ആര്‍എസ്പി അസ്തമിച്ചു

Thursday 19 May 2016 9:16 pm IST

കൊല്ലം: ഒറ്റ സീറ്റു പോലും നേടാതെയാണ് ആര്‍എസ്പിയുടെ അസ്തമയം. ചവറയില്‍ തുടങ്ങി ചവറയോളം വളര്‍ന്ന ആര്‍എസ്പി ചവറയില്‍ ഒടുങ്ങുകയാണ്. മുങ്ങുന്ന കപ്പലില്‍ നിന്ന് അവസാനനിമിഷം ചാടി ഇടതുമുന്നണിയില്‍ ചേക്കേറിയ കോവൂര്‍ കുഞ്ഞുമോന്റെ എല്ലില്‍ തൂങ്ങിയാണ് ഇനി ആര്‍എസ്പിയുടെ ആയുസ്. ആര്‍എസ്പി നിര്‍ണായകശക്തിയായ ജില്ലയില്‍ നിന്നും ഒറ്റ പ്രതിനിധിയെ പോലും നിയമസഭ കാണിക്കില്ലെന്ന് വെല്ലുവിളിച്ച ഇടതുപക്ഷം അത് നടപ്പാക്കി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ എം. എ. ബേബിയെ പരാജയപ്പെടുത്തിയതിന്റെ കടംവീട്ടലാണ് സിപിഎം നടത്തിയത്. ജില്ലയില്‍ അവര്‍ മത്സരിച്ച ഇരവിപുരം, കുന്നത്തൂര്‍, ചവറ എന്നീ മൂന്നു സീറ്റുകളില്‍ ഇടതുപക്ഷമാണ് വിജയിച്ചത്. ഇരവിപുരത്ത് നേരിട്ട് സിപിഎം മത്സരിച്ച് 28803 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ മറ്റിടങ്ങളില്‍ ഇടതുസ്വതന്ത്രന്മാരെ വിജയിപ്പിച്ച് ചന്ദ്രചൂഡന്റെ പാര്‍ട്ടിയെ നിലംപരിശാക്കുകയായിരുന്നു. കയ്പമംഗലത്തും ആറ്റിങ്ങലിലും മത്സരിച്ചെങ്കിലും അവിടെയും ആര്‍എസ്പിക്ക് പരാജയമായിരുന്നു ഫലം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലും സംസ്ഥാനത്താകെയും പരാജയപ്പെട്ടതോടെ ആര്‍എസ്പിയെ കാത്തിരിക്കുന്നത് രാഷ്ട്രീയദുരന്തമാണ്. തങ്ങളുടെ വരുതിയില്‍ വരാത്തതിനാലും കേന്ദ്രനേതൃത്വത്തിന് താല്‍പര്യം കുറഞ്ഞതിനാലും ഒട്ടും അയവില്ലാതെ പഴയ ഇടതുപക്ഷപാര്‍ട്ടിയെ ഇല്ലാതാക്കാന്‍ സിപിഎം പരിശ്രമം തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമായി. ഇടതുപക്ഷം വിട്ട ആര്‍എസ്പിയെ പിളര്‍ത്തിശക്തി ക്ഷയിപ്പിച്ചാണ് സിപിഎം പണി തുടങ്ങിയത്. കുന്നത്തൂരിലെ ആര്‍എസ്പിയുടെ വിശ്വസ്തനായ കോവൂര്‍ കുഞ്ഞുമോനിലൂടെയാണ് സിപിഎം നേതൃത്വം അവര്‍ക്ക് ശക്തമായ പ്രഹരമേല്‍പ്പിച്ചത്. നിനച്ചിരിക്കാത്ത നേരത്തുള്ള കോവൂരിന്റെ മുന്നണി മാറ്റവും ആര്‍എസ്പി എല്‍ രൂപീകരണവും സ്ഥാനാര്‍ത്ഥിത്വവും ആര്‍എസ്പിക്ക് തിരിച്ചടിയായി. കോവൂരിന്റെ തന്നെ ബന്ധുവായ ഉല്ലാസ് കോവൂരിനെ മത്സരിപ്പിച്ചാണ് ആര്‍എസ്പി കുന്നത്തൂര്‍ പിടിക്കാന്‍ ശ്രമിച്ചത്. മന്ത്രി കൂടിയായ ഷിബുവിനെ ചവറയില്‍ പരാജയപ്പെടുത്തിയത് യുഡിഎഫില്‍ വന്‍ പൊട്ടിത്തെറിക്ക് വരുംനാളുകളില്‍ കാരണമാകും. കൊല്ലം പാര്‍ലമെന്റ് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇടതുമുന്നണി വിടാന്‍ കാരണമെങ്കിലും വഞ്ചകരായി ചിത്രീകരിച്ചാണ് സിപിഎം ആര്‍എസ്പിയെ നേരിട്ടത്. ഇടതുപാരമ്പര്യമുള്ളവരെ പാട്ടിലാക്കി പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തിയെടുക്കാനുള്ള എല്ലാ ശ്രമവും സിപിഎം ജില്ലാ നേതാക്കള്‍ പയറ്റുകയും അത് ഒരുപരിധി വരെ വിജയിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ വി. പി. രാമകൃഷ്ണപിള്ളയുടെ മകള്‍ ജയന്തിയെയും മറ്റും ഇങ്ങനെ സ്വന്തം പാളയത്തില്‍ കൊണ്ടുവരാന്‍ സിപിഎമ്മിനായി. എന്നാല്‍ ഏറ്റവുമൊടുവില്‍ ബംഗാളിലെ സിപിഎമ്മിന്റെ കോണ്‍ഗ്രസ് ബാന്ധവം ചൂണ്ടിക്കാട്ടി ആര്‍എസ്പിയും നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ സജീവമായതോടെ രാഷ്ട്രീയയുദ്ധം തന്നെയാണ് ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചത്. ആര്‍എസ്പി എന്ന പ്രസ്ഥാനത്തിന്റെ ആദിമരൂപം കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. മാത്യുസ് മാഞ്ഞൂരാന്‍ സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് രൂപീകരിച്ച കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്നീട് റവല്യുഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയായി രൂപാന്തരപ്പെടുകയായിരുന്നു. 1940കളില്‍ ആരംഭിച്ച കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ട് തൊഴിലാളികളെയും യുവജനങ്ങളെയും സംഘടിപ്പിക്കുകയും പോരാട്ടസമരങ്ങളില്‍ അണിനിരത്തിയതുമാണ്. കെഎസ്പിയിലെ നേതാക്കളായിരുന്ന എന്‍. ശ്രീകണ്ഠന്‍നായര്‍, ടി. കെ. ദിവാകരന്‍, കെ. ബാലകൃഷ്ണന്‍ തുടങ്ങിയ പല നേതാക്കളും പില്‍ക്കാലത്ത് ആര്‍എസ്പിയുടെ നെടുംതൂണുകളായി മാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.