കണ്ണൂരില്‍ എന്‍ഡിഎ വോട്ടില്‍ വന്‍ വര്‍ദ്ധന : കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

Thursday 19 May 2016 7:51 pm IST

കണ്ണൂര്‍: കണ്ണൂരിലെ നിയമസഭാ മണ്ഡലങ്ങളില്‍ എന്‍ഡിഎ-ബിജെപി വോട്ടില്‍ വന്‍വര്‍ദ്ധന. 2011 ലെ നിയമസഭാ തെരഞ്ഞടുപ്പിലും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ലഭിച്ച വോട്ടുകളുടെ ഇരട്ടി വോട്ടുകളാണ് കണ്ണൂരില്‍ ബിജെപി നേതൃത്വം നല്‍കിയ എന്‍ഡിഎ മുന്നണിക്ക് കണ്ണൂരിലെ എല്ലാ മണ്ഡലങ്ങളിലും ലഭിച്ചത്. മട്ടന്നൂര്‍, അഴീക്കോട്, പയ്യന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി, ധര്‍മ്മടം തുടങ്ങി സിപിഎമ്മിന് ശക്തമായ സ്വാധീനമുളള മണ്ഡലങ്ങളിലെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നേടിയതിന്റെ ഇരട്ടിവോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടിയത്. ജില്ലയിലെ 11 മണ്ഡലങ്ങളില്‍ പേരാവൂര്‍ ഒഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരിച്ചത്. ജില്ലയിലെ മണ്ഡലങ്ങളിലെല്ലാം കൂടി 1,58,597 വോട്ടുകള്‍ നേടി ചരിത്രത്തിലില്ലാത്ത വോട്ടാണ് ബിജെപി നേടിയത്. 69,180 വോട്ട് മാത്രമായിരുന്നു ബിജെപിയുടെ വോട്ട്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാവട്ടെ 1,06326 വോട്ടായിരുന്നു ബിജെപിക്ക് ലഭിച്ചത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷത്തിനടുത്ത് വോട്ട് ബിജെപിക്ക് ലഭിച്ചിരുന്നു. ബിജെപി ഏറെ പ്രതീക്ഷയോടെ കണ്ട് പ്രവര്‍ത്തിച്ച തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ തന്നെയാണ് ഏറ്റവും കൂടതല്‍ വോട്ടുകള്‍ ബിജെപിക്ക് ജില്ലയില്‍ ലഭിച്ചത്. തലശ്ശേരിയില്‍ 22,125 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കൂത്തുപറമ്പില്‍ 20,787 വോട്ടുകളും ബിജെപി നേതൃത്വം നല്‍കിയ എന്‍ഡിഎ മുന്നണി നേടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യഥാക്രമം 11780 ഉം 14774 ഉം വോട്ടുകളായിരുന്നു ഇവിടെ ബിജെപി നേടിയത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ 6970 ഉം കൂത്തുപറമ്പില്‍ 11835ഉം വോട്ടുമാത്രമായിരുന്നു ബിജെപിക്ക് ലഭിച്ചത്. സിപിഎമ്മിന്റെ ശക്തമായ സ്വാധീനമുളളതും സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എ സി.കൃഷ്ണന്‍ ജയിച്ച പയ്യന്നൂര്‍ മണ്ഡലത്തില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയും മഹിളാമോര്‍ച്ചാ ജില്ലാ പ്രസിഡണ്ടുമായ ആനിയമ്മാ രാജേന്ദ്രന്‍ 15,341 വോട്ട് നേടി ബിജെപിയുടെ ശക്തി തെളിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5019 വോട്ടായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി നേടിയത്. മൂന്നിരട്ടിയായി വോട്ട് വര്‍ദ്ധിപ്പിക്കാന്‍ ഇവിടെ ബിജെപിക്കായി. എല്ലാ കാലത്തും കോണ്‍ഗ്രസ് മാത്രം ജയിച്ചു വരുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫിലെ സതീശന്‍ പാച്ചേനി പരജായപ്പെടുത്തി കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പളളി രാമചന്ദ്രന്‍ വിജയിച്ചു. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ പൊതുപ്രവര്‍ത്തകനും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ടുമായ കെ.ജി.ബാബു 13,215 വോട്ട് നേടി ബിജെപിക്കുളള ശക്തമായ സ്വാധീനം തെളിയിച്ചു. ഇവിടെ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 4568 വോട്ട് നേടാനെ ബിജെപിക്ക് സാധിച്ചിരുന്നുളളൂ. വോട്ട് മൂന്നിരട്ടിയിലധികം ഇത്തവണ ഇവിടെ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് വഴക്ക് ഒന്നുകൊണ്ടു മാത്രം കടന്നപ്പളളി ഇവിടെ വിജയിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 8705 വോട്ടു മാത്രമുണ്ടായിരുന്ന മട്ടന്നൂരില്‍ ഇത്തവണ മത്സരിച്ച യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് ബിജുഏളക്കുഴി 18,621 വോട്ടുകള്‍ നേടി സിപിഎമ്മിലെ ഇ.പി.ജയരാജനെതിരെ ശക്തമായ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. തളിപ്പറമ്പില്‍ 14,742 വോട്ടും (2011ല്‍ 6492 വോട്ടും) അഴീക്കോട് 12,550 വോട്ടും( 2011ല്‍ 7540 ഉം) ധര്‍മ്മടത്ത് സിപിഎം ഔദ്യോഗിക വിഭാഗം മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന പിണറായി വിജയന്‍ വിജയിച്ച ധര്‍മ്മടത്ത് 12760 (2011ല്‍ 4963), കല്ല്യാശ്ശേരിയില്‍ 11,036 (2011ല്‍ 5499), പേരാവൂരില്‍ മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പൈലി വാത്യാട്ട് 9129 വോട്ടും( 2011ല്‍ 4055) ഇരിക്കൂരില്‍ മന്ത്രി കെ.സി.ജോസഫിനെതിരെ മത്സരിച്ച ബിജെപി ഉത്തരമേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍ 8294 വോട്ടും (2011ല്‍ 3529) നേടി. എല്ലാ മണ്ഡലങ്ങളിലും വന്‍ വോട്ട് വര്‍ദ്ധനയാണ് കഴിഞ്ഞ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പിനേക്കാളും ഉണ്ടായിരിക്കുന്നത്. ചില മണ്ഡലങ്ങളില്‍ മൂന്നിരട്ടിവരെ വോട്ടാണ് വര്‍ദ്ധിച്ചത്. ശക്തമായ മുന്നേറ്റം തന്നെയാണ് എന്‍ഡിഎ-ബിജെപി പ്രവര്‍ത്തകരുടേയും നേതാക്കളുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സിപിഎം അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഭീഷണിക്കുമിടയില്‍ കണ്ണൂരിലുണ്ടാക്കിയത്. ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകള്‍ നേടുന്നതിനു വേണ്ടി ബിജെപിക്കെതിരെ നടത്തിയ വര്‍ഗ്ഗീയ പ്രചാരണവും നടത്തിയതും ജില്ലയില്‍ സിപിഎം പല മണ്ഡലങ്ങളിലും അവരുടെ വിജയവും ഭൂരിപക്ഷവും ഉറപ്പിക്കുകയായിരുന്നു. എട്ട് സീറ്റുകളിലാണ് സിപിഎം വിജയം കൈവരിച്ചിരിക്കുന്നത്. ജില്ലയില്‍ നിലവില്‍ 5 നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ടായിരുന്ന യുഡിഎഫിന് രണ്ട് സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടു. മന്ത്രി കെ.പി.മോഹനന്‍ മത്സരിച്ച കൂത്തുപറമ്പും അബ്ദുളളക്കുട്ടി പ്രതിനിധീകരിച്ചിരുന്ന കണ്ണൂരുമാണ് ഇത്തവണ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്. രണ്ട് സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുകയും എല്ലാ മണ്ഡലങ്ങളിലും ഗണ്യമായി വോട്ട് കുറയുകയും ചെയ്തത് വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനകത്ത് വലിയ പൊട്ടിത്തെറികള്‍ക്ക് വഴി തുറക്കുമെന്നുറപ്പാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.