ഇത് സോനോവാള്‍; മജൗലിയിലെ മജീഷ്യന്‍

Thursday 19 May 2016 9:06 pm IST

ബ്രഹ്മപുത്ര കലിതുള്ളി പാഞ്ഞപ്പോഴെല്ലാം കണ്ണീരൊലിപ്പിച്ച ചരിത്രമാണ് മജൗലിക്ക്. ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകത്തിന്റെ പെരുമയുണ്ടെങ്കിലും നേര്‍ക്കാഴ്ചകള്‍ അതല്ല. വീടും വിളകളും നക്കിയെടുത്ത് ബ്രഹ്മപുത്രയൊഴുകുമ്പോള്‍ തെരുവോരത്ത് അഭയം പ്രാപിക്കുന്ന മജൗലിയിലെ ഗോത്രവര്‍ഗ സമൂഹം അസമിന് നിത്യപരിചിതം. അതെല്ലാം പഴങ്കഥ. സമൃദ്ധിയുടെ നാളുകള്‍ നല്‍കാന്‍ മജൗലിക്ക് പുതിയൊരു രക്ഷകനവതരിച്ചിരിക്കുന്നു, സര്‍ബാനന്ദ സോനൊവാള്‍, അസമിന്റെ പുതിയ അമരക്കാരന്‍. സംസ്ഥാനത്തിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രി. 'മിഷന്‍ 84' എന്ന ബിജെപിയുടെ മുദ്രാവാക്യത്തെ 86 സീറ്റുകള്‍ നല്‍കിയാണ് അസം ജനത വരവേറ്റത്. അസമില്‍ കാവിക്കൊടി പാറിക്കാന്‍ പ്രധാനമന്ത്രിയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും അനുഗ്രഹാശിസുകളോടെയെത്തിയ സോനോവാള്‍ മത്സരിക്കാന്‍ തെരഞ്ഞെടുത്തത് ആരും ഗൗനിക്കാനില്ലാതെ കിടന്ന മജൗലി. അതിനോട് മജൗലി നന്ദി കാണിച്ചു. അപ്പര്‍ അസമില്‍ ബിജെപിയുടെ സ്വാധീന മേഖലകള്‍ വിട്ടാണ് സോനൊവാള്‍ മജൗലിയിലെത്തിയത്. സോനൊവാളിന്റെ നിശ്ചയദാര്‍ഢ്യം പക്ഷേ, മജൗലിയില്‍ മാത്രമൊതുങ്ങുന്നില്ല. അസമിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം. പതിനഞ്ചു വര്‍ഷത്തെ തരുണ്‍ ഗോഗോയ് ഭരണത്തിനും കോണ്‍ഗ്രസിന്റെ ഏകാധിപത്യത്തിനും പരിസമാപ്തിയാകുമ്പോള്‍ ബിജെപിയിലൂടെ, സോനോവാളിലൂടെ പുതിയൊരു ചരിത്രമെഴുതാന്‍ കാത്തിരിക്കുകയാണ് അസം ജനത. പ്രത്യേകിച്ചും യുവാക്കള്‍. മോദി തരംഗം വന്‍ ഭൂരിപക്ഷവുമായി ലോക്‌സഭയിലെത്തിയപ്പോള്‍ അസം ബിജെപിക്ക് സമ്മാനിച്ച ഏഴ് എംപിമാരില്‍ ഒരാളായിരുന്നു സോനോവാള്‍. തുടര്‍ന്ന് കേന്ദ്ര കായിക യുവജനക്ഷേമ സഹമന്ത്രിയായി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടപ്പോഴും വിജയം സോനോവാളിന് സുനിശ്ചിതമായിരുന്നു. അസമിന്റെ തനതു സംസ്‌ക്കാരം കൂടി സംരക്ഷിച്ച് പുരോഗതി ഉറപ്പാക്കാന്‍ ഏറ്റവും അനുയോജ്യന്‍ സോനൊവാള്‍ തന്നെ. അതുകൊണ്ടാണല്ലോ കേന്ദ്രമന്ത്രി പദവി ഉപേക്ഷിച്ച് ലക്കിംപൂരിലെ ഈ എംപി, മുഖ്യമന്ത്രി കുപ്പായമണിയുന്നത്. സോനോവാള്‍ കച്ചാരിയെന്ന ഗോത്രവര്‍ഗക്കാരനാണ് സോനോവാള്‍. അസമിലെ ദിബ്രുഗറില്‍ 1962ല്‍ ജനനം. ദിബ്രുഗര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും ഗുവാഹത്തി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിജെയും പാസായി. അസം ഗണപരിഷത്തിന്റെ വിദ്യാര്‍ത്ഥി സംഘടന ആള്‍ അസം സ്റ്റുഡന്‍സ് യൂണിയനിലൂടെ 1992ല്‍ രാഷ്ട്രീയ പ്രവേശം. തുടര്‍ന്ന് 20 വര്‍ഷത്തോളം അസം ഗണപരിഷത്തിന്റെ നേതൃസ്ഥാനത്ത്. എജിപിയുടെ എംഎല്‍എയായി 2001ലും, എംപിയായി 2004ലും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിനേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 2011ല്‍ എജിപി വിട്ടു. ബംഗ്ലാദേശി മുസ്ലിം അധിനിവേശത്തെ തടയാന്‍ നടപ്പാക്കിയ ഐഎംഡിടി നിയമത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം കൂട്ടുകൂടാനുള്ള എജിപിയുടെ നിലപാടാണ് സോനോവാളിനെ ചൊടിപ്പിച്ചത്. ബംഗ്ലാദേശ് മുസ്ലിങ്ങള്‍ അനിയന്ത്രിതമായി ചേക്കേറുമ്പോള്‍ സ്വത്വവും തനിമയും നഷ്ടപ്പെടുന്നത് അസമിലെ ഹിന്ദു സമൂഹത്തിനു മാത്രമല്ല അസമില്‍ ജനിച്ചു വളര്‍ന്ന മുസ്ലിങ്ങള്‍ക്കു കൂടിയാണെന്ന് സോനോവാള്‍ വാദിച്ചു. എജിപി വിട്ട അതേവര്‍ഷം തന്നെ നിതിന്‍ ഗഡ്ഗരി, വരുണ്‍ ഗാന്ധി, ബിജോയ് ചക്രവര്‍ത്തി ആസാം ബിജെപി അധ്യക്ഷന്‍ രണ്‍ജിത്ത് ദത്ത തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു സോനോവാളിന്റെ ബിജെപിയിലേക്കുള്ള രംഗപ്രവേശം. വൈകാതെ പാര്‍ട്ടിയുടെ ദേശീയ നേതൃ നിരയിലേക്കുമെത്തി. ഒരു വര്‍ഷത്തിനകം ബിജെപി ആസാം ഘടകത്തിന്റെ അധ്യക്ഷനായി. അത് പാര്‍ട്ടിക്കും ബിജെപിക്കും ഒരുപോലെ ഗുണം ചെയ്തു. ആകെ ജനസംഖ്യയില്‍ പകുതിയോളം വരുന്ന മിഷിങ്ങ് ഗോത്രവര്‍ഗക്കാരാണ് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയായത്. എജിപിക്കും കോണ്‍ഗ്രസിനും മാത്രം വോട്ടു ചെയ്തു ശീലിച്ച മജൗലിക്കാര്‍ക്കു മുന്നില്‍ ഇത്തവണ സോനൊവാള്‍ മത്രമേ ഉണ്ടായിരുന്നുള്ളു. ജോര്‍ഹട്ടിലേക്ക് പാലം വാഗ്ദാനം ചെയ്താണ് സോനോവാളിന്റെ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി മടങ്ങിയത്. കോണ്‍ഗ്രസ് 2011 ല്‍ 78 സീറ്റ് നേടിയാണ് മൂന്നാം വട്ടവും ഭരണത്തിലേറിയത്. ഇത്തവണ മോദിയ്ക്കും ബിജെപിയ്ക്കുമെതിരേ പാടിനടന്ന് മുസ്ലിം ജനതയ്ക്കിടയില്‍ അരക്ഷിതാവസ്ഥാ ഭയം ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം ദയനീയ പരാജയം. കേന്ദ്രഭരണവും മോദി പ്രഭാവവും മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ ദുര്‍ഭരണവും അതിന് ആക്കംകൂട്ടി. പഴയ കാമരൂപ് കാത്തിരിക്കുകയാണ് അഹോം രാജഭരണത്തിന്റെ സുവര്‍ണ കാലം സോനോവാള്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയോടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.