ബംഗാള്‍: സിപിഎമ്മിനു വന്‍ തോല്‍വി, ബിജെപിക്ക് ഉജ്വല വിജയം

Thursday 19 May 2016 9:07 pm IST

കൊല്‍ക്കത്ത: കോണ്‍ഗ്രസ്-സിപിഎം മുന്നണിയെ നിലംപരിശാക്കി പശ്ചിമബംഗാളിലെ 294 സീറ്റുകളില്‍ 211 ഉം തൃണമൂല്‍ കോണ്‍ഗ്രസ് നേടി. ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് തിളക്കമാര്‍ന്ന വിജയമാണ് ലഭിച്ചത്. ബിജെപി മൂന്ന് സീറ്റുകളില്‍ ബിജെപി വിജയം നേടി. നിലവില്‍ ഉപതെരഞ്ഞെടുപ്പിലുടെ ഒരു സീറ്റു നേടിയിരുന്ന ബിജെപിക്ക് മൂന്ന് സീറ്റില്‍ വിജയം കിട്ടി. ഇടതുപക്ഷത്തിന് വെറും 26 സീറ്റേ കിട്ടിയുള്ളു. 44 സീറ്റു നേടിയ കോണ്‍ഗ്രസ് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയാകും. ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് 66 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സിപിഐയ്ക്ക് ഒരു സീറ്റ്. ഫോര്‍വേഡ് ബ്ലോക്കിന് രണ്ടു സീറ്റുകിട്ടി. മറ്റുളളവര്‍ക്ക് ഒരുസീറ്റും. കോണ്‍ഗ്രസിനോടു സഖ്യം ചേര്‍ന്ന് നേട്ടം കൊയ്യാമെന്നു കരുതിത സിപിഎമ്മിന് തെറ്റി. പ്രതിപക്ഷ സ്ഥാനം കോണ്‍ഗ്രസിനു നേടിക്കൊടുക്കാനേ 'ഹിമാലയന്‍ ബ്ലണ്ടറി'ലൂടെ സിപിഎമ്മിനായുള്ളു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നുണപ്രചാരണങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നതിന്റെ തെളിവാണ് ഭരണ തുടര്‍ച്ചക്ക് ലഭിച്ച അംഗീകാരമെന്ന് മമതാ ബാനര്‍ജി പ്രതികരിച്ചു. ഭവാനി പൂരില്‍ നിന്ന് 25301 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മമതാ ബാനര്‍ജി തെരഞ്ഞെടുക്കപ്പെട്ടത്. ധനമന്ത്രി അമിത് മിത്ര ഖര്‍ദേഷയില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ അസിംദാസ് ഗുപ്തയെ 21,200 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മന്ത്രിമാരായ സാഷി പാഞ്ച കൊല്‍ക്കത്തയിലെ ശ്യാംപൂകുര്‍ മണ്ഡലത്തില്‍ നിന്നും,ജ്യോതി പ്രിയോ മുളളിക് ഹബാരയില്‍ നിന്നും വിജയിച്ചു. മുന്‍ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക്ല ഹൗറ നോര്‍ത്തില്‍ വിജയം നേടി. ശാരദ ചിട്ടിത്തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും മുന്‍ മന്ത്രിയുമായ മദന്‍ മിത്ര ദയനീയമായി പരാജയപ്പെട്ടു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സൂര്‍ജ്യകാന്ത് മിശ്രയും പരാജയപ്പെട്ടു. മുന്‍ ബിജെപി അധ്യക്ഷനും ദേശീയ സെക്രട്ടറിയുമായ രാഹുല്‍ സിന്‍ഹ മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടി. ജോറാസഖോ മണ്ഡലത്തില്‍ നിന്നാണ് രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടത്. അപമാനത്തോടെ തങ്ങള്‍ ഈ വിധിയെ അംഗീകരിക്കുന്നുവെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. തോല്‍വിയെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യം മെച്ചപ്പെടുത്താന്‍ ശ്രമിച്ചത് തിരിച്ചടിയായെന്ന് സിപിഐ നേതാവ് ഡി. രാജ പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.