കോണ്‍ഗ്രസിന് ആശ്വാസമായി പുതുച്ചേരി

Thursday 19 May 2016 9:08 pm IST

പുതുച്ചേരി: കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നിലം തൊടാതിരുന്നപ്പോള്‍ ആകെ ആശ്വാസം കണ്ടത് പുതുച്ചേരിയില്‍ മാത്രം. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ 30 മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 15 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. കനത്ത മത്സരം കാഴ്ച്ചവച്ച എഐഎന്‍ആര്‍സി ക്ക് എട്ട് സീറ്റുകള്‍ ലഭിച്ചു. പാര്‍ട്ടിയുടെ സ്ഥാപകനും മുന്‍മുഖ്യമന്ത്രിയുമായ എന്‍. രംഗസ്വാമി അടക്കമുള്ള നേതാക്കളാണ് കടുത്ത മത്സരം നേരിട്ടത്. കോണ്‍ഗ്രസ് 21 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. മുന്‍ മന്ത്രിമാരായ പി. രാജവേലു, എന്‍. ജി. പനീര്‍ശെല്‍വം, സ്പീക്കര്‍ വി. സഭാപതി എന്നിവര്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് 15, എഐഎന്‍ആര്‍സി എട്ട്, എഐഎഡിഎംകെ നാല്, ഡിഎംകെ രണ്ട്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് വിജയിച്ചത്. ഇതോടെ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന വിശ്വാസത്തിലാണ് പുതുച്ചേരിയിലെ വോട്ടര്‍മാര്‍. കേരളത്തിലുള്ള മണ്ഡലമായ മാഹിയില്‍ കോണ്‍ഗ്രസിന്റെ ഇ. വത്സരാജ് പരാജയപ്പെട്ടു. സ്വതന്ത്രനായി മത്സരിച്ച വി. രാമചന്ദ്രനോടാണ് വത്സരാജ് പരാജയപ്പെട്ടത്. സംസ്ഥാനത്ത് വിജയിച്ച ഏക സ്വതന്ത്രനും രാമചന്ദ്രന്‍ തന്നെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.