് എഴുതി വാങ്ങാന്‍ നേതൃത്വം നല്‍കിയ കുഞ്ഞിരാമന്‍ എംഎല്‍എയുടെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇത്തരം പ്രവര്‍ത്തികള്‍ എന്തു തരത്തിലുള്ള സഹിഷ്ണുതയാണെന്ന് സിപിഎം വ്യക്തമാക്കണം. ധര്‍മ്മടത്ത് പഞ്ചായത്ത് അംഗം അടക്കമുള്ളവര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യം ജനം കണ്ടുകഴിഞ്ഞു. കള്ളവോട്ടും അക്രമവുമാണ് സിപിഎം നടപ്പാക്കുന്നത്. ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സിപിഎം അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവില്‍ വ്യാപകമായി അക്രമം അഴിച്ചുവിടാന്‍ സിപിഎം പദ്ധതിയിടുകയാണെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ഭരണകൂടവും നടപടിയെടുക്കണമെന്നും പത്മകുമാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.