കൊട്ടിയൂര്‍ വൈശാഖ മഹോത്സവം നാളെ തുടങ്ങും

Thursday 19 May 2016 7:53 pm IST

കൊട്ടിയൂര്‍: ദക്ഷിണകാശി എന്നറിയപ്പെടുന്ന ഉത്തരമലബാറിലെ പ്രസിദ്ധമായ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ 27 ദിവസം നീണ്ടു നില്‍ക്കുന്ന വൈശാഖ മഹോത്സവത്തിന് നെയ്യാട്ടത്തോടെ നാളെ തുടക്കമാകും. ഇതോടെ കൊട്ടിയൂരിലെ ദക്ഷയാഗഭൂമിയായ പുണ്യനഗരിയിലേക്ക് കേരളത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് ശൈവഭക്തര്‍ ദര്‍ശനപുണ്യം തേടിയെത്തും. ഇടവമാസത്തിലെ ചോതി നാള്‍ മുതല്‍ മിഥുനചിത്ര വരെയുള്ള 27 നാളുകളിലാണ് ഇവിടെ ഉത്സവം. വയനാടന്‍ ചുരങ്ങളില്‍ നിന്നും ഉത്ഭവിച്ച് ഔഷധസമ്മിശ്രമായ ജലധാരകളുമേന്തി കളകളനാദം മുഴക്കി എത്തുന്ന പുണ്യനദിയായ ബാവലിയുടെ വടക്കേത്തീരത്ത് തിരുവഞ്ചിറ എന്നറിയപ്പെടുന്ന കൊച്ചു ജലാശയത്തിന്റെ നടുവിലാണ് ഇവിടത്തെ ആരാധനാ ബിന്ദുവായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതി ചെയ്യുന്നത്. സ്വര്‍ണ്ണംപൂശിയ ശ്രീകോവിലോ ലക്ഷങ്ങള്‍ ചെലവഴിച്ച കെട്ടിടങ്ങളോ ഇല്ലാത്തതും പകരം താത്കാലികമായി കെട്ടിയുണ്ടാക്കിയ ശ്രീകോവിലുകളും മറ്റുമുള്ള ഏക ക്ഷേത്രമാണ് കൊട്ടിയൂര്‍. ഉത്സവത്തിന്റെ ഭാഗമായി നാളെ നെയ്യാട്ടനാളില്‍ യാഗ പര്‍ണ്ണശാലകള്‍ ഏറ്റുവാങ്ങല്‍, ഉരുളിവരവ്, ഓടയും തിരിയും വരവ്, വാള്‍ വരവ്, ചോതിവിളക്ക് തെളിയിക്കല്‍, നാളം തുറക്കല്‍, പാത്തി വെക്കല്‍, നെയ്യാട്ടം എന്നീ ചടങ്ങുകളാണ് നടക്കുക. നെയ്യാട്ടത്തിനാവശ്യമായ നെയ്യുമായി പ്രത്യേക വ്രതാനുഷ്ഠാനത്തോടെ നൂറുകണക്കിന് ഭക്തര്‍ നാളെ രാവിലെ മുതല്‍ കൊട്ടിയൂരിലെത്തിച്ചേരും. നാളെ ഉച്ചയോടെ അക്കരെ ക്ഷേത്രസന്നിധിയില്‍ നിര്‍മ്മിച്ച പര്‍ണ്ണശാലകള്‍ ആശാരി സ്ഥാനികനില്‍ നിന്നും ബാംബുരാളന്‍ എന്ന സ്ഥാനികര്‍ ഏറ്റുവാങ്ങും. പിന്നീട് കണക്കപ്പിള്ളയും ഒടുവില്‍ സമുദായിയും ഇവ ഏറ്റുവാങ്ങും. ക്ഷേത്രത്തിലേക്ക് ആവശ്യമായ അഗ്നി ജാതിയൂര്‍ മഠത്തില്‍ നിന്നും തേടന്‍ വാര്യര്‍ എന്ന സ്ഥാനികനാണ് എത്തിക്കുന്നത്. ഇതുപയോഗിച്ചാണ് ചോതി വിളക്കുകള്‍ തെളിയിക്കുക. സന്ധ്യയോടെ മുതിരേരി ക്ഷേത്രത്തില്‍ നിന്നും വാള്‍ എഴുന്നള്ളിച്ച് കൊണ്ടുവരും. മുതിരേരി ക്ഷേത്രത്തിലെ പൂജാബിംബമായ വാളാണ് സ്ഥാനികന്‍ എഴുന്നള്ളിച്ച് എത്തിക്കുന്നത്. ഇത് ഇക്കരെ എത്തിയാലേ നെയ്യമൃത് സംഘം അക്കരെ പ്രവേശിക്കുകയുള്ളൂ. വാള്‍ ഇക്കരെ എത്തിയാല്‍ പടിഞ്ഞാറ്റ നമ്പൂതിരി, തേടന്‍ വാര്യര്‍, നമ്പീശന്‍ എന്നീ സ്ഥാനികര്‍ അക്കരെ കടന്ന് പ്രത്യേക കര്‍മ്മങ്ങള്‍ക്ക് ശേഷം ചോതി വിളക്ക് തെളിയിക്കും. തുടര്‍ന്ന് സ്വയംഭൂസ്ഥാനം നെയ്യാട്ടത്തിനായി തയ്യാറാക്കുന്ന ചടങ്ങാണ് നാളം തുറക്കല്‍. പിന്നീട് ജന്മാശാരി നിര്‍മ്മിച്ച മുള കൊണ്ട് പാത്തി സ്ഥാപിക്കും. ഇതിനു ശേഷമാണ് നെയ്യാട്ടം തുടങ്ങുക. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടക്കുന്ന നെയ്യാട്ടച്ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുക്കും. 21 ന് നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്തിന് ശേഷമേ അക്കരെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ. 27 ന് തിരുവോണം ആരാധന, 28 ന് എളനീര്‍ വെപ്പ്, 29 ന് അഷ്ടമി ആരാധന, ഇളനീരാട്ടം, ജൂണ്‍ 1 ന് രേവതി ആരാധന, 5 ന് രോഹിണി ആരാധന, 6 ന് തിരുവാതിര ചതുശ്ശതം, 7 ന് പുണര്‍തം ചതുശ്ശതം, 9 ന് ആയില്യം ചതുശ്ശതം, 11 ന് മകം കലംവരവ്, 14 ന് അത്തം ചതുശ്ശതം, വാളാട്ടം എന്നിവ നടക്കും. 15 ന് നടക്കുന്ന തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. ഉത്സവത്തിനായി ഇക്കുറി കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിക്കാന്‍ നടപടിയായിട്ടുണ്ട്. തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, മാനന്തവാടി ജില്ലകളില്‍ നിന്നും 30 ഓളം ബസ്സുകള്‍ കൊട്ടിയൂരിലേക്ക് ഓടിക്കും. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. ക്ഷേത്രനഗരിയില്‍ നൂറുകണക്കിന് പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടാകും. കൊട്ടിയൂര്‍ പിഎച്ച്‌സിയില്‍ ഭക്തര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തും. 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. ചുക്കുകാപ്പി വിതരണം, അന്നദാനം എന്നിവയും ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.