ഓഡിറ്റ്ഫീസ്‌ വര്‍ധന അത്യന്താപേക്ഷിതം

Monday 4 July 2011 11:07 pm IST

കൊച്ചി: ഓഡിറ്റുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന്‌ ബാങ്കുകളുടെ കണ്‍കറന്റ്‌ ഓഡിറ്റിന്റേയും മറ്റു ഇന്റേണല്‍ ഓഡിറ്റുകളുടെയും ഫീസ്‌ വര്‍ദ്ധിപ്പിക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ജെ.വെന്‍കട്ടേശ്വരലു പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ ഓഫ്‌ ഇന്ത്യ ന്യൂദല്‍ഹിയുടെ ആഭിമുഖ്യത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എറണാകുളം ശാഖ സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകളുടെ കണ്‍കറന്റ്‌ ഓഡിറ്റിങ്ങിന്റേയും മറ്റ്‌ ഇന്റേണല്‍ ഓഡിറ്റിങ്ങിന്റേയും ഉത്തരവാദിത്വവും അതിനായി ചെലവാക്കുന്ന സമയവും വെച്ചു നോക്കുമ്പോള്‍ ന്യായമായ ഫീസും ഉറപ്പു വരുത്തേണ്ടതുണ്ടെന്ന്‌ അദ്ദേഹം ഊന്നിപ്പറഞ്ഞു.
ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ പ്രൊഫഷനെ ക്രമീകരിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്സ്‌ ഓഫ്‌ ഇന്ത്യ, ന്യൂദല്‍ഹി ഈയിടെ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാരുടെ മിനിമം ഫീസ്‌ നിശ്ചയിച്ച്‌ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഈ കാലഘട്ടത്തില്‍ ഇന്റേണല്‍ ഓഡിറ്റിങ്ങിലും മറ്റുമുള്ള ഉത്തരവാദിത്വങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ ഫീസ്‌ അംഗീകരിക്കേണ്ടതാണെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എറണാകുളം ശാഖ ചെയര്‍മാന്‍ സജി മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ദക്ഷിണേന്ത്യാ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ബാബു എബ്രഹാം കള്ളിവയലില്‍ പ്രസംഗിച്ചു. എറണാകുളം ശാഖ സെക്രട്ടറി മിനു മാത്യു നന്ദി രേഖപ്പെടുത്തി.
ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാരായ എം.രാമചന്ദ്രന്‍ വികാസ്‌ ദാസവാള്‍ (ബാംഗ്ലൂര്‍), പ്രമോദ്‌ പ്രഭു, സി.കൃഷ്ണമേനോന്‍ എന്നിവര്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 500-ലേറെ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാര്‍ രണ്ടു ദിവസത്തെ ശില്‍പശാലയില്‍ പങ്കെടുത്തു.