ഏഴിടങ്ങളില്‍ രണ്ടാമത്; 21 ലക്ഷം വോട്ട്; ചരിത്രം കുറിച്ച് ബിജെപി

Thursday 19 May 2016 9:19 pm IST

കൊച്ചി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അതിശക്തമായ മുന്നേറ്റമാണ് കൈവരിച്ചത്. സംസ്ഥാനത്തെങ്ങും കടുത്ത ത്രികോണ മല്‍സരം കാഴ്ചവച്ച എന്‍ഡിഎ ഏഴിടങ്ങളില്‍ രണ്ടാമതെത്തി. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങളിലാണ് ബിജെപി രണ്ടാമതെത്തിയത്. വട്ടിയൂര്‍ക്കാവില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കഴക്കൂട്ടത്ത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനും ഇഞ്ചോടിഞ്ഞ് പോരാടിയപ്പോള്‍ പാലക്കാട്ട് ശോഭാ സുരേന്ദ്രനും മലമ്പുഴയില്‍ പാലക്കാട് നഗരസഭാ ഉപാധ്യക്ഷന്‍ കൃഷ്ണകുമാറും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും കാസര്‍കോട്ട് രവീശ തന്ത്രിയും മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. കൊല്ലം ചാത്തന്നൂരില്‍ ബി. ബി. ഗോപകുമാറും മികച്ച പ്രകടനം നടത്തി രണ്ടാമതെത്തി.തിരുവനന്തപുരം സെന്‍ട്രലില്‍ ശ്രീശാന്തും ചെങ്ങന്നൂരില്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയും ഒരു സമയത്ത് ജയിക്കുമെന്ന ധാരണ പോലും ജനിപ്പിക്കുന്ന പോരാട്ടമാണ് നടത്തിയത്. ചെങ്ങന്നൂരില്‍ എല്‍ഡിഎഫും യുഡിഎഫും വോട്ട് കച്ചവടം നടത്തിയെന്ന് കഴിഞ്ഞ ദിവസം ശ്രീധരന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്ന പോരാട്ടമാണ് അവിടെ നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 65156 വോട്ടുകള്‍ നേടിയ പി. സി. വിഷ്ണുനാഥിന് ഇക്കുറി 44,897 വോട്ടുകളാണ് ലഭിച്ചത്. അതായത് കോണ്‍ഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചു. ശ്രീധരന്‍ പിള്ള 42,628 വോട്ടുകളാണ് കരസ്ഥമാക്കിയത്. ശ്രീശാന്ത് മൂന്നാമതാണെങ്കിലും രണ്ടാമതെത്തിയ ആന്റണി രാജുവുമായി വളരെക്കുറച്ച് വോട്ടുകളുടെ വ്യത്യാസമേയുള്ളു. ഇവിടെ ആന്റണി രാജുവിന് 35569 വോട്ടും ശ്രീശാന്തിന് 34764 വോട്ടും ലഭിച്ചു. ജയിച്ച ശിവകുമാറിന് 46474 വോട്ടുകളാണ് ലഭിച്ചത്. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന് 43700 വോട്ടും കെ. മുരളീധരന് 51322 വോട്ടുകളുമാണ് ലഭിച്ചത്. മുരളീധരന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 16167 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചെങ്കില്‍ ഇക്കുറി അത് 7622 വോട്ടു മാത്രമായി. കഴക്കൂട്ടത്ത് സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രന്‍ 50079 വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ വി. മുരളീധരന് 42732 വോട്ട് ലഭിച്ചു. എം. എ. വാഹിദ് 38602 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മലമ്പുഴയില്‍ വിഎസുമായി കൊമ്പുകോര്‍ത്ത ബിജെപിയുടെ കൃഷ്ണകുമാര്‍ 46157 വോട്ടുമായി രണ്ടാമതെത്തി. കോണ്‍ഗ്രസിന്റെ വി. എസ്. ജോയി വളരെ പിന്നിലാണ്. വോട്ട് 35333. ഇവിടെയും കോണ്‍ഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചുവെന്നതിന് വ്യക്തമായ തെളിവാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ലതികാ സുഭാഷ് 54095 വോട്ടുകളാണ് നേടിയത്. പാലക്കാട്ട് ബിജെപിയുടെ ശോഭാ സുരേന്ദ്രന്‍ 40076 വോട്ടുമായി രണ്ടാമതെത്തി. ഇവിടെ വിജയിച്ച കോണ്‍ഗ്രസിലെ ഷാഫി പറമ്പലിന് 57559 വോട്ട് ലഭിച്ചു. സിപിഎമ്മിലെ എന്‍. എന്‍. കൃഷ്ണ ദാസിന് 38675 വോട്ടേ ലഭിച്ചുള്ളൂ. ഇവിടെയും വോട്ട്മറിയ്ക്കലിന്റെ സൂചനയാണ് ലഭിക്കുന്നത്. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ 56781 വോട്ട് നേടി. ലീഗിലെ പി. ബി. അബ്ദുള്‍ റസാക്ക് 56870 വോട്ട് ലഭിച്ചു. വെറും 89 വോട്ടിനാണ് ജയം. ഇവിടെ സിപിഎമ്മിലെ സിഎച്ച് കുഞ്ഞമ്പു 42565 വോട്ടേ നേടിയുള്ളൂ. ഇവിടെയും സിപിഎം പതിവു പോലെ ലീഗിന് വോട്ടുമറിച്ചു. കാസര്‍കോട്ട് ബിജെപിയുടെ രവീശ തന്ത്രി 56120 വോട്ട് നേടി രണ്ടാമതെത്തിയപ്പോള്‍ ലീഗിലെ എന്‍. എ. നെല്ലിക്കുന്നിന് 64727 വോട്ട് ലഭിച്ചു. എല്‍ഡിഎഫിലെ എ. എ. അമീന് 21615 വോട്ടാണ് നേടാനായത്. ചാത്തന്നൂരില്‍ ബിജെപിയിലെ ബിബി ഗോപകുമാറിന് 33199 വോട്ട് നേടി രണ്ടാമതെത്തി. മൊത്തം ബിജെപി 21,08968 (21ലക്ഷം) വോട്ടുകളാണ് നേടിയതെന്നാണ് പ്രാഥമിക കണക്ക്. അതായത് 10.06 ശതമാനം വോട്ട്. സഖ്യകക്ഷിയായ ബിഡിജെഎസ് മൊത്തം 7,85721 വോട്ടാണ് നേടിയത്. 0.4 ശതമാനം വോട്ട്. മിക്കയിടങ്ങളിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയതിന്റെ നാലിരട്ടിവരെ വോട്ട് ഇക്കുറി നേടാനായി. സിപിഎം 51 ലക്ഷത്തിലേറെ വോട്ടും കോണ്‍്രഗസ് 47 ലക്ഷം വോട്ടുകളുമാണ് നേടിയത്. അതേസമയം സിപിഐ (16 ശതമാനം), മുസഌം ലീഗ് ( 14 ലക്ഷം) എന്നീ കക്ഷികള്‍ നേടിയതിനേക്കാള്‍ വോട്ടാണ് ബിജെപി നേടിയത്. തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിലും വന്‍തോതില്‍ വോട്ട് നേടി. നേമത്ത് അറുപത്തിയേഴായിരത്തിലേറെ വോട്ട് നേടി ജയിച്ച ബിജെപി രണ്ടു മണ്ഡലങ്ങളില്‍ നാല്പ്പതിനായിരത്തിലേറെ വോട്ടും അഞ്ചിടങ്ങളില്‍ മുപ്പതിനായിരത്തിലേറെ വോട്ടും നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.