തമിഴ്‌നാട്ടില്‍ വീണ്ടും അമ്മ ഭരണം

Thursday 19 May 2016 9:03 pm IST

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ജയലളിത വീണ്ടും സംസ്ഥാന ഭരണം പിടിച്ചെടുത്തു. 32 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി തുടര്‍ച്ചയായി രണ്ടുതവണ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത്. 232 നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതില്‍ 134 സീറ്റുകള്‍ ജയലളിത നേതൃത്വം നല്‍കുന്ന എഐഎഡിഎംകെ നേടി. കരുണാനിധിയുടെ ഡിഎംകെയാണ് രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസിന്റെ എട്ട് സീറ്റുള്‍പ്പടെ 98 സീറ്റുകളാണ് തമിഴ്‌നാട്ടില്‍ ഡിഎംകെ നേടിയത്. 234 നിയമസഭാ മണ്ഡലങ്ങള്‍ ഉള്ളതില്‍ അരവാകുറിച്ചി, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ വോട്ട് നല്‍കുന്നതിനു വേണ്ടി പണം ആവശ്യപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടത്തെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. അതേസമയം ഇത്തവണ തമിഴ്‌നാട്ടില്‍ സീറ്റൊന്നും നേടാനായില്ലെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ബിജെപിയുടെ വോട്ടിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. 11,91,417 വോട്ടുകളാണ് ബിജെപി ഇത്തവണ നേടിയത്. എന്നാല്‍ മുന്‍ പ്രതിപക്ഷ നേതാവുകൂടിയായ വിജയകാന്തിന്റെ ഡിഎംഡിഎംകെയ്ക്ക് ഇത്തവണ സീറ്റൊന്നും നേടാനായില്ല. 9,74,796 വോട്ടാണ് ഡിഎംഡിഎംകെ ഇത്തവണ കിട്ടിയത്. ഇതുകൂടാതെ സഖ്യകക്ഷികളായ വൈകോയുടെ എംഡിഎംകെയ്ക്കും, സിപിഐയ്ക്കും, സിപിഎമ്മിനും സംസ്ഥാനത്ത് സീറ്റൊന്നും നേടാനായില്ല. എന്നാല്‍ പട്ടാളി മക്കള്‍ കച്ചി, പുതിയ തമിഴഗം എന്നീ രാഷട്രീയ കക്ഷികള്‍ക്ക് ഓരോ സീറ്റുവീതവും ലഭിച്ചു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ പ്രമുഖ മുന്നണികളായ എഐഎഡിഎംകെയ്ക്കും ഡിഎംകെയ്ക്കും ഏറെ നിര്‍ണ്ണായകമായിരുന്നു. എന്നിരുന്നാലും തമിഴ്‌നാട്ടിലെ പാരമ്പര്യം അനുസരിച്ച് തെരഞ്ഞെടുപ്പ് ഫലം ഡിഎംകെയ്ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു കരുണാനിധിയുടേയും സ്റ്റാലിന്റേയും സംഘം. എക്‌സിറ്റ് പോള്‍ ഫലങ്ങളും മറിച്ചായിരുന്നില്ല. സംസ്ഥാന ഭരണം ഡിഎംകെ പിടിച്ചടക്കുമെന്നാണ് ഇവയും പ്രവചിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.