കേരളത്തില്‍ താമര വിരിഞ്ഞു; രാജഗോപാലിന് തിളക്കമാര്‍ന്ന ജയം

Thursday 19 May 2016 2:10 pm IST

തിരുവനന്തപുരം: കേരളത്തില്‍ താമര വിരിഞ്ഞു. താമര വിരിയില്ലെന്ന ഇരു മുന്നണികളുടേയും പ്രതികരണത്തിനുള്ള മറുപടിയായി മാറി നേമത്തെ സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന്‍റെ തിളക്കമാര്‍ന്ന വിജയം. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്കെതിരെ 8671 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് രാജഗോപാലിന്‍റെ നിയമസഭാപ്രവേശനം. നേമത്തെ എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ രാജഗോപാല്‍ നിയമസഭയില്‍ വിസിറ്റേഴ്സ് പാസ് വാങ്ങി മാത്രമേ ബിജെപിക്കാര്‍ക്ക് പ്രവേശിക്കാനാവൂ എന്ന് പരിഹസിച്ച എകെ ആന്റണിക്കുള്ള മറുപടിയാണ് തന്റെ വിജയമെന്നും പ്രതികരിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ലീഡ് നിലനിര്‍ത്തിയ രാജഗോപാല്‍ ശിവന്‍‌കുട്ടിയെ ഏറെ പിന്നിലാക്കുകയായിരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ശക്തി തെളിയിച്ചു. പലയിടങ്ങളിലും എന്‍ഡിഎസ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തേക്കെത്തുന്ന കാഴ്ച്ചയ്ക്കും സംസ്ഥാനം സാക്ഷ്യം വഹിച്ചു. വട്ടിയൂര്‍ക്കാവില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തിയതിന് ശേഷമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍ രണ്ടാമതെത്തിയത്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ രണ്ടാമതേയ്ക്ക് പിന്തള്ളപ്പെട്ടത് വെറും 89 വോട്ടിന് മാത്രമായിരുന്നു. ഇത് ഇരു മുന്നണികളും ഒത്തുകളിച്ചതിന്‍റെ ഫലയിട്ട് സംഭവിച്ചതാണെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. കൂടാതെ അപര സ്ഥാനാര്‍ത്ഥിത്വവും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ ആവശ്യപ്രകാരം മഞ്ചേശ്വരത്ത് റീകൗണ്ടിങിന് ആരംഭിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും ഈ മണ്ഡലത്തിലെ യഥാര്‍ത്ഥ ഫലം പുറത്ത് വരിക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.